#White
WHITE
വൈറ്റ് ട്രേയിലർ കണ്ടപ്പഴേ തീരുമാനിച്ചിരുന്നു ഇതു കാണണമെന്ന്. അതു കൊണ്ടാണ്, ഫാസ്റ്റ് ഡേ തന്നെ കാണാൻ പോയത്, ഇതൊക്കെയല്ലെങ്കിൽ പിന്നെയെന്തോന്നിനാ ഫാൻസ് എന്ന് പറഞ്ഞു നടക്കുന്നത്, അല്ലേ?
ഹൂമ ഖുറേഷിയുടെ ലിപ്സ്റ്റിക്കുകൾ, എന്തൊരു ഭംഗിയുള്ള ഷേയ്ഡുകളാണെന്നോ? അതിമനോഹരം! കോസ്റ്റൂംസ് ഒക്കെ എന്താ ഒരു ഭംഗി! എത്ര കണ്ടിട്ടും മതിയാവണില്ല. ഒരു മാമ്പഴമഞ്ഞ സ്വെറ്ററിടുന്നുണ്ട്, പിന്നെ ഒരു ചുവന്ന ഡ്രെസ്സും ഒക്കെ ഒന്നിനൊന്ന് മെച്ചം. പിന്നെ മമ്മൂക്കയേ പുകഴ്ത്തി പറയേണ്ട കാര്യമില്ലാലോ? ഈ സിനിമയിലെ ഡയലോഗിൽ തന്നെ അത് പറയുന്നുണ്ട് , വർഷങ്ങൾക്ക് ശേഷം കേരളത്തിലേക്ക് വരുന്ന മമ്മൂട്ടിയോട് ( ആ സീനിൽ ഒരു വൈറ്റ് ഷർട്ടും ഡാർക്ക് ബ്ലൂ ജീൻസും ഇട്ട് എയർപ്പോർട്ടിൽ വന്നിറങ്ങുന്ന മമ്മൂക്കയെ കാണേണ്ടത് തന്നെയാണ്, എന്തൂട്ടാ ഗ്ലാമറ്?) സിദ്ദിഖിന്റെ കഥാപാത്രം പറയുന്നുണ്ട്-- " ഒക്കെ മാറി പോയി, കാലാകാലങ്ങളായി മാറാത്തത് ഒന്നേയുള്ളൂ, അത് നീയാ".
സിനിമാട്ടോഗ്രഫി ഉഗ്രൻ. ലണ്ടൻ പോലെയൊരു നഗരത്തിന്റെ എല്ലാ ചടുല ഭാവങ്ങളും വേഗതയും അതുപോലെ തന്നെ ലണ്ടന്റെ പ്രാന്തപ്രദേശത്തിന്റെ സൗന്ദര്യവും പ്രേഷകനു മുന്നിൽ കാഴ്ച വെക്കാൻ അമർജ്ജീത് സിംഗിനു കഴിഞ്ഞിട്ടുണ്ട്. വീസയെടുത്ത് കാശ് ചെലവാക്കി ഇനി ലണ്ടനിലേയ്ക്ക് ടൂർ പോകണമെന്നില്ല, ഈ സിനിമ കണ്ടാൽ മതിയാകും.
ഒരുപാട് അർത്ഥങ്ങളുള്ള കഥയാണിതിന്റെ പ്രത്യേകത, പക്ഷേ ആളുകൾക്ക് അതു മനസ്സിലാവോന്ന് സംശയമാണ്. ഓരോ സന്ദർഭങ്ങളിൽ നമുക്കത് താനല്ലയോ ഇത് എന്ന് വർണ്ണ്യത്തിലാശങ്ക തോന്നും, അത് തികച്ചും സ്വാഭാവികം മാത്രം.
സിനിമ കഴിഞ്ഞ് വണ്ടിയിൽ വളരെ നിശ്ശബ്ദതയായിരുന്നു. കുറേ നേരം കഴിഞ്ഞപ്പോൾ നോന ചോദിച്ചു - " മമ്മ്യേ, മമ്മിക്ക് ഈ സിനിമയുടെ കഥ മനസ്സിലായാ? എനിക്കേ ഒരു ലോജിക്കില്യായ്മ തോന്നാ, മമ്മിക്ക് തോന്ന്യാ."
"ലോജിക്കിണ്ടാവാനാ ആളോള് സിനിമ പിടിക്കണേ, അവർടെ കയില് കാശുള്ളതു കൊണ്ടും മമ്മൂട്ടീടെ ഡേറ്റ് കീട്ടീത് കൊണ്ടും അവർ സിനിമ പിടിക്ക്ണൂ, നമ്മളത് പോയി കണ്ട് നമ്മടേ കാശ് കളയ്ണൂ, അത്രേള്ളൂ".
Comments
Post a Comment