നൊസ്റ്റാൽജിയയിൽ മുങ്ങിതോർത്തി....

നൊസ്റ്റാൽജിയയിൽ മുങ്ങിതോർത്തി....

ഉച്ചക്ക് ഊണ് കഴിക്കാൻ വന്നപ്പോളാണ് പറഞ്ഞത്- " അതേയ് സാബു വന്നിട്ടുണ്ട്, മ്മക്കെങ്ങടേങ്കിലും ഒന്ന് പോയാലോ?"

"എങ്ങടാ പൂവാ? അവർക്കെങ്ങട് പൂവാനായിഷ്ടംന്ന് ചോദിക്കാർന്നില്ലേ?"

"ഊം, ശരി ഞാൻ അവനോടൊന്ന് ചോദിക്കട്ടെ, ന്നട്ട് തീരുമാനിക്കാം"

അതേയ് മ്മടെ കുട്ട്യോൾക്ക് സ്കൂളില്ലേ? അപ്പോങ്ങെന്യാ പൂവാ? തന്നേല്ലാ ഈ മഴയത്ത് ഏതു സ്ഥലത്തിക്കാ പൂവാമ്പറ്റാ?"

"സാബൂനെ വിളിച്ചിട്ട് അവന്റെ ഐഡിയ എന്താന്ന് നോക്കട്ടെ, ന്നട്ട് തീരുമാനിക്കാം."

കുറച്ച് കഴിഞ്ഞ് വന്നപ്പോൾ പറഞ്ഞു-" സാബൂ പറയണേ കല്ലൂം ദേവൂം കൊടൈകനാൽ ചെറുപ്പത്തിൽ പോയതാണ്, അപ്പോ അങ്ങട്ട് പോയാലോന്ന്, ഞാൻ ഓക്കെ പറഞ്ഞു."

"എന്റെ ഈശൊയെ, ഊട്ടിയായാലോ, പറ്റോ? നമ്മൾ കൊടൈക്കനാൽ ഇനിയും പോയാൽ അവിടെയുള്ളവർ എന്ത് വിചാരിക്കും?"

"അതൊന്നും സാരല്യാ, നീയാ ഹോട്ടൽ ബൂക്കിങ്ങിന്റെ കാര്യൊക്കെ ഒന്ന് നോക്ക്യേ."

തുടർന്നുള്ള ഞങ്ങളുടെ കുലംങ്കഷമായ അന്വേഷണത്തിനൊടുവിൽ ഞങ്ങൾ പറ്റിയതൊരെണ്ണം ബുക്ക് ചെയ്തു.

കുട്ടികൾ സ്കൂൾ വിട്ട് വന്നപ്പോ ഞാൻ പറഞ്ഞു-"അതേയ് നിങ്ങക്കൊരു സന്തോഷവാർത്തയുണ്ട്, മ്മള് ഈ പെരുന്നാളിന്റെ മുടക്കിനു ടൂർ പൂവാ, ഇതു വരെ നമ്മൾ പൂവാത്ത സ്ഥലാ."
അപ്പോത്തന്നെ നോനയും കണ്ണനും ചോദിച്ചു- "കൊടൈക്കനാലിൽക്ക് അല്ലേ?"

ഞാൻ ഒരു വളിച്ച ചിരിയുമായി സമ്മതിച്ചു, എന്നിട്ടൊരു ആത്മഗതം പറഞ്ഞു- "ഈ കുട്ട്യോൾക്ക് ആരാ ഇത്ര ബുദ്ധി കൊടുക്കാൻ പറഞ്ഞേ!"

രണ്ടു ദിവസം കഴിഞ്ഞു ഉച്ചയൂണിനു ശേഷം ഞങ്ങൾ പുറപ്പെട്ടു. വേറൊരു യാത്ര കഴിഞ്ഞെത്തിയ ക്ഷീണമുണ്ടെങ്കിലും ഉടൻ തന്നെ കല്ലുവും ദേവിയും ഉഷാറായി.

