ടൈൽസ് പണിയത്ര മോശം പണിയൊന്നുമല്ല
സാധാരണ ഞായറാഴ്ച വേഗം കിടക്കും.അങ്ങനെ കിടക്കാനുള്ള തയ്യാറെടുപ്പുകൾക്കിടയിലാണ് ബെല്ലയുടെ കുരക്കലിന്റെ സംഗീതാത്മകതക്ക് നേരിയ വ്യത്യാസമില്ലേന്ന് നോനക്ക് ഒരു സംശയം.
"മമ്മ്യേ ഇത് പെശകാട്ടാ, വാ നോക്കാം, മിക്കവാറും പാംമ്പാവും".
ഞാനും അവളും പിൻവശത്തെ ഗ്രിൽ തുറന്ന് പുറത്തിറങ്ങി. കയ്യിൽ ടോർച്ചുണ്ടെങ്കിലും വേറെ ലൈറ്റുകളുണ്ടെങ്കിലും ഒന്നും കാണാൻ കഴിയുന്നില്ല. മതിലിനോട് ചേർന്നുള്ള വാഴകൂട്ടത്തിനരികിൽ ബെല്ലയുടെ വാൽ ശക്തമായി വിറക്കുന്നത് മാത്രം കാണാം.
ഞാൻ അവളുടെ അടുത്തേക്ക് പോകാൻ തുടങ്ങിയപ്പോഴേക്കും നോന തടഞ്ഞു - " മമ്മ്യേ വേണ്ടാട്ടാ, വല്ല മൂർഖാനാവും, അന്ന് വന്നില്ലേ, അതിന്റെ മമ്മിയാവും, പ്രതികാരം ചെയാൻ വന്നതാവും".
" നീ പോയി ഡാഡീനെ വിളിച്ചിട്ട് വാ". അവൾ എന്നെ സംശയത്തോടെ നോക്കീട്ട് അകത്തേക്ക് പോയി.
ബെല്ല ഒരു മാതിരി തെറി പറയുന്നത് പോലെയാണ് കുരക്കുന്നത്, തെറി ഏത് ഭാഷയിലാണെങ്കിലും എനിക്ക് മനസ്സിലാവും.
"എന്റെ വീട്ടിൽ വരാൻ നിന്നോട് ആരാ പറഞ്ഞേ, നീ തീർന്നേടാ തീർന്ന് , %$£%€£$, %$£€$£%, $£€%$£€% ".
മോമി വന്നു, ബെല്ലാന്ന് വിളിച്ച് അങ്ങോട്ട് പോയതും തിരിച്ച് വന്നതും ഒരു സെക്കന്റ് കൊണ്ട് കഴിഞ്ഞു.
ഞാൻ ദേഷ്യത്തോടെ തന്നെ ചോദിച്ചു- " നിനക്കൊന്നും ചെയ്യാൻ പറ്റില്ലേ?
അവൻ തലകുടഞ്ഞിട്ട് പറഞ്ഞു - "നല്ലവണ്ണണ്ട്, അണലീയാന്നാ തോന്നണേ, തല എവിട്യാ വാലെവിട്യാന്ന് തിരിഞ്ഞാലല്ലേ?
വലിയ ദൈവവിശ്വാസമില്ലെങ്കിലും ഞാൻ പ്രാർത്ഥിച്ചു - " ബെല്ലേനെ അത് കടിക്കല്ലേ".
പക്ഷെ ബെല്ല, വാവ സുരേഷിനും സേവ്യർ എൽതുരുത്തിന്റെയും ഉസ്താദാണെന്ന് എനിക്കറിയില്ലായിരുന്നു. കണ്ണടച്ച് തുറക്കുമ്പോഴേക്കും അതിനെ കടിക്കലും ഒരു കുടയലും കഴിഞ്ഞു. സാധനം വെളിച്ചത്ത് വന്നു വീണു.
"ബെല്ലാ, നോ, സ്റ്റേ, ഐ വിൽ"
"ങേ! ഇതെന്താ ഇംഗ്ലീഷോ, ബെല്ലക്ക് മനസ്സിലാവാനോ അതോ പാമ്പിനോ? ഞാൻ അത്മഗതാഗതം പറഞ്ഞു.
പിന്നീട് ഗ്രഹണി പിള്ളേര് ചക്കക്കൂട്ടാൻ കണ്ടപോലെ തലങ്ങും വിലങ്ങും അടിയായിരുന്നു. ആദ്യായിട്ട് ഞാൻ കാണണ അണലി അല്ലേ ഒരു ഫോട്ടൊ എടുത്ത് വെച്ചിട്ടുണ്ട്.
ആ എപ്പിസോഡ് കഴിഞ്ഞപ്പോ തോന്നി, ആ വാഴ കൂട്ടത്തെ ഒന്ന് സ്ഥലം മാറ്റിയാലോന്ന്? തന്നെയുമല്ല അപ്പുറത്തെ ആളൊഴിഞ്ഞ പറമ്പിൽ നിന്നാണ് ഈ പാമ്പുകൾ വരുന്നത് എന്ന് മനസ്സിലാക്കി മതിലിനരികിലുള്ള കുഞ്ഞുകുഞ്ഞു പൊത്തുകൾ കുപ്പിച്ചില്ലും പാൽക്കായവുമൊക്കെയിട്ട് ഒന്ന് അടക്കണം.
