കസബയെ കുറിച്ച് ഒരു മമ്മൂട്ടി ആരാധിക

കസബയെ കുറിച്ച് ഒരു മമ്മൂട്ടി ആരാധിക...

ഇന്ത്യാ രാജ്യത്തോടും വ്യവസ്ഥാപിതമായ ഇന്ത്യൻ ഭരണഘടനയോടും വിശ്വസ്തതയും കൂറും പുലർത്തുമെന്നും പോലീസ് സേനയിലെ ഒരംഗം എന്ന നിലയിൽ സത്യസന്ധമായും നിഷ്പക്ഷമായും ആത്മാർത്ഥമായും ജനസേവനം നടത്തുമെന്നും പക്ഷഭേദം സ്വജനപ്രീതി വിദ്വേഷം പ്രതികാരബുദ്ധി എന്നിവക്കതീതമായി എന്റെ പരമാവധി അറിവും കഴിവും കാര്യക്ഷമതയും ഉപയോഗിച്ച് ഭരണഘടനയിൽ ഉദ്ഘോഷിച്ചിട്ടുള്ളതുപോലെ വ്യക്തികളുടെ അന്തസ്സും അവകാശവും സംരക്ഷിച്ചുകൊണ്ട് പോലീസിന്റെ അന്തസ്സിന് ചേർന്ന രീതിയിൽ ഒരു പോലീസുദ്യേഗസ്ഥനെന്ന നിലയിൽ അർപ്പിതമായ കർത്തവ്യങ്ങളും ചുമതലകളും നിർവഹിക്കുമെന്ന് പ്രതിജ്ഞ ചെയ്തിട്ടുണ്ടെങ്കിലും അതിനു നേർവിപരീതമായി പ്രവർത്തിക്കുന്ന ഒരു സർക്കിൾ ഇൻസ്പെക്റ്ററാണ്, രാജൻ സക്കറിയ.  
വ്യക്തിപരമായ ഒരു കേസ് വഴിവിട്ട് അന്വേഷിക്കാൻ വേണ്ടി പണിഷ്മന്റ് ട്രാൻസഫർ എന്ന വ്യാജേന കസബ സർക്കിളായി ചാർജ്ജെടുക്കുകയും അതിനുശേഷമുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ഈ ചിത്രത്തിന്റെ കഥ. പോലീസുസേനയിലെ ഏറ്റവും Cocky ആയിട്ടുള്ള പോലീസ് ഓഫീസർ എന്ന് പെൺ പോലീസുകാർ രഹസ്യമായി അടക്കം പറയുകയും പരസ്യമായി ചെന്ന് സക്കറിയയെ മുട്ടുകയും അതിനു സക്കറിയ ഒട്ടും നിരാശപ്പെടുത്താതെ അവരെ കൈകാര്യം ചെയ്യുകയും ചെയ്യുന്നു. 

ഈ സിനിമയെ കുറിച്ച് ഒരു കാര്യമേ പറയാനുള്ളൂ, ഇത് തികച്ചും ഒരു മമ്മൂട്ടി ചിത്രമാണ്. നല്ല സൂപ്പർ പോലീസുകാരൻ എന്ന് പറയുമ്പോൾ നമ്മൾ ഉദാഹരിക്കും ഇൻസ്പെറ്റർ ബൽറാമിനെ പോലെന്ന്, ഒരുഗ്രൻ അച്ചായൻന്ന് പറയുമ്പോൾ നമ്മൾ കടമെടുക്കുന്നത് കോട്ടയം കുഞ്ഞച്ചന്റെ പോലെ എന്ന്. അതു പോലെ താളത്തിൽ നടക്കുന്ന ഒരു വഷള് പോലീസുകാരൻ എന്ന് ആലോചിക്കുമ്പോൾ ഇനി അത് രാജൻ സക്കറിയ ആയിരിക്കും. അതു കൊണ്ട് തന്നെ മമ്മൂട്ടിയെ അംഗീകരിക്കാത്തവർക്ക് ഈ സിനിമ ഇഷ്ടപ്പെടണമെന്നില്ല. 

സിദ്ദിഖ്, ജഗദീഷ് എന്നിവർ കുറച്ച് നേരമേയുള്ളൂവെങ്കിലും നന്നായിരിക്കുന്നു. വില്ലൻ എന്ന് പറയാമോ എന്നറിയില്ല സമ്പത്ത് രാജ് എനിക്കേറ്റവും ഇഷ്ടമുള്ള ഒരു നടനാണ്. മക്ബൂൽ ചെയ്ത ക്യാരക്ടരും നന്നായിരിക്കുന്നു. പുതുമുഖമായി ഈ സിനിമയിൽ അഭിനയിച്ച വരലക്ഷ്മി നന്നായിട്ടുണ്ട്. 

നിതിൻ രൺജി പണിക്കർ എന്ന സംവിധായകന്റെ ആദ്യത്തെ സംരഭമാണിതെങ്കിലും ഷാജി കൈലാസിനെയൊക്കെ അസിസ്റ്റ് ചെയ്ത് പ്രവൃത്തിപരിചയമുള്ള ഒരാളെന്ന നിലയിൽ കുറച്ച് കൂടി നന്നാക്കാമായിരുന്നു എന്നൊരഭിപ്രായമെനിക്കുണ്ട്. സംവിധാനം നന്നായിട്ടുണ്ടെങ്കിലും തിരക്കഥ കുറച്ച് കൂടി ഒന്ന് ചെത്തി മിനുക്കാമായിരുന്നു. ഒരു മൂന്ന് സ്റ്റാർ കൊടുക്കാം എന്നതാണ് എന്റെ നിലപാട്.

പിന്നെയൊരു വാൽകഷണമായി പറയാനുള്ളതെന്താണെന്ന് വെച്ചാൽ മമ്മൂട്ടി എന്ന നടനെ ഇഷ്ടമുണ്ടെങ്കിൽ മാത്രം ഈ സിനിമ കാണുക.

Comments

Popular posts from this blog

മോഹമഞ്ഞ

ഗില്ലറ്റിൻ

തിരുനെല്ലി, വയനാട്