നാടകങ്ങളും അണിയറതമാശകളും!



സ്കൂൾ യൂത്ത് ഫെസ്റ്റിവലുകൾ നമുക്കെല്ലാവർക്കും ഒരുപാട് ഓർമ്മകൾ നൽകിയിട്ടുണ്ടാവും, പങ്കെടുത്തവർക്കും കാണാനിരുന്നവർക്കും. എന്റെ വീട്ടിലെ കാളിപ്പെണ്ണിനും നാടകത്തിൽ അഭിനയിക്കണമെന്നൊരു മോഹം. അങ്ങിനെ ടീച്ചറിന്റെ സഹായത്തോടെ അവർ നാടകം തയ്യാറാക്കുന്നു, പരിശീലിക്കുന്നു. ഒരുപാട് തിരക്കുള്ളതിനാൽ ടീച്ചർ ഇവരോട് തന്നെ പ്രാക്ടീസ് ചെയ്യാൻ പറഞ്ഞു, പിന്നീട് ടീച്ചർക്ക് കാണിച്ച് കൊടുക്കുമ്പോൾ ടീച്ചർ തെറ്റുകൾ തിരുത്തി കൊടുക്കും. ദിവസവും വീട്ടിൽ വന്നാൽ റിഹേഴ്സലിന്റെ വിശേഷങ്ങളും പൊട്ടത്തരങ്ങളും ഇവർക്ക് പറ്റിയ അബദ്ധങ്ങളും വർണ്ണിച്ചും വിവരിച്ചും അവളുടെ നാവു കുഴഞ്ഞാലും എന്റെ കാതുകൾ നിറഞ്ഞാലും വിശേഷങ്ങൾ പിന്നേയും ബാക്കിയാണ്. ഗുഡ് നൈറ്റും പറഞ്ഞു പോയാലും ചിലപ്പോ എണീറ്റ് വന്ന് പറയും- "അതില്ലേ, മമ്മ്യേ ഒരു കാര്യം പറയാൻ മറന്നു". 
അങ്ങിനെ ഇന്നാ ദിവസം വന്നെത്തി. ക്ലാസ്സ് റൂമിലെ പ്രാക്ടീസ് കഴിഞ്ഞു, വേഷം മാറൽ കഴിഞ്ഞു, ചമയങ്ങൾ കഴിഞ്ഞു. അഞ്ചാം ക്ലാസ്സുകാർക്ക് അധികം ബുദ്ധിമുട്ടുകളും ചമയങ്ങളും ഇല്ലാത്ത ഒരു കുഞ്ഞു നാടകം തിരഞ്ഞെടുത്ത ടീച്ചർക്ക് നന്ദി. 
"അയ്യോ സ്വർണ്ണനാണയങ്ങൾ കൊണ്ടുവന്നില്ലേ?" ആൻലിയ ചോദിച്ചു.
"അത് നീ കൊണ്ട് വരാമെന്നല്ലേ പറഞ്ഞത്? ഭദ്ര ദേഷ്യത്തോടെ ചോദിച്ചു.
അങ്ങനെ തല്ലുകൂട്ടത്തിലേക്ക് നീങ്ങിയ ഒരു പ്രശ്നത്തിനു പരിഹാരമായി അടുത്തുള്ള കടയിൽ നിന്ന് ഗോൾഡൺ പേപ്പർ വാങ്ങി, ഓറിയോ ബിസ്കറ്റിൽ പൊതിഞ്ഞു ഞാൻ നാണയമുണ്ടാക്കി കൊടുത്തു. 
പിന്നീട് കാത്തിരിപ്പിന്റെ സമയമാണ്, ചെസ്റ്റ് നമ്പർ വിളിക്കുന്നത് വരെ. ആദ്യത്തെ നാടകം "ശാസ്ത്രം ജയിച്ചു". പാവപ്പെട്ടവർക്ക് വേണ്ടി ക്യാൻസറിനു മരുന്ന് കണ്ട് പിടിച്ച ഡോക്ടറിനെ പറ്റിക്കാൻ ശ്രമിക്കുന്നവരെ കുനിച്ച് നിർത്തി കൂമ്പിനു ഇടിക്കുന്ന സബ് ഇൻസ്പെക്റ്റർ ബിജു പൗലോസിന്റെ കഥയായിരുന്നു അത്. ആറാം ക്ലാസ്സുകാരൻ അനിത് പി ഡി ബിജു പൗലോസിന്റെ വേഷം ഗംഭീരമാക്കി, ആളുടെ വരവിനും പോക്കിനും ഭരത് ചന്ദ്രന്റെ ബിജിയെം കൂടിയായപ്പോൾ സഹപാഠികളും ജഡ്ജസ്സുൾപ്പടെയുള്ള മറ്റ് കാണികളും കയ്യടിച്ച് ആസ്വദിച്ചു. 