 അങ്ങനെ ചെറിയ തോതിൽ അശ്വമേധവും അന്താക്ഷരിയുമൊക്കെയായി യാത്ര മുന്നോട്ട് പോയി. രാത്രി ഭക്ഷണം കഴിഞ്ഞിട്ടാണ് ഹെയർപ്പിൻ കേറാൻ തുടങ്ങിയത്. വഴിക്ക് കുറച്ച് കാട്ടുപ്പന്നീം ഫാമിലിയും കേറ്റം കേറുന്നുണ്ടായിരുന്നു. അതു കണ്ടപ്പോഴാണ്
എനിക്കൊരു സംശയം ഈ കാട്ടില് സിംഹണ്ടാവോന്ന്?
ചോദിച്ചത് പൊട്ടത്തരമാണെങ്കിലും സാബു ഉത്തരം തന്നു, "ഇവിടെ ആ ജാതിയൊന്നും ഇണ്ടാവില്ല്യാ."
കുട്ടികൾ മയങ്ങിത്തുടങ്ങിരുന്നു. 

"നിനക്കോർമ്മയുണ്ടോ നമ്മളാദ്യം കൊടൈക്കനാൽ വന്നത്? സാബു ചോദിച്ചു.
" പിന്നില്ലാണ്ട്"
"അതൊക്കെ നിനക്കോർമ്മയിണ്ടാ,നമ്മൾ രണ്ടാളും സോണീം നാമീം കൂടീട്ടാ ബുക്ക് ചെയ്തത് ഇരിഞ്ഞാലക്കുടേന്ന്, അതൊരു സംഭവാർന്നൂട്ടാ."

അവർ രണ്ടാളും ഭൂതകാലത്തിലേയ്ക്കൂളിയിട്ടോന്ന് ഒരു സംശയം.

"നമ്മളൊക്കെ പാവങ്ങളാർന്നൂടാ, ഇന്നത്തെ കുട്ട്യോൾടെ പോലെയൊന്നല്ല, വെള്ളമടീല്യാ ഒന്നൂല്യാ, ന്നാലും ഞങ്ങള് ശരിക്കും അടിച്ച് പൊളിച്ചു, ല്ലേടാ?" സാബു മോമിയോട് ചോദിച്ചു. 
"ദീപ്തി, ഞാനിവനെ പരിചയപ്പെടണതെപ്പഴാന്നറിയോ? അന്ന് നമ്മക്ക് പതിനേഴ് വയസ്സേയുള്ളൂ ല്ലേടാ"അന്നു തുടങ്ങിയ സൗഹൃദാ, ഇപ്പോഴും അങ്ങനെ തന്നെ"

ഞാൻ തലയാട്ടി, കഴിഞ്ഞ പത്തൊൻപത് കൊല്ലമായി  ഞാൻ കേട്ട് കൊണ്ടിരിക്കുന്ന കഥകളാണിതെല്ലാം, കഥ പറയുന്നാൾക്ക് മാത്രമേ മാറ്റമുള്ളൂ. 

"ദേ നിങ്ങള് കണ്ടാ ഒരു പുലികുട്ടി പോണത്?" ഡ്രൈവർ പുലിക്കുട്ടിയെ കണ്ട സന്തോഷത്തിൽ ഉറക്കെ പറഞ്ഞു. ഞങ്ങൾ നോക്കിയപ്പോ-"ശരിയാണല്ലോ,  ഇനീപ്പോ ഇതിന്റെ മമ്മീം ഡാഡീം കൂടെയിണ്ടാവോ?"
"എന്തായാലും അത് അടിപോളിയായീട്ടാ"നോനക്ക് സന്തോഷായി.

ഹോട്ടൽ റൂമിലെത്തിയപ്പോൾ അർദ്ധരാത്രിയായിരുന്നെങ്കിലും ഞങ്ങളുടെ സംസാരം തുടങ്ങിയിട്ടേയുണ്ടായിരുന്നുള്ളൂ. 
പത്മരാജനും മമ്മൂട്ടിയും ലോഹിതദാസും ഭരതനും തൂവാനത്തുമ്പികളും മോഹൻലാലും ഓ എൻ വിയും എം ടിയും കടന്ന് ഞങ്ങൾ രണ്ടാമൂഴത്തിലേക്കും അവിടെ നിന്ന് മഹാഭാരതത്തിലേക്കും രാമായണത്തിലേക്കും എത്തിയപ്പോഴേക്കും സമയമൊരുപാട് ആയിരിക്കുന്നു. 

"അതേയ് നേരം കുറേയായി, മ്മക്ക് കിടന്നാലോ? നാളെ ന്താ പ്ലാൻ? ഞാൻ ചോദിച്ചു.
"നാളെ രാവിലെ ഒരു ഏട്ട് മണിക്ക് നമ്മക്ക് മീറ്റാം ന്താ?"എല്ലാവരും ഗൂഡ് നൈറ്റ് പറഞ്ഞ് പിരിഞ്ഞു.

