പുല്ല് പോലത്തെ ചിന്തകൾ അഥവാ ചിന്തയിലെ പുല്ലുകൾ!!

പുല്ല് പോലത്തെ ചിന്തകൾ അഥവാ ചിന്തയിലെ പുല്ലുകൾ!!

മഴ നന്നായി തകർത്ത് പെയ്യുന്നുണ്ട്, ആകാശമാകെ കറുത്തിരുണ്ട്, വെളിച്ചതിന്റെ ഒരു കണിക പോലും ഭൂമിയിലേക്കിറങ്ങാതെ പേമാരി പോലെ പെയ്യുന്നു. വീടിനുള്ളിലാകെ ഇരുട്ടാണ്. 

മുറികൾക്കെല്ലാം ഒരു മരവിപ്പാണ്, തണുത്തുറഞ്ഞ മൃതദേഹങ്ങളുടേത് പോലെ. അതൊരു സുഖകരമായ അനുഭൂതിയാണ്, ഈ തണുപ്പിനു ജീവനുണ്ടായിരുന്നെങ്കിൽ എനിക്കൊന്ന് കെട്ടിപ്പിടിക്കാമായിരുന്നു, ആശ്ലേഷിച്ച് നെഞ്ചോട് ചേർക്കാമായിരുന്നു. 

രാവിലെ കൂട് വിട്ട് പോകുന്ന കിളികൾ വൈകുന്നേരം തിരിച്ച് ചേക്കേറുന്നത് വരെ ഏകാന്തത കൂട്ടിനുള്ള ദിവസങ്ങൾ! എനിക്കവ വളരെ പ്രിയപ്പെട്ടതാണ്, എനിക്ക് ഞാൻ മാത്രമുള്ള നിമിഷങ്ങൾ. 

ഒരിക്കൽ പോലും ആ സമയത്ത് ആരെങ്കിലും കൂടെയുണ്ടായിരുന്നെങ്കിൽ എന്ന് തോന്നാത്തത് എന്തു കൊണ്ടാവും എന്ന് ചിന്തിച്ച് പോവാറുണ്ട്.  ഞാനും എന്റെ ചിന്തകളും, ചിലപ്പോ ഞാൻ ചിന്തിക്കുന്നതൊക്കെ എവിടെയെങ്കിലും എഴുതി വയ്ക്കാൻ കഴിഞ്ഞിരുന്നെങ്കിലെന്ന്! പിന്നീട് എനിക്ക് വീണ്ടും വായിക്കാനായിട്ട്, വായിക്കുമ്പോൾ എന്റെ മണ്ടത്തരങ്ങളോർത്ത് പൊട്ടിചിരിക്കാൻ. പക്ഷെ, അങ്ങിനെയൊക്കെ ചെയ്യുമ്പോൾ എന്റെ ഏകത്വത്തിനു ഭംഗം വന്നു പോയാലോ? പിന്നെ കൂടപ്പിറപ്പായ മടിയും , അതിനേയും വേദനിപ്പിക്കാൻ കഴിയുന്നില്ല. അതുകൊണ്ട് മറ്റുള്ളവരുടെ ചിന്തകളിലേയ്ക്ക് ഊളിയിടുകയാണ് പതിവ്. 

അങ്ങിനെയാണ് മറ്റൊരാളുടെ ചിന്തയിലേക്ക് കടന്ന് കേറാനായി ആ പുസ്തകത്തിലേക്ക് ഇറങ്ങാൻ തുടങ്ങിയത്. നേർത്ത നൂലു പോലെ വെളിച്ചം അപ്പോൾ ഭൂമിയിലേക്കിറങ്ങുകയായിരുന്നു. പിന്നീട് അതിനു ചൂട് കൂടി കൂടി വന്നു, വെയിൽ പറക്കുകയാണ്. 

ഒരുപാട് കറുത്ത മേഘങ്ങൾക്കിടയിൽ കൂടി നീലാകാശം കാണാറായി. മഴക്കാറുകൾ കാറ്റിന്റെ കൂടെ യാത്ര പോകുന്നു, കുറച്ച് കഴിഞ്ഞ് തിരികെ വരാനായി. കിളിക്കുഞ്ഞുങ്ങളുടെ തൂവലുകൾ ഉണക്കിയെടുക്കാനായി ഞാൻ അതെല്ലാം വെയിലിൽ ഭംഗിയായി വിരിച്ചിട്ടു.

