പുത്തൻപണം
ഉച്ചയൂണ് കഴിഞ്ഞു സോഫയിൽ കിടന്ന് വായിക്കാൻ തുടങ്ങുന്നതിനു മുൻപ് ഒന്ന് മുഖപുസ്തകത്തിൽ കേറിയപ്പോഴാണ് മമ്മൂട്ടി- രൺജിത്തിന്റെ "പുത്തൻപണം റിലീസായിട്ടുണ്ട് എന്ന് മനസ്സിലായത്.
ഏപ്രിൽ 13 നു റിലീസ് എന്നായിരുന്നു വിചാരിച്ചത്. നല്ല റിവ്യൂസ് എഴുതിയത് കണ്ടപ്പോൾ തോന്നി ഒന്ന് കാണനല്ലോന്ന്. അപ്പോഴാണ് മോമി ചാർജ്ജ് തീർന്ന ഫോൺ ചാർജ്ജറിൽ കുത്താൻ വന്നത് - "നിനക്കെന്നോട് ഒരു സ്നേഹോല്യാ, എന്തൊക്കെയായിരുന്ന്, എന്നിട്ടിപ്പോ? മമ്മൂട്ടീടെ കട്ടഫാനായ എന്നെ ഒന്ന് പുത്തൻപണം കാണാൻ കൊണ്ട് പൂവാ, ങേഹേ!"
ഇത്രയും പറഞ്ഞ് ഞാൻ കുറച്ച് നേരം പുസ്തകം വായിച്ച്, അങ്ങനെ തന്നെ കിടന്നുറങ്ങി.
എഴുന്നേറ്റ് ചായ കൊടുക്കുമ്പോഴാണ് പറഞ്ഞത് - "ട്യേ, നിന്റെ പടത്തിന്റെ ടിക്കറ്റ് കിട്ടീണ്ട്, 10:40 നാ"
"ഹോ! ഈ മോമീടെ ഒരു കാര്യം പറഞ്ഞാ അപ്പോ തന്നെ നടത്തി തരും"
അങ്ങനെ രാത്രി ഉറക്കം കളഞ്ഞു(അതും ഉറക്കപ്രാന്തിയായ ഞാൻ) കണ്ട സിനിമയുടെ കാര്യമാണ് ഇവിടെ എഴുതുന്നതെന്ന് നിങ്ങൾ മനസ്സില്ലാക്കണം സൂർത്തുക്കളെ, അതും ഒരു സംഭവബഹുലാമായ സിനിമകാണൽ( കഥാപ്രസംഗത്തിന്റെ സിമ്പൽ അടിച്ച ശബ്ദം നിങ്ങൾ കേട്ടില്ലേ)!
ഐനൊക്സിൽ ബാർ കോട് കാണിച്ച് ടിക്കറ്റ് മാറ്റാൻ ചെന്നപ്പോൾ അവർ കണ്ണനോട് പറഞ്ഞു 'A'റേറ്റട് ആണ്, അതോണ്ട് മൂന്നിനും പതിനെട്ടിനും ഇടയ്ക്കുള്ളവർക്ക് കാണാൻ പറ്റില്ലാന്ന്.
ഞങ്ങൾ അവരോട് ചോദിച്ചു-
"അപ്പോ അത് ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ പറയണ്ടേ, ഇപ്പഴാ പറയ്യാ"
"അപ്പോ അത് ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ പറയണ്ടേ, ഇപ്പഴാ പറയ്യാ"
ടിക്കറ്റ് ബൂക്ക് ചെയ്യുമ്പോൾ ഒരു ബോക്സ് മെസ്സേജ് വരുന്നുണ്ടെന്നും അത് അസ്സെപ്റ്റ് ചെയ്താൽ മാത്രമേ ബൂകിംഗ് ശരിയാവൂ എന്ന് പറഞ്ഞ് അവർ അതിന്റെ ഒരു പ്രിന്റ് ഔട്ട് കാണിച്ചും തന്നു.
ഞങ്ങളേ പോലെതന്നെ കാശ് പോയി നിൽക്കുന്ന ഒരുപാട് ഫാമിലീസ് അവിടെ നിൽക്കുന്നുണ്ടായിരുന്നു.