പിറ്റേന്ന് ബ്രേക് ഫാസ്റ്റിനു കൂടിചേർന്ന് പൊംഗലിന്റെയും വടയുടെയും വലുപ്പം കണ്ട് കണ്ണു തള്ളിയ ഞങ്ങൾക്ക് വിശപ്പ് മാറണമെങ്കിൽ ഇതു പോലെ പത്ത് പതിനഞ്ച് പൊംഗലും വടയും ഓർഡർ ചേയ്യേണ്ടി വരുമെന്ന ക്രൂരമായ സത്യം മനസ്സിലാക്കിയിരുന്നു. 

അന്ന് ഞങ്ങൾ പൈൻ ഫോറസ്റ്റ് ലക്ഷ്യമാക്കിയാണ് യാത്ര തുടങ്ങിയത്. യാത്രയിൽ ഫോണിലുള്ള അടിച്ച്പൊളി പാട്ട് വെക്കാൻ സാധിക്കാത്തതിനാൽ ഞങ്ങൾ 'ഇസ്രായേലിൻ നായകനെ' വീണ്ടും വീണ്ടും കേട്ട് സംതൃപ്തിയടഞ്ഞു. 
പൈൻ ഫോറസ്റ്റിനുള്ളിൽ ഞങ്ങൾ ഒളിച്ച് കളിച്ചു. വലിയ ശ്രമകരമായ ഒരു കളിയാണെന്ന് പറയാതെ വയ്യ, കാരണം പൈൻ മരങ്ങൾ തികച്ചും മെലിഞ്ഞിട്ടും അതിനു പിന്നിൽ ശരീരം ഒളിപ്പിക്കുന്ന ഞാൻ , ഓ അതിനെ പറ്റിയൊന്നും പറയണ്ടാന്നേ! അവിടെ നിന്ന് പുറത്ത് കടന്നപ്പോൾ ഒരു കുരങ്ങൻ Sprite കുപ്പിയിൽ നിന്ന് കുടിക്കാൻ ശ്രമിക്കുന്ന കാഴ്ച ഞങ്ങളെ ഹഠാദാകർഷിച്ചു.

തിരിച്ച് വരുമ്പോൾ Pillar Rock നു സമീപമെത്തിയപ്പോൾ- "ഡാ, ഇവിടെയാണ് നീയും സോണിയും കൂടി കരാട്ടേ പ്രാക്റ്റീസ് ചെയ്തത്, നിനക്കോർമ്മീണ്ടാ?"

"അത് ശരിയാട്ടാ, പക്ഷെ അന്ന് നമ്മൾ വരുമ്പോ  ഈ കടകളൊന്നും ല്ല്യാട്ടാ, ഇപ്പോ ഇതൊക്കെ വന്ന് ആകെ നാശാക്കി"

"അപ്പോ നിങ്ങടെ നൊസ്റ്റാൾജിയേനെ കാണാൻ ഇവിടെ ഇറങ്ങിണ്ടാ?" ഞാൻ ചോദിച്ചു.

"ഏയ്, ഇവിടെ ഇറങ്ങണ്ടാ, മ്മക്കേ ബെരിജാം പൂവാമ്പറ്റോന്ന് നോക്കാം" മോമി അഭിപ്രായപ്പെട്ടു.

"അതുഗ്രനാവൂട്ടാ, അപ്പോ മോനെ അങ്ങോട്ട് വിട്ടോ വണ്ടി"എന്ന് സാബു അതിനെ പിന്താങ്ങി.

അങ്ങിനെ വണ്ടി തിരിച്ച് പോകുമ്പോഴാണ് 'ഗുണാ'സിനിമ ഷൂട്ട് ചെയ്ത 'ഗുണ കേവ്' കണ്ടത്. 

" മ്മടെ സോളമനെ നിനക്കോർമ്മയിണ്ടാ"

"അന്ന് സോളമനാർന്ന് മ്മടെ കൂടെ, ഭയങ്കര ഡേയ്ഞ്ചറാസാർന്നു, എന്നിട്ടും മ്മള് തന്നെ വഴി ഒക്കെ കണ്ട് പിടിച്ച് പോയീല്ലേ?"

"ആ സോളമൻ  ഇപ്പോ ഇണ്ടാവോ?" ഞാൻ ആകാംഷിച്ചു.

