"റ്റാറ്റേടെ സഫർ"

യാത്രകൾ തയ്യാറെടുപ്പുകളില്ലാതെയാവണം, പെട്ടെന്ന് തീരുമാനിക്കണം, പുറപ്പെടണം. ഞങ്ങളുടേത്‌ മിക്കവാറും അങ്ങനെയാവാറുണ്ട്‌. 
എങ്ങോട്ടെങ്കിലും പോയ്യാലോന്നുള്ള ചോദ്യം മാസങ്ങൾക്ക്‌ മുന്നേ തുടങ്ങും. 
"ദേ നോക്ക്യേ കുറേ മുടക്കല്ലെ വരണേ മ്മക്ക്‌ എങ്ക്‌ടെങ്കിലും പോയ്യാലോ? 
ഒന്നുകിൽ പൂവാന്നോ അല്ലെങ്കിൽ പൂവാൻ പറ്റാത്തതിന്റെ കാരണങ്ങളോ നിരത്തുന്നു. ആതങ്ങനെ കഴിയുന്നു. 
മുടക്ക്‌ ദിവസത്തിന്റെ തലേന്ന് വരെ ഇതെല്ലാം അങ്ങനെ തന്നെ തുടരുന്നു. 
പിന്നെ എല്ലാം ശടപടേന്നായിരുന്നു.
വണ്ടിയിൽ കയറിയാൽ പിന്നെ മിണ്ടാതിരിക്കാൻ പാടില്ല, ഡ്രൈവറും മുതലാളിമാരും എന്ന രീതി പാടില്യാന്നർത്ഥം. 
സ്വന്തായി ഉണ്ടാക്കിയതും കാലാകാലങ്ങളായി തുടരുന്നതുമായ പലതരം കളികളുടെ ഘോഷയാത്രയാണ്‌ യാത്രയിലുടനീളം. 
അന്താക്ഷരി തൊട്ട്‌ സിനിമാപേരു പറഞ്ഞുകളിക്കുന്നത്‌ പോലെയുള്ള സാധാരണകളികൾ തൊട്ട്‌ അശ്വമേധം വരേയുള്ള കളികൾ ഉണ്ടാവും നേരമ്പോക്കിന്‌. 
ഞങ്ങൾ കണ്ട് പിടിച്ച കളീന്ന് പറയുമ്പോൾ ഉദാഹരണമായി പറയാന്ന് വെച്ചാൽ ഞങ്ങൾ പത്ത്‌ മുതൽ നൂറുവരെയുള്ള ഏതെങ്കിലും രണ്ട്‌ അക്കങ്ങളുള്ള സംഖ്യകൾ പറയുന്നു, നമ്മുടെ മുന്നിൽ പോകുന്നതോ എതിരെ വരുന്നതോ ആയ വണ്ടിയുടെ നമ്പർ പ്ലേറ്റിൽ ആ സംഖ്യയുണ്ടെങ്കിൽ ഒരു പോയിന്റ്‌. ഈ കളിയുടെ വേറെയൊരു വേർഷനാണ്‌ 'ലോഹം' സിനിമയിൽ "സേ" ന്നു പറഞ്ഞു സിദ്ദിഖും ബാബുവും കളിക്കുന്നത്‌. 
പക്ഷേ ദൂരം കൂടുതലുള്ള യാത്രകളിൽ ഈ കളികൾ മതിയാകാതെ വരും, അല്ലെങ്കിൽ വേഗം മടുക്കും. അപ്പോ പുതിയ കളികൾ കണ്ട്‌ പിടിക്കേണ്ട ജോലിയുമുണ്ട്‌ യാത്രികർക്ക്‌.
അപ്പോഴാണ്‌ കണ്ണൻ പറഞ്ഞതു - "അതേയ് കാറോൾടെ പേരു പറഞ്ഞ്‌ കളിച്ചാലോ, ഓരോരുത്തരായി കാറുകളുടെ പേരു പറയ്യാ, കിട്ടാണ്ടാവണാള്‌ ഔട്ട്‌"
"ഊം ബെസ്റ്റ്‌, ആകെ നാലുമൂന്ന് കാറോൾടെ പേരറിയണ ഞാനാദ്യം ഔട്ടാവും, ഞാനൊന്നൂല്യാ കളിക്കാൻ!
സത്യം പറഞ്ഞാ, നമ്മുടെ കയ്യിലുള്ള കാറുകളെന്നെ അകലേന്ന് വരണ കണ്ടാ എനിക്കറിയില്ല. 
ഇവർ അപ്പനും മോനും അങ്ങനെയല്ല. ആറുവരി പാതയിലായാലും എട്ടുവരിയിലായാലും എതിരെ പോകുന്ന വണ്ടിയുടെ ഫ്രണ്ടിലെ ഗ്രില്ലിൽ ഉള്ള ഡിസൈനിൽ മൂന്ന് വരയുണ്ട്‌ അത്‌ ഇന്ന മോഡലാണ്‌, അതിന്റെ ടയർ കണ്ടാ, ഓൺ റോഡ്‌ ഇത്രേണ്ടാവും. 
ദൈവമേ ഞാൻ ആ കാർ തന്നെ കണ്ടില്യാ. അപ്പഴാ ഇവരതിന്റെ ജാതകോം തലക്കുറീം ആ കാർ കമ്പനീടെ മുതലാളീടെ ജാതകോം പറയണേ, ദുഷ്ടന്മാര്‌!!
ഹൂം ഇവർ വല്യ സംഭവാന്ന് ഇവർക്ക്‌ ഒരു ധാരണയിണ്ട്‌, അത്‌ എങ്ങനെയാ ഒന്ന് തിരുത്താന്ന് ആലോചിച്ച്‌ ചിലപ്പോ എനിക്കൊറക്കം തന്നെ വരാറില്ല്യാ. 
