The Great Father

സിനിമ തുടങ്ങി, കുറച്ച്‌ കഴിഞ്ഞാണ്‌ ഗംഭീരമായുള്ള നായകന്റെ എന്റ്രി - അത്‌ കണ്ടപ്പോൾ നോന കയ്യടിച്ചു. 
കണ്ണൻ തൊട്ടപ്പുറത്തിരിക്കുന്ന സ്വന്തം അപ്പനെ കണ്ടാ കണ്ടാ എന്നുള്ള ഭാവത്തിൽ നോക്കി. 
"മേയ്ക്കപ്പാടാ, ഇതൊന്നുമത്ര വല്യ കാര്യോന്നല്ല, ഹൂം!
"ഉവ്വുവ്വേ "
ഉടനേ ഞാൻ പറഞ്ഞു - "എന്താടാ എന്റെ കെട്ടിയോനൊരു കുറവ്‌, നല്ല ഗ്ലാമറുണ്ടല്ലോ!
അതായത്‌ ഐഹീകവും സാർവ്വത്രീകവും ശ്ലൈഹീകവുമായ ഉടമ്പടിപ്രകാരം ഭർത്താവിനെ വിമർശിക്കാനുള്ള അവകാശം ഭാര്യക്ക്‌ മാത്രമേയുള്ളൂ, അത്‌ ഭംഗിയായി നിർവഹിക്കുന്ന ഒരു ഭാര്യ കൂടെയുള്ളപ്പോൾ വേറെ ആളുകളുടെ ആവശ്യം ഇല്ലാലോ?
അപ്പോൾ സിനിമയേ കുറിച്ച്‌ പറയാണെങ്കിൽ, അധികമൊന്നും പറയാനില്ല, എന്നതാണ്‌ ‌ വാസ്തവം. 
കുട്ടികളോടുള്ള ലൈംഗീകവൈകൃതങ്ങൾ രതിമൂർച്ഛക്കും ആത്മസംതൃപ്തിക്കും വേണ്ടി ശീലമാക്കിയ ഒരാൾ, അയാൾക്ക്‌ പിന്നാലേ അലയുന്ന പോലീസ്‌, ഒരു സീരിയൽ കില്ലറിനെ കണ്ട്‌ പിടിക്കാൻ കഴിയാതെ ഇരുട്ടിൽ തപ്പുന്ന അന്വേഷണം ഇഴഞ്ഞു നീങ്ങുന്നതിനിടക്കാണ്‌ സ്വന്തം മകളും ഇയാൾക്ക്‌ ഇരയായി തീർന്നിരിക്കുന്നു എന്ന് നായകൻ മനസ്സിലാക്കുന്നത്‌. പിന്നീട്‌ ഇയാളെ വേട്ടയാടുന്നത്‌ ഈ നായകനാണ്‌. 
"ശരീരത്തിനു അർബുദം ബാധിച്ചാൽ അത്‌ അറുത്ത്‌ മാറ്റണം, സമൂഹത്തിനു ബാധിച്ചാലും അത്‌ തന്നെ ചെയ്യണം". 
നിയമം കയ്യിലെടുക്കുന്നതായി തോന്നാം ചിലർക്കെങ്കിലും, പക്ഷെ ജുഡീഷ്യറിയിലുള്ള എല്ലാം വിശ്വാസവും നിലനിർത്തികൊണ്ട്‌ ചോദിക്കട്ടെ - ശരിക്കും ലൈംഗീകാക്രമണ കേസുകളിൽ ഇരകളായവർക്ക്‌ നീതി ലഭിക്കുന്നുണ്ടോ? നിയമങ്ങൾക്ക്‌ ഒരുപാട്‌ ലൂപ്‌ ഹോൾസും അത്‌ കണ്ട്‌ പിടിച്ച്‌ പ്രതിയെ രക്ഷിക്കാൻ നൂലിൽ കെട്ടിയിറക്കുന്ന രക്ഷകരും ഉള്ളപ്പോൾ എവിടെയാണ്‌ നീതിനിർവ്വഹണം നടക്കുന്നത്‌?
"എന്റെ മകൾക്ക്‌ വേണ്ടി ആരും മെഴുകുതിരി കത്തിക്കണ്ടാ" എന്നൊരച്ഛൻ പറയുന്നത്‌ അത്‌ കൊണ്ടാണ്‌. 
ഇപ്പോൾ നമ്മുടെ സമൂഹത്തിൽ നടന്നതും നടന്നുകൊണ്ടിരിക്കുന്നതുമായ വസ്തുതകളെ പറ്റി ചിന്തിക്കുമ്പോൾ ആ വാക്കുകളോട്‌ ഞാനും യോജിക്കുന്നു.