"ഏയ് അയാളൊന്നും ഇവിടെണ്ടാവില്ലാ"

"ദീപ്തി, ശരിക്കും ഞങ്ങൾടെ ഫ്രണ്ട്ഷിപ്പ് തുടങ്ങീതേ പതിനേഴ്  വയസ്സിലാ" റീജമ്മക്കറിയോ ഞങ്ങൾടെ ഒരു അടിപൊളി കൂട്ട് കെട്ടാർന്നു." ഇരുപത്തിമൂന്ന് കൊല്ലം മുൻപാണ് ഞങ്ങൾ ആദ്യം ഇവിടെ വരുന്നത്, ബസ്സില്"

പുട്ടിനു പീരയെന്നോണം അപ്പോഴേക്കും വന്നു ബസ്സിന്റെ നമ്പരും പേരും. അപ്പോ മറ്റേയാൾ വീണ്ടും"സോണീം നാമീം പിന്നെ മ്മള് രണ്ടാളും കൂടീ പോയിട്ടാ അന്ന് അതു ബൂക്ക് ചെയ്തത്" എന്ന് ആവർത്തിച്ചു. ഈ ഡയലോഗ്ഗ് ആവർത്തനവിരസതയില്ലാതെ അവർ രണ്ടാളും ആവർത്തിച്ച് കൊണ്ടേയിരുന്നു.ഇടക്ക് പറയും- " മ്മടെ നാമീ ഇപ്പോ എവിടെയാണാവോന്ന്?"

വൈകുന്നേരം Coaker's walk ഇൽ പോയപ്പോൾ-
" ഡാ നമ്മൾ ഇവിടെയാ താമസിച്ചേ, ദേ അവിടെയായിട്ടായിരുന്നു ആ ഹോസ്റ്റൽ"
"തിരിച്ച് വരുമ്പോൾ മ്മക്കങ്ങട് ഒന്ന് പോണംട്ടാ".

"മ്മളന്ന് വരുമ്പോ ഈ ഗ്രില്ലൊന്നുല്ല്യാട്ടാ, ഇത് തുറന്ന് കിടക്കാർന്നു"

അങ്ങിനെ അവിടെയും കുറച്ച് പഴയകാല കഥകൾ പറഞ്ഞും ചിലർ കുളിക്കാൻ പോകുന്നത് അഭിനയിച്ച് കാണിച്ചും അവിടെ ഞങ്ങൾ തലങ്ങും വിലങ്ങും നടന്നു. 

വൈകുന്നേരം വീണ്ടും ഞങ്ങൾ കത്തിവെച്ച് കത്തിവെച്ച് പരസ്പരം കുത്തികൊന്നു, പിന്നെ ബാക്കിയുള്ള ജീവനും കൊണ്ട് ഉറങ്ങാൻ പോയി.

രാവിലെ ഹോട്ടലിൽ നിന്ന് ചെക്ക് ഔട്ട് ചെയ്ത് ലേക്കിന്റെ സൈഡിലേക്ക് പോയി. അവിടെ കുതിരപ്പുറത്ത് കേറാനുള്ള മോഹവുമായി ചെന്ന് കേറീത്  ജോണി എന്ന പഞ്ചാബി കുതിരയുടെ പുറത്താണ്. "കുതിരോം കി സിന്ദഗി കഭി കതം നഹി ഹോത്തി ഹെ, ഹൊ, ഹും!!" കുതിരപ്പുറത്ത് കയറിയപ്പോ ആ മിണ്ടാപ്രാണി ഒന്നും പറഞ്ഞില്ലെങ്കിലും, ഞങ്ങളെ സ്നേഹിച്ച് സ്നേഹിച്ച് ശരീരപ്രകൃതി മാറ്റിയ കശ്മലന്മാരായ ഭർത്താക്കന്മാർ മക്കളോടൊപ്പം ചേർന്ന് ഞങ്ങളെ കളിയാക്കുന്ന അതിദാരുണമായ കാഴ്ചയാണ് ഞങ്ങൾ ഭാര്യമാർക്ക് കാണാൻ കഴിഞ്ഞത്.

"നോന, നോക്ക്യേ ആ കുതിരേടെ കാല് മമ്മി കേറീപ്പോ 'റ' പോലെ വളഞ്ഞത്, ഇനി നോക്ക്യോളോട്ടാ മമ്മി ഇറങ്ങുമ്പോൾ ആ കുതിരേടേ മുഖത്തെ സന്തോഷം"

പിന്നീട് ബോട്ടിംഗിനു പോയപ്പോൾ തുഴക്കാരൻ- " സാറ് എവിടുന്നാ?

