ടൈൽസ് പണിയത്ര മോശം പണിയൊന്നുമല്ല
സാധാരണ ഞായറാഴ്ച വേഗം കിടക്കും.അങ്ങനെ കിടക്കാനുള്ള തയ്യാറെടുപ്പുകൾക്കിടയിലാണ് ബെല്ലയുടെ കുരക്കലിന്റെ സംഗീതാത്മകതക്ക് നേരിയ വ്യത്യാസമില്ലേന്ന് നോനക്ക് ഒരു സംശയം. "മമ്മ്യേ ഇത് പെശകാട്ടാ, വാ നോക്കാം, മിക്കവാറും പാംമ്പാവും". ഞാനും അവളും പിൻവശത്തെ ഗ്രിൽ തുറന്ന് പുറത്തിറങ്ങി. കയ്യിൽ ടോർച്ചുണ്ടെങ്കിലും വേറെ ലൈറ്റുകളുണ്ടെങ്കിലും ഒന്നും കാണാൻ കഴിയുന്നില്ല. മതിലിനോട് ചേർന്നുള്ള വാഴകൂട്ടത്തിനരികിൽ ബെല്ലയുടെ വാൽ ശക്തമായി വിറക്കുന്നത് മാത്രം കാണാം. ഞാൻ അവളുടെ അടുത്തേക്ക് പോകാൻ തുടങ്ങിയപ്പോഴേക്കും നോന തടഞ്ഞു - " മമ്മ്യേ വേണ്ടാട്ടാ, വല്ല മൂർഖാനാവും, അന്ന് വന്നില്ലേ, അതിന്റെ മമ്മിയാവും, പ്രതികാരം ചെയാൻ വന്നതാവും". " നീ പോയി ഡാഡീനെ വിളിച്ചിട്ട് വാ". അവൾ എന്നെ സംശയത്തോടെ നോക്കീട്ട് അകത്തേക്ക് പോയി. ബെല്ല ഒരു മാതിരി തെറി പറയുന്നത് പോലെയാണ് കുരക്കുന്നത്, തെറി ഏത് ഭാഷയിലാണെങ്കിലും എനിക്ക് മനസ്സിലാവും. "എന്റെ വീട്ടിൽ വരാൻ നിന്നോട് ആരാ പറഞ്ഞേ, നീ തീർന്നേടാ തീർന്ന് , %$£%€£$, %$£€$£%, $£€%$£€% ". മോമി വന്നു, ബെല്ലാന്ന് വിളിച്ച് അങ്ങോട്...