പാറ്റപുരാണം!
ഈ ലോകത്തിൽ പുസ്തകം വായിക്കാൻ ഏറ്റവും നല്ല സ്ഥലം കുളിമുറികളാണ്, അല്ലെങ്കിൽ ഈ വാചകത്തെ ഇങ്ങനെ പറയാം - പുസ്തകങ്ങൾ വായിക്കാൻ എനിക്കേറ്റവും ഇഷ്ടമുള്ള സ്ഥലം എന്റെ കുളിമുറിയാണ്.
അതിനാൽ തന്നെ എല്ലാപണികളും കഴിഞ്ഞ്, എല്ലാവരുടേയും കുളി കഴിഞ്ഞിട്ടാണ് ഞാൻ ഈ പരിപാടിക്ക് പോവുക.
ശരിക്കും പറഞ്ഞാൽ എന്നെ ആ നേരത്ത് ആരെങ്കിലും ശല്യപ്പെടുത്തിയാൽ അക്കളി തീക്കളി സൂക്ഷിച്ചോ.
തലനിറയെ എണ്ണ തേച്ച് മുഖത്ത് പായ്കൊക്കെ ഇട്ട് അങ്ങനെ ഇരുന്ന് പുസ്തകം വായിക്കുന്നത് ഒരു വെടിക്ക് രണ്ട് പക്ഷിയെ കിട്ടുന്നത് പോലെയാണ്, അത്യാവശ്യം സൗന്ദര്യവും ഉണ്ടാവും, പിന്നെ കുറച്ച് വിവരവും.
അങ്ങിനെ ഇരുന്ന് വായിക്കുന്നതിനിടയിലാണ് ഒരു പാറ്റ എന്റെ ശ്രദ്ധയിൽ പെട്ടത്.
നോന പറയുന്നത് പോലെ "മമ്മി പെണ്ണാണോ ന്ന് എനിക്കൊരു സംശയം?
"അതെന്താടീ കുഞ്ഞാത്തോലേ നിനക്കങ്ങിനെ തോന്നാൻ?
"അല്ലാ, സാധാരണ സിനിമയിലൊക്കെ കണ്ടിട്ടില്ലേ, പാറ്റയെ കാണുമ്പോ പെണ്ണുങ്ങളൊക്കെ ഓളിയിട്ട് ആണുങ്ങളെ കെട്ടിപ്പിടിക്കണത്, പക്ഷെ മമ്മി അതിനെ രണ്ട് ചവിട്ടും പിന്നതിന്റെ കൊമ്പില് പിടിച്ച് നേരെ വേസ്റ്റ് ബാസ്കറ്റില്, പ്ലിങ്ങ്സ്"
"സിനിമയിലുള്ളതൊക്കെ ശരിയാവണന്നില്യാലോ, പിന്നെ ഇവിടിപ്പോ കെട്ടിപ്പിടിക്കാൻ നിന്റെ ഡാഡി അല്ലെ ഉള്ളൂ, വേറെ ആരെങ്കിലും ഇണ്ടാവട്ടെ അപ്പോ ഞാൻ പേടിക്കണ കണ്ടാ നീ വരെ പേടിക്കും".
അങ്ങനെ ഞാൻ പാറ്റയെ ഒന്ന് ഒരു പുരികം മാത്രം ഉയർത്തി നോക്കി, ശരിക്കും ഒരു പുരികം മാത്രം ഉയർത്താൻ ഞാൻ പ്രാക്ടീസ് ചെയ്യുന്നതേയുള്ളൂ, അത് ഒരു പാറ്റക്ക് നേരെ ആവുന്നതാണ് നല്ലതെന്ന് തോന്നി.
പിന്നെ ഞാൻ അതിനെ മൈൻഡ് ചെയ്തില്ല, അതായി അതിന്റെ പാടായി എന്ന് കരുതി അതിനെ വെറുതെ വിട്ടു.
പിന്നീട് കുളിയൊക്കെ കഴിഞ്ഞ് വാതിൽ തുറക്കാൻ ചെന്നപ്പോളാണ് നേരത്തെ കണ്ട പാറ്റയും വേറെയൊരു പാറ്റയെയും അത്ര സുഖകരമല്ലാത്ത സാഹചര്യത്തിൽ ഞാൻ കണ്ടത്.