"ഞങ്ങൾ തൃശ്ശൂര്, നിങ്ങൾ കേരളത്തിലെവിടെയാ?"

"ഞാൻ ശെൽവൻ,സ്ഥലം പാറശ്ശാല,  ഇവിടെ വന്നിട്ട് ഇപ്പൊ മുപ്പതഞ്ച് കൊല്ലായി."

പിന്നെ അയാൾ കുറേ നേരം മോമിയെ നോക്കീട്ട് ചോദിച്ചു-" സാറ് ഐ പി എസ് ആണോ? കണ്ടാൽ അങ്ങനെ തോന്നുന്നു."

ആ ഡയലോഗിൽ മോമി വീണു. ബോട്ടിംഗ് കഴിഞ്ഞിറങ്ങിയപ്പോൾ മോമി അയാൾക്ക് കൊടുക്കുന്ന കാശ് കണ്ടപ്പോ കല്ലൂന്റെ ഡയലോഗ് ആണ് ഇവിടെ അടിപൊളി- " മോമി അങ്കിളേ, ഞാനും ഇതു പോലെ പൊക്കി പറയാം എനിക്കൊരു അഞ്ഞൂറു രൂപ തന്നാ മതി".

വീണ്ടും അവർ നൊസ്റ്റാൾജിയയുമായി വണ്ടിയിൽ ഇരിക്കുമ്പോൾ അൽപം അസൂയയോടെയാണെങ്കിലും ഞാൻ ചോദിച്ചു, "അതേയ് ജസ്റ്റ് ഇമാജിൻ, നിങ്ങൾ ആദ്യമായി കൊടൈക്കനാൽ ടൂർ വന്നപ്പോലെ ഇനി ഒരു പ്രാവശ്യം കൂടി വരാൻ പറ്റിയാലോ? അതേ ഫ്രണ്ട്സൊക്കെയായി അടിച്ചുപൊളിച്ച്, എങ്ങനേണ്ടാവും?" നടക്കില്ലെങ്കിലും അത് ചിന്തിക്കാൻ സുഖമുള്ള കാര്യമാണെന്ന് അവരുടെ മുഖത്തെ പ്രസന്നത കണ്ടപ്പോൾ എനിക്ക് തോന്നി. അകത്ത് കിടക്കുന്ന ജ്യൂസിന്റെ പ്രഭാവത്തിൽ അവർ പറഞ്ഞു ഞങ്ങൾ  പരിചയപ്പെട്ടിട്ട് ഇരുപത്താറ് കൊല്ലായി.

"അതേയ് നിങ്ങൾ ഒന്ന് സ്ഥിരാക്കൂട്ടോ, ശരിക്കും നിങ്ങളെത്ര കൊല്ലായി പരിചയപ്പെട്ടിട്ട്ന്ന്" 

"അതേയ് ഞങ്ങൾ പരിചയപ്പെടുന്നത് 89ലാണ്, അപ്പോ  ഇരുപത്തേഴ്  കൊല്ലം കറക്ടാ."

അങ്ങനെയവർ കണക്ക് കൃത്യമാക്കി കൊണ്ടിരിക്കുമ്പോഴാണ്, മേയറും സംഘവും അതു വഴി വന്നത്. പത്തൊൻപതാമത്തെ തവണ വന്നാൽ ഏറ്റവും കൂടുതൽ പ്രാവശ്യം കൊടൈക്കനാൽ വന്നതിനുള്ള അവാർഡ് തരും എന്ന് ഭീഷണിപ്പെടുത്തി. പിന്നെ ഞങ്ങൾ ഒരു നിമിഷം പോലും അവിടെ നിന്നില്ല.

അവസാനിക്കാറായ യാത്രകൾ മനസ്സിനു സങ്കടമാണ്. അത് മറക്കാനായി അടുത്തൊരു യാത്ര എങ്ങോട്ട് വേണമെന്ന പ്ലാനിംഗിലേക്കു മനസ്സിനേയും വാക്കുകളേയും തിരിച്ച് വിട്ട് അതിലും നൊസ്റ്റാൾജിയ നന്നായി കൂട്ടിക്കലർത്തി ഞങ്ങൾ ആ ഹെയർപ്പിൻ വളവുകൾ ഓരോന്നായി ഇറങ്ങി.

Comments

Popular posts from this blog

മോഹമഞ്ഞ

ഗില്ലറ്റിൻ

തിരുനെല്ലി, വയനാട്