 പക്ഷെ, പെട്ടെന്ന് തന്നെ തിരിച്ച് വന്ന് മേഘങ്ങൾ എന്നെ പറ്റിച്ചാലോ? ഞാൻ പുസ്തകവുമായി വരാന്തയിൽ തന്നെയിരുന്നു, കൂട്ടിനു എന്റെ ഓമനയായ നാൽകാലിയും. അവൾ കുറെ നേരം എന്നെ സന്തോഷിപ്പിക്കാൻ മടിയിലേക്ക് ചാടി കയറുകയും കൊഞ്ചുകയും ചെയ്തു. പക്ഷെ എന്റെ ശ്രദ്ധ അക്ഷരങ്ങളിലേക്ക് ഊളിയിടുന്നത് കണ്ടപ്പോൾ പിന്നെയവൾ എന്റെയരികിൽ അനങ്ങാതെ കിടന്നു, ഒരുപക്ഷെ വെയിൽ കായുകയാവാം! 

അങ്ങനെ നിശബ്ദം മോഹനം എന്ന അവസ്ഥയിലേക്കാണ്, പെട്ടെന്ന് മണികിലുക്കങ്ങൾ കേട്ടത്. ധാരാളം മണികളുള്ള വെള്ളി പാദസരങ്ങൾ എന്റെ മോഹങ്ങളിലൊന്നായിരുന്നു, നടക്കുമ്പോൾ 'ചിലും ചിലും' എന്ന് ശബ്ദം കേൾക്കും. എന്റെ പാദങ്ങൾ ഒരു സംഗീതത്തോടൊപ്പം സഞ്ചരിക്കും. നടക്കാതെ പോയ ഒരുപാട് സുന്ദരമോഹങ്ങളിൽ ഇതും ഒന്ന് തന്നെ. 

ഞാൻ മണികിലുക്കം കേട്ടപ്പോൾ കരുതിയത്, വെള്ളിപാദസരമണിഞ്ഞ ഏതെങ്കിലും കാലുകൾ ആ വഴി വരുന്നുണ്ടാവും എന്നാണ്. പക്ഷെ പ്രതീക്ഷിച്ച പോലെ കാലിൽ മണികിലുക്കമുള്ളവരല്ല, കഴുത്തിൽ മണി കെട്ടിയവരായിരുന്നു അതിലെ കടന്ന് വന്നത്. 

കറുപ്പും വെളുപ്പും കലർന്നവരും വെളുപ്പും കറുപ്പും മാത്രമുള്ളവരും ഒരു കൂട്ടമായി, ഒരു അജഗണം, പക്ഷെ അവരുടെ ഇടയനെയോ ഇടയകന്യകയോ ഞാൻ കണ്ടില്ല. ഞാൻ പുസ്തകത്തിൽ നിന്ന് തലയുയർത്തി അവരെ ശ്രദ്ധിക്കുന്നത് കണ്ടിട്ടാവണം അവർ എന്നെ സംശയദൃഷ്ടിയോടെ നോക്കാൻ തുടങ്ങിയത്, കുറെ നേരം കറുപ്പിൽ സ്വർണ്ണനിറമുള്ള ഒരുകൂട്ടം കണ്ണുകളും ഒരു സാധാരണ കറുത്ത കണ്ണും തമ്മിൽ ഉടക്കി നിന്നു, ഒരു പുരുഷനും സ്ത്രീയുമായിരുന്നു ഇങ്ങനെ നോക്കി നിന്നിരുന്നതെങ്കിൽ ഒരു ചലചിത്രഗാനത്തിന്റെ അകമ്പടി നൽകാമായിരുന്നു, ഈ നിമിഷങ്ങൾക്ക്. 

നോട്ടത്തിനൊടുവിൽ ഞാൻ ഉപദ്രവകാരിയല്ല എന്നറിഞ്ഞത് കൊണ്ടാവും അവർ മുന്നോട്ട് നടന്ന് മതിലിനു പുറത്ത് നട്ട് പിടിപ്പിച്ചിരിക്കുന്ന ഇലച്ചെടികൾ രുചിച്ച് നോക്കാൻ തുടങ്ങിയത്. മതിലിനു പുറത്തേക്ക് ചാഞ്ഞ് നിൽക്കുന്ന ചെടികൾ തിന്നാനായി അവർ അധികം ഉയരമില്ലാത്ത മതിലിൽ ചാടി കയറി. 

അതിർത്തി കാക്കുന്ന പട്ടാളക്കാരെ പോലെ എല്ലാവരും മതിലിൽ കയറി നിന്നാപ്പോൾ തോന്നിയ കൗതുകം ക്യാമറയിൽ പകർത്താനായി ഞാൻ ചെന്നപ്പോൾ വീണ്ടും അവർ എന്നെ സംശയിച്ചു. 