പണ്ട് ഒരു പൂവാലൻ കോഴി ഒരു പിടക്കോഴിയെ ഓടിച്ചിട്ട് പീഡിപ്പിക്കുന്നത് കണ്ടപ്പോൾ എന്നിലെ ഫെമിനിസ്റ്റ് രോഷം കൊണ്ടപ്പോളാണ് വീട്ടിലെ വേലക്കാരി വിജയമ്മപറഞ്ഞത് - അതേയ് ഓംലെറ്റ് തിന്നണെങ്കിൽ ഇതൊക്കെ നടക്കണം" ഓംലെറ്റ് എന്റെയൊരു വീക്‌നെസാണ്.
എനിക്ക് പ്രത്യേകിച്ച് ഒന്നും തോന്നിയില്ല, "നുവ്വു എഞ്ചോയ് മാടി " ന്ന് പറഞ്ഞു ഞാനിങ്ങു പോന്നു. വയറ്റിൽ നിന്ന് റഹ്‌മാന്റെ ഊർവശി ഊർവശി കേട്ട് തുടങ്ങിയത് കൊണ്ട് ഞാൻ പാറ്റകളെ അവരുടെ പാട്ടിന് വിട്ട് അടുക്കളയിൽ വന്നു ഭക്ഷണം വിഴുങ്ങാൻ.
അങ്ങനെയൊരു ദിവസത്തിന്റെ അവസാന തിരശ്ശീല ഇടാറായ നേരത്താണ് ഞാൻ വീണ്ടും കുളിമുറിയിലേക്ക് കടന്ന് ചെന്നത്. അവിടെ കണ്ട കാഴ്ച അതിദാരുണവും ഭീകരവും ആയിരുന്നു. അവിടെ ആ വെള്ളം പോകാനുള്ള ഭാഗത്ത് സ്ര്ട്ടെയിനറിൽ രണ്ട് പാവം പാറ്റകളുടെ മൃതശരീരങ്ങൾ! എനിക്ക് വന്ന സങ്കടം, ശരിക്കും നെഞ്ച് പിളർന്ന് പോയി.
നേരെ ബെഡ്‌റൂമിലേക്ക് ചെന്നപ്പോൾ അവനുറങ്ങിയിരുന്നു, അത് അവന്റെ ആരോഗ്യത്തിനു രക്ഷയായി.
പിറ്റേന്ന് രാവിലെ ചായ കൊടുക്കുന്നതിന്റെയൊപ്പം തന്നെ ചോദിച്ചു -" ഇന്നലെ ആ പാറ്റകളെ കൊന്നത് നീയാണോ?
ഉത്തരം പറയാതിരിക്കണത് കണ്ടപ്പഴേ എനിക്ക് ഉത്തരം കിട്ടി. " ദുഷ്ടാ, കൊലപാതകി, പാവം പാറ്റകൾ, എന്തോരം സന്തോഷത്തോടെ ആവും അവർ ഫാമിലി പ്ലാനിംഗ് തുടങ്ങീണ്ടാവാ? നിനക്ക് അവരോട് കുശുമ്പാടാ, അവര് നല്ല സ്നേഹത്തില്, കുഞ്ഞുകുട്ടിപരാധീനതളോടെ ജീവിക്കാമെന്നൊക്കെ വിചാരിച്ച്, ശ്ശേ, ഒക്കെ തൊലച്ചു...
എന്റെ വിഷമങ്ങൾ പറഞ്ഞിട്ടും തീരുന്നില്ല, അകാലത്തിൽ പൊലിഞ്ഞു പോയ ആ രണ്ടാത്മാക്കളെ ഓർത്ത് ഞാൻ കരയാതെ കരഞ്ഞു.
ഇത്രയൊക്കെ പറഞ്ഞിട്ടും ഒരു കൂസലുമില്ലാതെ അവൻ പറഞ്ഞു - "അവർക്ക് കുഞ്ഞുകുട്ടികളെയൊക്കെ ഉണ്ടാക്കണമെങ്കിൽ അവരോർടെ വീട്ടിൽ , ല്ലാണ്ട് ഞാൻ പണിത വീട്ടിൽ വേണ്ട"
"ഹൂം, ഇനിയിപ്പോ ആ പല്ലീം എട്ടുകാലീം ഒക്കെ ഇവിടെ ചുംബന സമരമൊക്കെ നടത്താൻ വരൂം, അപ്പഴേ നീ പഠിക്കൂ, നീ തീർന്നെടാ തീർന്ന്, അവനൊരു സദാചാരാവാദി വന്നേക്കണൂ".
Comments
Post a Comment