ദൈവത്തോട് ഒരു വരം!!

ദൈവത്തെ കണ്ടുമുട്ടുമ്പോൾ, 
തിരികെ പോകാനൊരു വരം ചോദിക്കണം!
എന്റെ യൗവനത്തിലേക്ക്, കറുത്തിടതൂർന്ന
മുടിയിഴകളിലൂടെ വിരലോടിക്കാൻ, ഭൂമിയെ വേദനിപ്പിക്കാത്ത പാദങ്ങളിൽ പാദസരമണിയാൻ
ചുരുണ്ടുപോകാത്ത വിരലുകളിൽ മെയിലാഞ്ചി
ചായം തേക്കാൻ, എന്റെ നേർക്ക് നീളുന്ന
നോട്ടങ്ങൾക്ക് മുന്നിൽ മിഴികൾ കൂമ്പി നിൽക്കാൻ

ദൈവത്തെ കണ്ടുമുട്ടുമ്പോൾ, 
തിരികെ പോകാനൊരു വരം ചോദിക്കണം!
എന്റെ ബാല്യത്തിലേക്ക്, വെളുവെളുത്ത
കുപ്പായങ്ങളിൽ മണ്ണും ചെളിയുമാക്കാൻ
ഞാനുണ്ടാക്കിയ മണ്ണപ്പം കൂട്ടുകാരുമായി
പങ്കുവെക്കാൻ, പാടത്തെ കുഞ്ഞിചാലിൽ
പുതിയ തോർത്ത് കൊണ്ട് കുഞ്ഞിമീനിനെ
പിടിക്കാൻ, വെള്ളം കവിൾകൊണ്ട് തുപ്പിതെറിപ്പിച്ച് മഴവില്ല് കാണാൻ.

ദൈവത്തെ കണ്ടുമുട്ടുമ്പോൾ, 
തിരികെ പോകാനൊരു വരം ചോദിക്കണം!
എന്റെ ശൈശവത്തിലേക്ക്,ദേഹത്ത് മഞ്ഞളിന്റെ നീറ്റലിൽ, കുളിപ്പികുമ്പോൾ കണ്ണിൽ പോയ
സോപ്പിൻ പതയിൽ നീറി, ചുണ്ടുകൾ പിളർന്ന്
വെറുതെ കരയാൻ, ഇങ്ക് കുറുക്കിയത് 
പുറത്തേക്ക് തുപ്പി കാലിളക്കി കളിക്കാൻ
ഉറങ്ങുമ്പോൾ തള്ളവിരലുണ്ണാൻ, വെറുതെ ചിരിക്കാൻ, വെറുതേ കരയാൻ

ദൈവത്തെ കണ്ടുമുട്ടുമ്പോൾ, 
തിരികെ പോകാനൊരു വരം ചോദിക്കണം!
ഞാൻ പിറക്കാനിടയായ ബീജത്തിലേക്ക്
ഒരു പ്രാവശ്യം മാത്രം ഒന്നാമതെത്തിയ ആ
കൂട്ടയോട്ടത്തിൽ നിന്ന് ഏറ്റവും പിറകിലേക്ക്
ഒരിക്കലും ജനിക്കാതിരിക്കാനായി, 
ദൈവത്തെ കണ്ടുമുട്ടുമ്പോൾ, 
തിരികെ പോകാനൊരു വരം ചോദിക്കണം!

Comments

Popular posts from this blog

മോഹമഞ്ഞ

ഗില്ലറ്റിൻ

തിരുനെല്ലി, വയനാട്