യോഗ ഡേ....
പുലർച്ചയ്ക്ക് എണീറ്റ് യോഗ ചെയ്യുന്നത് വളരെ നല്ലതാണ്. ശരീരത്തിനു മാത്രമല്ല മനസ്സിനും! ആ നേരത്ത് നല്ല നിശബ്ദതയായിരിക്കും. മനസ്സിനെ ഏകാഗ്രമാക്കി ധ്യാനിക്കാൻ പറ്റിയ സമയം.
പക്ഷെ ചെറുപ്പം മുതലേ ഉറക്കം എന്റെയൊരു ബലഹീനതയാണ്, ഈ വീക്നെസ്സേ വീക്നസ്സ്! പത്താം ക്ലാസ്സിൽ പഠിക്കുമ്പോഴാണ്, സമയം കൃത്യമായി വിനിയോഗിച്ച്, എങ്ങനെയൊക്കെ നന്നായി പഠിക്കാം എന്ന ക്ലാസ്സ് ടീച്ചർമാർ തരുന്നത്. എല്ലാവരും മാറി മാറി പറഞ്ഞൊരു കാര്യം അതിരാവിലെ എണീറ്റ് പഠിക്കാണെങ്കിൽ അത് വളരെ പ്രയോജനപ്രദമായിരിക്കും എന്നാണ്. ആ സമയത്ത് നമ്മുടെ തലച്ചോർ വളരെ ഉണർന്നിരിക്കുന്ന സമയമാണ് എന്നൊക്കെ അവർ അന്ന് പറഞ്ഞു തന്നിരുന്നു. പക്ഷെ അരമണിക്കൂർ ഉറക്കം എന്നത് എനിക്ക് കോടിക്കണക്കിനു ഡോളറിന്റെ മൂല്യമുണ്ടായിരുന്നു(രൂപയുടെ പോലും അല്ല!!). അത് നഷ്ടപ്പെടുകാന്ന് വെച്ചാൽ, ഹോ ഓർക്കാൻ കൂടി വയ്യാ. അത് കൊണ്ട് ഞാൻ അതിരാവിലെ എണീറ്റ് പഠിക്കുന്നത് വേണ്ടാന്ന് വെച്ചു. ശരിക്കും പറഞ്ഞാൽ പഠിക്കുന്നതേ വേണ്ടാന്ന് വെച്ചൂന്ന് പറയുന്നതാവും ശരി. പക്ഷെ മറ്റുള്ളവരെ ബോധിപ്പിക്കാനായി ഒരു പുസ്ത്കം എപ്പോഴും കയ്യിലുണ്ടായിരുന്നു, കൃത്യമായി പറഞ്ഞാൽ കക്ഷത്ത്!!
അങ്ങനെയുഴപ്പിയതു കൊണ്ട് ഗുണമുണ്ടായി എനിക്ക് വല്യ മാർക്കൊന്നും കിട്ടിയില്ല. ടീച്ചർമ്മാർ പറഞ്ഞു തന്നത് ഒരു മണീക്കൂർ പഠിക്കുക അഞ്ച് മിനിറ്റ് വിശ്രമിക്കുക എന്നതാണ്, ഞാൻ അതിനു ചെറിയ മാറ്റമേ വരുത്തിയുള്ളൂ. അത് നിങ്ങൾ ഊഹിച്ചെടുത്ത് പൂരിപ്പിച്ചു കൊള്ളുമല്ലോ??
അപ്പോ പറഞ്ഞു വന്നത് എന്റെ ഉറക്കപ്രാന്തിനെ കുറിച്ചാണ്. എങ്ങനെ എപ്പോ വേണമെങ്കിലും ഏത് സാഹചര്യത്തിലും ഉറങ്ങാനുള്ള കഴിവ് അപാരം തന്നെ. അത് എല്ലാവർക്കും കിട്ടില്ല. അതിനു കുഞ്ഞു കുട്ടികളുടേത് പോലെ മനസ്സിനു നിഷ്കളങ്കതയും നൈർമ്മല്യവും വേണം. ശീലിച്ചാൽ നിങ്ങൾക്കും സാധിക്കും.
