പുസ്തകപ്രേമം....
വെള്ളയിൽ മഞ്ഞ ചാലിച്ച താളുകളിൽ,
കറുത്ത വളഞ്ഞും പുളഞ്ഞും തിരിഞ്ഞും മറിഞ്ഞും
തെളിഞ്ഞും മങ്ങിയും കിടന്നുറങ്ങുന്ന അക്ഷരങ്ങൾ
അറിവിന്റേയും കൗതുകത്തിന്റേയും സർഗ്ഗാത്മകതയുടേയും
മായാലോകം എനിക്കു മുന്നിൽ ഒരു കിളിവാതിലൂടെന്നപ്പോലെ
തുറന്ന് തരുന്ന പുസ്തകകൂട്ടുകാരെ -- നിങ്ങൾ എനിക്ക് അമരത്വം
വരദാനമായി തരുമോ? നിങ്ങളിലവസാനത്തേതിനേയും ഉള്ളിലേക്ക്
ആവാഹിക്കുന്നതു വരെയെങ്കിലും? എന്റേതായൊരു ലോകം
നിങ്ങളിലൂടെ ഞാൻ സൃഷ്ടിക്കട്ടെ; അതിൽ രാജാവും അടിയാളും
ഞാൻ തന്നെ; അവസാനത്താളിലെ അവസാനക്ഷരവും കഴിയുമ്പോൾ
ഹൃദയത്തിൽ നിന്നുയരുന്ന നെടുവീപ്പുകൾ മാത്രം ഭക്ഷിച്ച്
ഒരു കഥയവസാനത്തിൽ നിന്നുയരുന്ന ശൂന്യതയിൽ നിന്ന്
മറ്റൊന്നിന്റെ ജീവിതയുൾകാഴ്ചയിലേക്കുള്ള ദൂരമളക്കാൻ!!
എനിക്കൊരു ജന്മം പോരാതെ വരുമെന്നയറിവെന്നെ
വേദനിപ്പിക്കുന്നു, കഴിയുമെങ്കിൽ എനിക്കൊരു വരമായി
ഒരു ദാനമായി, എന്റെയീ ജന്മത്തിന്റെ നാളുകളുടെയെണ്ണം
ഒരെണ്ണമെങ്കിലും ദീർഘിപ്പിച്ചു തരുമോ?
അല്ലെങ്കിൽ ഇനിയൊരു ജന്മത്തിൽ, ഏതെങ്കിലുമൊരു
പുസ്തകശാലയുടെ ചുമരിൽ ആരും കാണാതെ വലകെട്ടിയ
ചിലന്തിയായെങ്കിലുമൊരു ജന്മം ആഗ്രഹിക്കുകയാണ് ഞാൻ!!
Comments
Post a Comment