വേനലും മഴയും!
സുഖവും ദുഖ:വും പോലെ, സന്തോഷവും സങ്കടവും പോലെ; കയറ്റവും ഇറക്കവും പോലെ, വേനലും മഴയും! ചുട്ടുപ്പോള്ളുന്നവളുടെ ദുരവസ്ഥ കണ്ടിട്ടോ, അവളെ ആശ്രയിക്കുന്നവരുടെ വ്യഥകൾ ഉൾക്കൊണ്ടിട്ടോ? ആകാശം തുറക്കപ്പെട്ടതും, മേഘങ്ങൾ കറുത്തുരുണ്ടതും തമ്മിലുരസി തപ്പ് കൊട്ടിയതും വെള്ളരിപ്പല്ലുകൾ കാട്ടിചിരിച്ചതും കുലുങ്ങിചിരിച്ച് കൈവളകിലുക്കി ആ സുന്ദരി പെയ്ത് വീണതീ ധരയുടെ മാറിലേക്ക്.. വിണ്ടുകീറിയ ശരീരവുമായീയൊരമ്മയും അവളെയാശ്രയിച്ചൊരാവാസവ്യവസ്ഥയും! കാൽകവചങ്ങളും ശീലക്കുടകളും തണ്ണീർപ്പന്തലുകളും ചർമ്മലേപനങ്ങളുമായി ഇരുകാലികൾ സ്വയസംരക്ഷണമേറ്റെടുത്തപ്പോൾ നാൽക്കാലികളും ഉരഗങ്ങളും പറവകളും എങ്ങനെ നിലനിൽക്കുമെന്നറിയാതെ! പാവങ്ങൾ അവർക്കായാണ് ഈ മഴത്തുള്ളികൾ പൃഥിയിലേക്ക് അവതരിച്ചിറങ്ങിയതെന്ന് തോന്നാൻ കാരണമുണ്ട്, എന്റെ മുറ്റത്തിന്ന് പെയ്ത മഴയിൽ ആർത്തുല്ലസിച്ചത് എന്റെ വീട്ടിലെ നാൽകാലിയാണ്.