അങ്ങനെ ഉറക്കപ്രാന്തുള്ള ഞാനാണ് അതിരാവിലെ എണീറ്റ് യോഗ ചെയ്യാൻ തീരുമാനിക്കുന്നത്. അപ്പോ യോഗയോടുള്ള എന്റെ അർപ്പണമനോഭാവം നിങ്ങൾ മനസ്സിലാക്കുകയും ഉൾകൊള്ളുകയും വേണമെന്ന് അഭ്യർത്ഥിക്കുന്നു.
യോഗ എങ്ങനെ ചെയ്യാം എന്നതിനുള്ള എന്റെ കുറച്ച് ടിപ്സ് നിങ്ങളുമായി പങ്ക് വെക്കാനാഗ്രഹിക്കുന്നു.
തലേന്ന് രാത്രി തന്നെ നമ്മൾ അലാം സെറ്റ് ചെയ്ത് വെക്കണം. അലാം അടിക്കുമ്പോൾ കൈയെത്തിച്ച് എടുത്ത് അത് ഓഫാക്കണം, ഇത് ചെയ്യുമ്പോൾ ഫോൺ നിലത്ത് വീഴാതെ ശ്രദ്ധിക്കണം. ഒന്ന് നിലത്ത് വീണാൽ തീരാവുന്ന ആയൂസ്സേ മിക്ക ഫോണുകൾക്കും ഇപ്പോഴുള്ളൂ. അതിനു ശേഷം നമ്മുടെ കാലിനു താഴെയായി ചുരുണ്ട് പാമ്പിനെ പോലെ കിടക്കുന്ന പുതപ്പ് കാലു കൊണ്ട് തന്നെ തപ്പി മുകളിലേക്കുയർത്തി കഴുത്തിനടിയിൽ കൊണ്ടു വരുക. ഈ സമയം കൈകൾ രണ്ടും പുതപ്പിനുള്ളിലേക്കു നീക്കി വയ്ക്കണം. കാരണം എന്തൊക്കെ ചെയ്താലും ആരു കാണാതെ ഒളിച്ചിരിക്കുന്ന കൊതുകുകൾ പുതപ്പിനു പുറത്ത് കാണുന്ന നമ്മുടെ കൈകളിൽ കുത്താൻ സാധ്യതയുണ്ട്. ഇനി ശ്വാസം അകത്തേക്ക് വലിച്ചെടുക്കുക, ഈ തണുപ്പത്ത് യോഗ ചെയ്യുന്നതിന്റെ ആത്മനിർവൃതിയിൽ ശ്വാസം മെല്ലെ പുറത്തേക്ക് വിടുക. ഇതിനു ശേഷം നിങ്ങൾക്ക് സൗകര്യപ്രദമായ വശങ്ങളിലേക്ക് തിരിഞ്ഞു കിടന്ന് കണ്ണടച്ച് ധ്യാനിക്കുക. ഇതിനു ശവാസനം എന്നു പറയാവുന്നതാണ്. 'എസ്' ഷേപ്പിലാണ് നിങ്ങൾ കിടക്കുന്നതെങ്കിൽ ഇതിനു 'എസ്' ശവാസനം എന്ന് പറയും. ഈ ആസനം ചെയ്യുമ്പോൾ മൂക്കിൽ കൂടിയോ വായിൽ കൂടിയോ വരുന്ന ശബ്ദത്തെ തികച്ചും തൃണവൽഗണിക്കാവുന്നതാണ്. കട്ടിലിൽ കൂടെ കിടക്കുന്ന ആൾ നിങ്ങളുടെ ഈ ശവാസനത്തിനു ഭംഗം വരുത്തുന്ന രീതിയിൽ കാലോ കയ്യോ എടുത്തിടുകയാണെങ്കിൽ സ്വന്തം കാലുപയോഗിച്ച് അവരെ പതുക്കെ നീക്കം ചെയാവുന്നതാണ്.
ഞാൻ എപ്പോഴും മതേതര യോഗയാണ് ചെയ്യാറ്, കാരണം ഞാൻ കീർത്തനങ്ങളൊന്നും പാടാറില്ല. ദിവസവും എന്നെപ്പോലെ നിങ്ങളും ഇത് ചെയ്യണമെന്നു താൽപര്യപ്പെടുന്നു. ഇനി എന്നെക്കാൾ മുൻപ് നിങ്ങൾ ഇത് ചെയ്ത് തുടങ്ങിയിട്ടുണ്ടെങ്കിൽ നിങ്ങൾക്ക് എന്റെ 'നമോ'വാകം!!!
Comments
Post a Comment