ചെസ്റ്റ് നമ്പർ രണ്ട്- കണ്ണുണ്ടായാൽ പോരാ കാണണം. ബോട്ട് ജെട്ടി എന്ന വാക്ക് വൃത്തികെട്ട ഒരു വാക്കാണെന്ന് കരുതിയിട്ടാണോന്ന് അറിയില്ല, അവൻ പറഞ്ഞു-" ആ ബോട്ട് ജെട്ടയിലേക്ക് പോകാം". അവന്റെ നിഷ്കളങ്കതയോർത്ത് എല്ലാവരും പുഞ്ചിരിച്ചു. ഡയലോഗ് മറന്ന് പോയവനു കൂടെ നിൽക്കുന്നവൻ ഓർമ്മിപ്പിക്കുന്നത് എല്ലാവരും മൈക്കിലൂടെ കേട്ടു. അപ്പോ മറ്റേയാൾ "ഇനിയിപ്പോ ഞാനാ ഡയലോഗ് പറയണാ?"

ചെസ്റ്റ് നമ്പർ മൂന്ന്. "നമസ്കാരം, ഞങ്ങൾ അവതരിപ്പിക്കുന്ന നാടകം ഒരു മുത്തശ്ശിക്കഥ!!
കളഞ്ഞു കിട്ടിയ പേഴ്സിലെ കാശ് എങ്ങനെയൊക്കെ ചിലവാക്കാമെന്ന് കൂടിയാലോചിക്കുന്ന കുട്ടിപ്പട്ടാളത്തിനു ഒരു സാന്മാർഗ്ഗീക കഥയിലൂടെ മുത്തശ്ശി നേർവഴിക്ക് നയിക്കുന്ന ഒരു കുഞ്ഞു നാടകം. തെറ്റുകൾ മറ്റുള്ളവരെ അറിയിക്കാതെ, മറന്ന ഡയലോഗുകൾക്ക് പകരമായി സ്വന്തം ഡയലോഗുകൾ കൂട്ടിചേർത്തും, അവർ തെറ്റ് കൂടാതെ അഭിനയിച്ചു.മൈക്കിനു മുന്നിൽ നിൽക്കാൻ പറ്റിയില്ലെങ്കിലും ഉറക്കെ പറഞ്ഞു അവർ നല്ല വ്യക്തമായി സംസാരിച്ചു. കയ്യടിയോടു നാടകത്തിനു കർട്ടൻ വീണു. 

അങ്ങനെ സരസമായി കുട്ടികൾ നാടകങ്ങൾ അവതരിപ്പിച്ചു, കുഞ്ഞു ബുദ്ധിക്കനുസരിച്ച്, ഭംഗിയായി. ഒരു പാട് സന്ദേശങ്ങളുള്ള ഏഴ് നാടകങ്ങൾ. പിന്നെ വീണ്ടും കാത്തിരിപ്പാണ്, ഫലമറിയാൻ. അഞ്ചും ആറും ഏഴും ക്ലാസ്സുകൾ ഒരു ഗ്രൂപ്പാക്ക്കിയുള്ള മൽസരമാണ്. 
 "സമ്മാനം കിട്ടോ ആവോ, രണ്ടാം സ്ഥാനമെങ്കിലും കിട്ടിയാൽ മതിയായിരുന്നു"- നോന ആശിച്ചു. 
"എന്തിനാ രണ്ടാം സ്ഥാനമാക്കണേ, നമ്മളാഗ്രഹിക്കുമ്പോ ഒന്നാം സ്ഥാനം തന്നെ ആഗ്രഹിച്ചൂടേ?- ഞാൻ ചോദിച്ചു.

ആകാംഷക്കൊടുവിൽ അനൗൺസ്മന്റ് വന്നപ്പോൾ ഒന്നാം സമ്മാനം ചെസ്റ്റ് നമ്പർ മൂന്ന്, നോനയും ടീമും ആർത്ത് വിളിച്ചു. ആ സമയത്ത് അവരുടെ മുഖത്ത് ഒരിക്കലും പ്രതീക്ഷിക്കാത്ത ഭാവങ്ങളായിരുന്നു. എനിക്ക് ഇങ്ങനെയൊരു ദിവസം സമ്മാനിച്ചതിന്, ഒരു സ്കൂൾ കുട്ടിയായിരുന്നെങ്കിലെന്ന് വീണ്ടും തോന്നിപ്പിച്ചതിന് നോനക്കും കൂട്ടുകാരികൾക്കും ഒരായിരം നന്ദി.

Comments

Popular posts from this blog

മോഹമഞ്ഞ

ഗില്ലറ്റിൻ

തിരുനെല്ലി, വയനാട്