പുല്ല് പോലത്തെ ചിന്തകൾ അഥവാ ചിന്തയിലെ പുല്ലുകൾ!!
പുല്ല് പോലത്തെ ചിന്തകൾ അഥവാ ചിന്തയിലെ പുല്ലുകൾ!! മഴ നന്നായി തകർത്ത് പെയ്യുന്നുണ്ട്, ആകാശമാകെ കറുത്തിരുണ്ട്, വെളിച്ചതിന്റെ ഒരു കണിക പോലും ഭൂമിയിലേക്കിറങ്ങാതെ പേമാരി പോലെ പെയ്യുന്നു. വീടിനുള്ളിലാകെ ഇരുട്ടാണ്. മുറികൾക്കെല്ലാം ഒരു മരവിപ്പാണ്, തണുത്തുറഞ്ഞ മൃതദേഹങ്ങളുടേത് പോലെ. അതൊരു സുഖകരമായ അനുഭൂതിയാണ്, ഈ തണുപ്പിനു ജീവനുണ്ടായിരുന്നെങ്കിൽ എനിക്കൊന്ന് കെട്ടിപ്പിടിക്കാമായിരുന്നു, ആശ്ലേഷിച്ച് നെഞ്ചോട് ചേർക്കാമായിരുന്നു. രാവിലെ കൂട് വിട്ട് പോകുന്ന കിളികൾ വൈകുന്നേരം തിരിച്ച് ചേക്കേറുന്നത് വരെ ഏകാന്തത കൂട്ടിനുള്ള ദിവസങ്ങൾ! എനിക്കവ വളരെ പ്രിയപ്പെട്ടതാണ്, എനിക്ക് ഞാൻ മാത്രമുള്ള നിമിഷങ്ങൾ. ഒരിക്കൽ പോലും ആ സമയത്ത് ആരെങ്കിലും കൂടെയുണ്ടായിരുന്നെങ്കിൽ എന്ന് തോന്നാത്തത് എന്തു കൊണ്ടാവും എന്ന് ചിന്തിച്ച് പോവാറുണ്ട്. ഞാനും എന്റെ ചിന്തകളും, ചിലപ്പോ ഞാൻ ചിന്തിക്കുന്നതൊക്കെ എവിടെയെങ്കിലും എഴുതി വയ്ക്കാൻ കഴിഞ്ഞിരുന്നെങ്കിലെന്ന്! പിന്നീട് എനിക്ക് വീണ്ടും വായിക്കാനായിട്ട്, വായിക്കുമ്പോൾ എന്റെ മണ്ടത്തരങ്ങളോർത്ത് പൊട്ടിചിരിക്കാൻ. പക്ഷെ, അങ്ങിനെയൊക്കെ ചെയ്യുമ്പോൾ എന്റെ ഏകത്വത്തിനു ഭംഗം വന്നു പ...