ഇനിയിപ്പോൾ എന്താ ചെയ്യാന്ന് ആലോചിച്ച് നിൽക്കുമ്പോൾ ഇതേ പ്രശ്നത്തിൽ നിൽക്കുന്ന മറ്റൊരു ഫാമിലിയോട് "നിങ്ങൾക്ക് ബോക്സ് മെസ്സേജ് വന്നിരുന്നോ ന്ന് ചോദിച്ചപ്പോൾ, അയാൾ പറഞ്ഞു - "എവിടെ, അങ്ങനൊരു സംഭവിണ്ടങ്ങ്യേ നമ്മളീ ഉറക്കം കളഞ്ഞു ഈ നേരത്ത് വരോ, ഇതിപ്പോ കാശും പോയി ഉറക്കോം പോയി"
അങ്ങനെ സംസാരിച്ച് നിൽക്കുന്നതിനിടയിൽ പ്രൊഡ്യൂസറിന്റെ ഫ്രണ്ടോ ബന്ധുവോ മറ്റൊ ആണ്,അയാൾ അകത്ത് പോയി നോക്കീട്ട് വന്നിട്ട് പറഞ്ഞു, അതിനകത്തിരിക്കുന്ന 40-45 പേര്, ഇത് കാണാൻ പ്രായപൂർത്തിയാകാത്തവർ ആണ്, അപ്പോ അവരെങ്ങനെ അകത്ത് കേറി?
പിന്നെ ബഹളായി, എല്ലാവരും പറഞ്ഞു ഞങ്ങളേയും കേറ്റണം.
പിന്നെ ബഹളായി, എല്ലാവരും പറഞ്ഞു ഞങ്ങളേയും കേറ്റണം.
ഞാൻ പറഞ്ഞു "പാരന്റ്സിണ്ടല്ലോ, ഞങ്ങൾ ഫുൾ റെസ്പോൺസിബിലിട്ടി എടുത്തോളാം"
അപ്പോ അവര് പറഞ്ഞു ഞങ്ങൾ complaint കൊടുക്കും എന്നു, അങ്ങനെ ഞങ്ങൾ അകത്ത് കയറി.
സിനിമ തുടങ്ങി കുറച്ച് കഴിഞ്ഞപ്പോൾ മൂന്നാല് പോലീസുകാരും ഐനോക്സ് ഓഫീഷ്യൽസും കൂടെ വന്ന് ഞങ്ങളോട് നോനയുടെ വയസ്സ് ചോദിച്ചു, പത്ത് എന്ന് പറഞ്ഞപ്പോൾ പുറത്തേക്ക് വരാൻ പറഞ്ഞു. ഞാനും മോമിയും അവരുടെ കൂടെ പോയി.
"ഇത് 'A rated' മൂവി ആണെന്ന് അറിയില്ലെ, അത് കൊണ്ട് കുട്ടികൾ കാണാൻ പാടില്ല, പിന്നെ നിങ്ങൾ അതിക്രമിച്ച് കേറി എന്നാണ് ഇവർ പരാതി പറയുന്നത്"
"സാർ, ഇത് A rated ആണെന്ന് ഇവിടെ വരുന്നത് വരെ ഞങ്ങൾക്ക് അറിയില്ലായിരുന്നു, അറിയുമായിരുന്നെങ്കിൽ ഈ ഉറക്കോം കളഞ്ഞ് വരുമായിരുന്നോ?മെസ്സെജ് വന്നു എന്നൊക്കെ പറയുന്നു, ഞങ്ങൾക്ക് വന്നിട്ടില്യാ, ഉണ്ടെങ്കിൽ ബുക്ക് തന്നെ ചെയില്യാരുന്നു"
"നിങ്ങൾ ഷൗട്ട് ചെയ്തു, ബലം പ്രയോഗിച്ച് അകത്ത് കടന്നു എന്നാണ് ഇവർ പറയണേല്ലൊ?"
ഞാൻ പറഞ്ഞു - അങ്ങനെയൊന്നുമുണ്ടായിട്ടില്ല, ഇതിനകത്ത് എലിജിബിൾ അല്ലാത്ത ഒരു 40-45 പേരുണ്ട് സാർ, അവരെ അകത്തേക്ക് വിടാമെങ്കിൽ ഞങ്ങളെയും കടത്തണം എന്ന് പറഞ്ഞേയുള്ളൂ, സ്വാഭാവീകമായും സ്വരം ഉയർന്നിരുന്നു എന്നത് സത്യം, സർ ഞങ്ങൾ പാരന്റ്സ് റെസ്പോൻസിബിലിറ്റി എടുക്കുന്നു ഞങ്ങളുടെ കുട്ടികളുടെ"
അപ്പോൾ പോലീസുകാർ എലിജിബിൾ അല്ലാത്തവരുടെ ലിസ്റ്റ് തരാൻ ഐനൊക്സ്‌കാരോട് പറഞ്ഞു. ഞങ്ങളോട് നിങ്ങൾക്ക് വേണമെങ്കിൽ കാണാം, പക്ഷെ ഞങ്ങൾ ഇത് റിപ്പോർട്ട് കൊടുക്കും എന്ന് പറഞ്ഞു. അങ്ങനെയാണ് ഞങ്ങൾ സിനിമ കണ്ടത്.