അതുകൊണ്ടാണ് ഒരു പണിക്കാരനെ കൊണ്ട് വരാൻ വീട്ടിൽ പണിക്ക് വരുന്ന ചേച്ചിയോട് ആവശ്യപ്പെട്ടത്.
വീടിനു ചുറ്റും നടന്ന് പണിയൊക്കെ മോമി പറഞ്ഞു കൊടുത്തു. സൈറ്റിലേക്ക് ഇറങ്ങുന്നതിനു മുൻപ് പറഞ്ഞു -" പൊന്നൂനെ നോക്കിയോളോ"
" പൊന്ന്വാ??
" ആ പണിക്കാരന്റെ പേരാ!
"ഓ, പൊന്നു പോലെ നോക്കിക്കോളാം"
ഇന്നലെ പണി മുഴുവനും കഴിയാത്തതിനാൽ ഇന്നും വന്നിരുന്നു. പിൻ വശത്തെ മുറ്റത്ത് ഇന്റർലോക്ക് ടൈൽസിട്ടിരിക്കുന്നതിന്റെ അടിയിൽ നിറയെ തുരപ്പന്മാർ കുത്തിയിട്ടിരിക്കുകയാണ്.
മുൻപൊരു പ്രാവശ്യം ഈയുള്ളവളുടെ കാലൊടിഞ്ഞ് രണ്ട് മാസം ഇരിക്കേണ്ടി വന്നത് ഇതെ തുരപ്പന്മാർ കാരണമാണ്.
അങ്ങനെ ടൈൽസ് ഓരോന്നായി ഇളക്കിയെടുത്ത്, അടിയിൽ കുറച്ച് മണ്ണൊക്കെയിട്ട് വീണ്ടും വിരിക്കാൻ പറഞ്ഞപ്പോ പൊന്നു പറഞ്ഞു -" സാറെ അതൊന്നും എനിക്കറിയില്ലാല്ലോ"
മോമി പറഞ്ഞു കൊടുത്തു- ഒരെണ്ണം ലംബമായി വെക്കുമ്പോ അടുത്തത് നേരെ വെക്കണം എന്ന്.
" സാറെ പൂവായിരിക്കോട്ടാ, അല്ലെങ്ങേ ഇതൊക്കെ തെറ്റുംട്ടാ"
മോമിയും അയാളും കൂടി അതൊക്കെ ശരിയാക്കി.
പിന്നീട് ചായയും കുടിച്ച് മുൻവശത്തിരിക്കുമ്പോഴാണ് മോമി പറയുന്നത് - "പറയണപോലെയൊക്കെ അയാള് ചെയ്തോളും ഒരു റോബോട്ട് പോലെ, പാവാന്ന് തോന്നണു"
"ആണോ?
" പക്ഷെ ഒരു തമാശ കേൾക്കണാ, അയാളെന്നോട് ചോദിക്യാണേ -സാറ് ടൈൽസ് വിരിക്കാൻ പോയിണ്ടാ, സാറിനിതൊക്കെ നല്ല പരിചയാണല്ലോന്ന്".
എന്റെ പൊട്ടിച്ചിരി കേട്ട് റോട്ടീൽ കൂടി നടക്കണ ആളോളൊക്കെ നോക്കി, പതുക്കെ വോള്യംകുറച്ചെങ്കിലും എനിക്ക് ചിരി നിർത്താൻ കുറച്ച് നേരം എടുത്തു.
" നിനക്കങ്ങിനെന്നെ വേണം, അപ്പടി പാഷനാന്ന് പറഞ്ഞു, എൻട്രൻസിനു നല്ല മാർക്കുണ്ടായിട്ടും, മൂന്ന് ചോയ്സും സിവിൽ എഞ്ചിനിയറിംഗ് എന്ന് കൊടുത്ത് റാങ്കൊക്കെ കിട്ടി അതും ഒരു മാർക്കിനാ ഫാസ്റ്റ് റാങ്ക് പോയത് ന്ന് പറഞ്ഞു ഇത്തിരി പത്രാസ് കാട്ടീല്ലേ, അതും ഇന്ന് വരെ നൂറാമത്തെ റാങ്ക് പോലും വാങ്ങാത്ത എന്റെയടുത്ത്, നിനക്ക് അങ്ങിനെ തന്നെ വേണം"
- (കുശുമ്പ് എന്നും ഈ രോഗത്തിനു പേരു പറയും)
- (കുശുമ്പ് എന്നും ഈ രോഗത്തിനു പേരു പറയും)
എന്റെ കുശുംമ്പ് മനസ്സിലായിട്ടോ എന്തോ സിവിൽ എഞ്ചിനിയറിംഗിൽ രണ്ടാം റാങ്കുകാരൻ ടൈൽസ് പണിക്കാരാനായി അവതരിച്ചതിൽ സന്തോഷിച്ച് എന്റെ കൂടെ ചിരിയിൽ പങ്ക് ചേർന്നു.
Comments
Post a Comment