അങ്ങനെയിരിക്കെ എനിക്കൊരു അവസരം കൈവന്നൂന്ന് പറഞ്ഞാ മതീലോ. കാർ പാർക്ക്‌ ചെയ്ത്‌ അപ്പനും മോനും വെള്ളം വാങ്ങാൻ പോയപ്പോഴാണ്‌ ഞങ്ങളുടെ കാറിനു മുന്നിൽ വേറൊരു കാർ പാർക്ക്‌ ചെയ്തത്‌. 
"ഹൊ! ഇത്‌ തന്നെ തക്കം, ഇന്ന് ഈ കാറുമ്മേ ഞാനൊരു പള്ളി പണിയും, കംപ്ലീറ്റ്‌ കാര്യങ്ങൾ ബൈഹാർട്ട്‌ ചെയ്യണം, അപ്പനും മോനും ഒന്ന് ഞെട്ടട്ടേ" ഞാൻ പരീക്ഷക്ക്‌ പോലും ഇത്ര ശ്രദ്ധയോടു കൂടി പഠിച്ചിട്ടില്യാ (പഠിച്ചിരുന്നെങ്കിൽ ഞാൻ ആരായേനേ?)😬😬
കുറച്ച്‌ കഴിഞ്ഞപ്പോൾ വെള്ളവും തൽക്കാല വിശപ്പുശമനത്തിനുള്ള സാധനങ്ങളുമായി അപ്പനും മോനും വണ്ടിയിൽ കേറി. സീറ്റ്‌ ബെൽറ്റിടുന്നതിനു മുൻപ്‌ ഞാൻ ചാടിക്കേറി പറഞ്ഞു ( എന്റെ എക്സൈറ്റ്‌മന്റ്‌ നിങ്ങൾ മനസ്സിലാക്കണം സൂർത്തുക്കളെ, പ്ലീസ്‌)
"ഡാ കണ്ണാ, നീയാ പുതിയ മോഡൽ കാർ കണ്ടാ, എസ്‌ യു വി യാ, റ്റാറ്റേട്യാ "സഫർ", അടിപ്പൊളി അല്ലേ?
അപ്പനും മോനും മുഖത്തോടുമുഖം നോക്കുന്നു, വീണ്ടും ആ വണ്ടിയെ നോക്കുന്നു, പരസ്പരം നോക്കുന്നു, പിന്നെ രണ്ടാളും ആർത്തട്ടഹസിച്ച്‌ ചിരിക്കാൻ തുടങ്ങി. ചിരിക്കുന്നതിനിടയിൽ അവർ "ഹൈഫൈ" ഒക്കെ കൊടുക്കുന്നുണ്ട്‌. ചിരിച്ച്‌ അവർക്ക്‌ കണ്ണീന്ന് വെള്ളം വരുന്നുണ്ട്‌, അവരു രണ്ടാളും വയറു പൊത്തിപിടിക്കുന്നുണ്ട്‌. 
ഇതിനു മാത്രം എന്താത്ര ചിരിക്കാൻ! ഞാൻ ഒന്നും മനസ്സിലാവാതെ അങ്ങനെ പൊട്ടൻ ചന്തക്ക്‌ പോയപോലെ ഇങ്ങനെ ഇരിക്കുമ്പോൾ,
എന്റെ പുത്രൻ ഒരിക്കൽ കൂടി ചോദിക്യാണ്‌ - "എന്തൂട്ടാന്ന് ഒന്നൂടി പറഞ്ഞേ, ഏതാ വണ്ടീന്ന്?
"റ്റാറ്റേടെ സഫർ"
"ഹൊ എന്റെ പൊന്നോ, മമ്മീനെ സമ്മതിക്കണംട്ടാ, റ്റാറ്റ പോലും അറിഞ്ഞിണ്ടാവില്യാ ഇങ്ങനൊരു വണ്ടി അവരിറക്കീന്ന്"
"എന്റെ മണ്ടകൊണാപ്പീ ദീപു, അത്‌ സഫാരി ന്ന് പറഞ്ഞ വണ്ട്യാ, അതിന്റെ അവസാനത്തെ "ഐ" പോയീതാ, ഇത്‌ വളരേ പഴയ മോഡലാ"
" എന്നാലും ഇത്ര വലിയ കണ്ട് പിടുത്തം നടത്തിയതിനു മമ്മീനെ സമ്മതിക്കണംട്ടാ, സഫർ ല്ലേ? ശരിയാക്കി തരാട്ടാ"
പിന്നെ യാത്ര കഴിയണ വരെ ഞാൻ ബധിരനും മൂങ്ങനുമായിരുന്നു. 
അവര്‌ രണ്ടാളും ഇടക്കിടെ അതോർത്ത്‌ ചിരിക്കും, "ഹൈഫൈ" ആവർത്തിക്കും.
കുറെ കൊല്ലങ്ങൾക്ക്‌ മുൻപ്‌ നടന്ന സംഭവമാണേങ്കിലും ഇന്നേ വരെ ഒരു റ്റാറ്റാ സഫാരിയേയും അതിനു ശേഷം അവർ വെറുതെ വിട്ടിട്ടില്ല, എന്നേയും! 
"മമ്മ്യേ, ദേ പോണു മമ്മീടെ സഫർ". സഫർ വളരെ നല്ല കാറാണ്‌, സിമ്പിൾ , പവ്വർഫൂൾ".

Comments

Popular posts from this blog

മോഹമഞ്ഞ

ഗില്ലറ്റിൻ

തിരുനെല്ലി, വയനാട്