സ്ത്രീജന്മം പുണ്യജന്മം!!
വൈകുന്നേരം ഓഫീസ് വിട്ട് ഓട്ടോ വിളിക്കാൻ തുടങ്ങിയപ്പോഴാണ് ഓർത്തത് മാർക്കറ്റിൽ പോയി ചീര വാങ്ങണമെന്ന് രാവിലെ തന്നെ വിചാരിച്ചിരുന്നു. കുറച്ച് ദൂരമേയുള്ളൂവെങ്കിലും ഓട്ടോചേട്ടന്മാർ മീറ്ററിൽ കാണിക്കുന്നതും അതിന്റെ പകുതിയും എന്ന് പറഞ്ഞ് എന്നെ മുറിക്കുന്നത് സഹിക്കാൻ വയ്യ . ഞാൻ മെല്ലെ നടക്കാൻ തുടങ്ങി. ഉച്ചയൂണു കഴിച്ചിരുന്നത് കൊണ്ട് ബാഗ് കാലിയായിരുന്നു. ഒരുപക്ഷെ ഒരു പെണ്ണിനെ പോലെ നടക്കാത്തത് കൊണ്ടാവും എല്ലാവരും എന്നെ തുറിച്ച് നോക്കുന്നത്. ഓഫീസിലെ 'പ്രകാശരാജ്' എന്ന് എല്ലാവരും കളിയാക്കി വിളിക്കുന്ന പ്രകാശൻ പറയണ പോലെ - എന്റെ ലച്ചു കുട്ടി, നീയാ തലയൊക്കെ ഒന്ന് കുനിച്ച് അന്നനടയൊക്കെ നടന്ന്,വാ , എന്നാലേ കാര്യങ്ങൾക്കൊക്കെ ഒരു ഉഷാറുള്ളൂ .... ഇതിപ്പോ വനിതാപോലീസ് ഇടിക്കാൻ വരണപോലെ.... ഛെ , മോശം !! കേട്ട് ചിരിക്കുന്നവരിൽ എല്ലാ ലലനാമണികളും ഉൾപ്പെടും. വായിലെ നാവിന്റെ ബലം അയാളുടെ നട്ടെല്ലിനില്ലാ എന്നറിയാവുന്നതു കൊണ്ട് ആ ക്ഷുദ്രജീവിയെ ഞാൻ വിലക്കെടുക്കാറില്ല. ഒരുപക്ഷെ അയാൾ പറയണപോലെ എനിക്ക് നടക്കാൻ അറിയില്ലായിരിക്കാം. ഓഫീസിലെ ചിന്തകൾ മുറിച്ച്കൊണ്ടാണ് അവൾ എന്റെ മുന്നില് വന്ന് വീണത്. ഉടനെ തന്നെ എണീറ്റ് എന്...