"നിങ്ങൾക്കൊക്കെ ഒരു ധാരണയുണ്ട്‌, പൊക്കിളിനും മുട്ടിനുമിടയിൽ നഷ്ടപ്പെടാനെന്തോ കൊണ്ട്‌ നടക്കുന്ന ഒരു ജീവിയാണ്‌ സ്ത്രീ എന്ന് " - എനിക്ക്‌ ഏറ്റവും ഇഷ്ടപ്പെട്ടത്‌ ഈ ഡയലോഗ്ഗാണ്‌. 
മാനഭംഗം എന്ന വാക്കിനോട്‌ എനിക്കൊരിക്കലും യോജിക്കാൻ കഴിയാറില്ല, കാരണം അവൾക്ക്‌ നഷ്ടപ്പെടുന്നത്‌ മാനമല്ല, മറിച്ച്‌ ഈ ലോകത്തിലെല്ലാവരും നല്ലവരാണ്‌ എന്ന വിശ്വാസമാണ്‌, എല്ലാം നിന്റെ മാത്രം തെറ്റാണ്‌ എന്ന് പറഞ്ഞ്‌ കുറ്റപ്പെടുത്തുമ്പോൾ നഷ്ടപ്പെടുന്നത്‌ ആത്മവിശ്വാസവും സ്വപ്നങ്ങളുമാണ്‌. പുരുഷന്റെ മാനം എവിടെയാണോ അവിടെ തന്നെയാണ്‌ സ്ത്രീയുടേയും നിലനിൽക്കുന്നത്‌, അല്ലാതെ അവളുടെ ലിംഗത്തിലല്ല. 
ഇനി സിനിമയെ പറ്റി പറയാനാണെങ്കിൽ, ഒരു നല്ല കഥാതന്തു ആയിരുന്നെങ്കിലും നല്ലൊരു സ്ക്രിപ്റ്റിന്റെ അഭാവം അനുഭവപ്പെട്ടു. ത്രില്ലർ ശ്രേണിയിലേക്ക്‌ ചേർക്കാൻ മാത്രമുള്ള ത്രില്ലിംഗ്‌ പ്രകടനങ്ങളൊന്നും തന്നെയില്ല. വില്ലൻ ആരെന്നറിയാനുള്ള ചെറിയൊരു ജിജ്ഞാസ മാത്രമേ എനിക്ക്‌ തോന്നിയുള്ളൂ.
സിനിമ കഴിഞ്ഞപ്പോ നോന ചോദിച്ചു - "മമ്മിക്കിഷ്ടായാ?
"ഊം, കൊഴപല്യാ, കുഞ്ഞൂനോ?
" എനിക്ക്‌ ശരിക്കും ഇഷ്ടായി".
സിനിമയ്ക്ക്‌ ശേഷമുള്ള കാപ്പികുടിക്കിടയിൽ
കണ്ണൻ - "അതേയ്‌ ഡാഡ്യേ എനിക്കേ ഒരു ലൂയി വിട്ടോൺന്റെ ജാക്കറ്റും ഒരു ബെൽറ്റും വേണട്ടാ"
നോന - "അപ്പോ ചേട്ടന്‌ ഗണ്ണ്‌ വേണ്ടേ, അതോണ്ട്‌ കഥ പറയാൻ?
ഡാഡി - "അർമാനീടെ ജീൻസും കൂടി ആയാലോ, ഒരെണ്ണം മതിയോ അതോ രണ്ടെണ്ണം വേണോ, മ്മക്ക്‌ വേടീക്കാടാ, ഡേവിഡ്‌ മാത്രല്ലാ, ഞാനും ഒരു ഗ്രേറ്റ്‌ ഫാദറാ"
ഞാൻ - "അങ്ങനെയാണെങ്കിൽ എനിക്കൊരു ജിമ്മി ചൂന്റെ ഷൂസും ഡിയ്യോറിന്റെ ബാഗും ടാഗ്‌ ഹൊയറിന്റെ വാച്ചും വേണം"
നോന - "അതിന്‌ ഗ്രേറ്റ്‌ ഫാദറല്ലേ അല്ലാണ്ട്‌ ഗ്രേറ്റ്‌ ഹസ്ബന്റ്‌ എന്നല്ലാലോ സിനിമേടെ പേര്‌, അങ്ങനത്തെ സിനിമ ഇറങ്ങട്ടെട്ടാ, അപ്പോ ആലോചിക്ക്യാട്ടാ, ല്ലേ ഡാഡ്യേ?
ദൈവമേ അങ്ങനെയൊരു സിനിമ വേഗം ഇറങ്ങണേ.

Comments

Popular posts from this blog

മോഹമഞ്ഞ

ഗില്ലറ്റിൻ

തിരുനെല്ലി, വയനാട്