ഇനി സിനിമയെ പറ്റി!
November 8, ഡീമോണിട്ടസേഷന് കുറച്ച് മുൻപ് ഒരു കാശിടപാട് നടക്കുന്നു, ഏതാനും മണിക്കൂറുകൾക്ക് ശേഷം അതിനു കടലാസിന്റെ വില പോലുമില്ലാതാകുന്നു. കാശ് നഷ്ടപെട്ട ഷേണായി, അത് തിരിച്ച് പിടിക്കാൻ കാസർഗോഡ് നിന്ന് കൊച്ചിയിലേക്ക് വരുന്നു. പിന്നെയൊരു കശപിശയിൽ ഒരാൾ കൊല്ലപ്പെടുകയും, തെളിവായ തോക്ക് ഒരു ജങ്ക് യാർഡിലേക്ക് വലിച്ചെറിയുകയും അത് ഒരു കുട്ടിക്ക് കിട്ടുകയും ചെയ്യുന്നു. മറ്റാർക്കും അത് കിട്ടാതെ സ്വന്തം തോക്ക് സ്വന്തമാക്കാൻ ഷേണായി നടത്തുന്ന ശ്രമങ്ങളാണ് ഈ സിനിമയുടെ ഇതിവൃത്തം.
സത്യം പറഞ്ഞാൽ എന്തിനാണ് ഈ സിനിമക്ക് പുത്തൻപണം എന്ന് പേരിട്ടത് എന്ന് എനിക്ക് മനസ്സിലായിട്ടില്ല. സിനിമ കണ്ട് കഴിഞ്ഞപ്പോൾ 'റാംജിറാവു സ്പീക്കിംഗിൽ ' ഇന്നസെന്റ് പറയണ പോലെ " ഒരു തോക്ക് കിട്ടീണ്ട് ട്ടാ, കറുത്തതോക്കാണ്, അവസാനം തോക്ക് കള്ളാന്ന് വിളിക്കരുത്" എന്ന ഡയലോഗ്ഗാണ് ഓർമ്മ വന്നത്.
"രൺജിത്തിനിതെന്ത് പറ്റി, ചിലയിടത്ത് ശുഷ്കിച്ച സംഭാഷണങ്ങൾ, ചിലയിടത്ത് അനാവശ്യ സീനുകൾ, എന്തേ ആരുമൊന്നും പറയാത്തതു?
ഒരു എട്ടാം ക്ലാസ്സ്‌കാരനു തോക്ക് കൈകാര്യം ചെയ്യുന്ന സിനിമയിൽ അഭിനയിക്കുകയും അത് തീയേറ്ററുകാർക്ക് പ്രദർശിപ്പിക്കുകയും ചെയ്യാം, പക്ഷെ 3 വയസ്സ് കഴിഞ്ഞവർക്കും 18 ആകാത്തവർക്കും കാണാൻ പാടില്ല. അടിപൊളി!
തിരിച്ച് വീട്ടിൽ വന്നപ്പോൾ നോന-"അല്ലാ ഇതിന്റെ പേരിൽ ഇനി ഞങ്ങൾ ഡാഡീനെം മമ്മീനേം കാണാൻ ജയിലിൽ വരേണ്ടി വരോ? എണ്ണാൻ ഒക്കെ അറിയാലോല്ലേ, അഴികൾ അങ്ങോട്ടും ഇങ്ങോട്ടും എണ്ണി കളിക്കാലോ?"
ഞാൻ അൽപം ക്രൂരമായി മോമിയെ നോക്കി - ഇനി മേലാൽ ഇത് പോലെ പറഞ്ഞതൊക്കെ അപ്പോ തന്നെ സാധിച്ച് തന്നാലുണ്ടല്ലോ, അവന്റെയൊരു സ്നേഹം, ഒരുജാതി പടോം, എന്തിനോ വേണ്ടി തെളയ്ക്കണ സാമ്പാർ പോലെ, എല്ലാത്തിനും കാരണക്കാരൻ നീയാ, ഹൂം !
Comments
Post a Comment