" അല്ലയോ അജസുന്ദരി ഞാൻ നിങ്ങളുടെ ഒരു ചിത്രം എടുക്കാനാഗ്രഹിക്കുന്നു, അനുവാദം തരുമോ?"
അവളുടെ അകിടിലേക്ക് നീണ്ട കുഞ്ഞു മുഖത്തെ തഴഞ്ഞു കൊണ്ട് അവൾ ചോദിച്ചു-"എന്തിനാ?"

"വൈകുന്നേരം കൂടണയുന്ന എന്റെ വീട്ടിലെ കിളികൾക്ക് കാണിച്ച് കൊടുക്കാനാണ്, നിങ്ങൾ എപ്രകാരം മതിലിൽ നിന്ന് ഈ ചെടികളുടെ രുചി നോക്കി എന്ന് പറയാൻ"

"അത് വേണ്ടാ"കൂട്ടത്തിൽ ഇത്തിരി കാർക്കശ്യകാരനായ ഒരുവൻ എന്നോട് പറഞ്ഞു.

" കൽമഷമേൽക്കാത്ത ദൈവത്തിന്റെ മേഷമേ, എന്നെ നിങ്ങൾ സംശയിക്കുകയാണോ? ഞാൻ നിങ്ങളെ ഉപദ്രവിച്ചില്ലാലോ, എന്റെ ചെടികൾ മുഴുവൻ തിന്നിട്ടും ഒന്ന് ആട്ടിപായിക്കുകപോലും ചെയ്തില്ല , എന്നിട്ടും എന്നെ സംശയമോ?

അവർ ഞാൻ പറയുന്നത് ശരിയാണോ എന്ന് ചിന്തിക്കുന്നതു പോലെ നിന്നു.

"അതൊക്കെ പോട്ടെ, എവിടെ നിന്റെ മറ്റേ കൊമ്പ്?
അവൻ ചമ്മി തലതാഴ്ത്തി നിന്നപ്പോൾ, കൂടെയുണ്ടായിരുന്ന കുഞ്ഞാട് പറഞ്ഞു "അത് വേറെ വീട്ടിലെ ആടുമായി കൊമ്പ് കോർത്തപ്പോൾ പൊട്ടിപോയതാ"

" അപ്പോ നല്ല കുറുമ്പുണ്ടല്ലേ?  എന്നാലും എന്റെ വീട്ടിലെ ചെടികൾ ഇങ്ങനെ നശിപ്പിക്കുമ്പോൾ എന്നോട് അനുവാദം ചോദിക്കണ്ടേ? ഇതിപ്പോ ഒരു മര്യാദയില്ലാതേ, കഷ്ടം!"

അവർ ഒരു തെല്ല് ചമ്മലോടെ പരസ്പരം നോക്കി നിന്നു.
"നിങ്ങൾക്കെല്ലാവർക്കും കഴുത്തിൽ ഈ മണികെട്ടി തന്നതാരാണ്?

" അത് ഞങ്ങടെ വീട്ടിലെ അമ്മാളുവാണ്"
"കൊള്ളാം, നന്നായിരിക്കുന്നു. അകിടിലേക്ക് മുഖം ചേർക്കുമ്പോഴൊക്കെ തള്ളി മാറ്റിയിരുന്ന അമ്മയോട് ഞാൻ പറഞ്ഞു" അതു കുടിച്ചോട്ടെ, അതിനു ദാഹിക്കുന്നുണ്ടാവും"

 അപ്പോഴും മതിലിൽ നിന്നിറങ്ങാതെ ഞങ്ങളുടെ മുറ്റത്തേക്ക് സൂക്ഷിച്ച് നോക്കി കൊണ്ടിരുന്ന ഒരു ഛഗശ്രീമാനെ ഞാൻ അപ്പോഴാണ് ശ്രദ്ധിച്ചത്.

"എന്തേ ഇത്ര കാര്യമായി നോക്കുന്നത്?"

തെല്ല് സംശയത്തോടെ അവൻ ചോദിച്ചു- " നിങ്ങളുടെ വീട്ടിൽ ഗോമാതാവിനെയോ മറ്റോ വളർത്തുന്നുണ്ടോ?"

"ഇല്ല, എന്തേ?"

"അല്ലാതെ പിന്നെ നിങ്ങളെന്തിനാ ഇങ്ങനെ പറമ്പില് പുല്ലു വളർത്തുന്നത്?"

അതു വരെ ഒരു സ്വകാര്യ അഹങ്കാരമായി പരിപാലിച്ച് വളർത്തുന്ന മനോഹരമായ പുൽത്തകിടി കണ്ടിട്ടാണ് ഈ ചോദ്യം എന്നറിഞ്ഞപ്പോൾ ചിരിക്കണോ അതോ കരയണോ എന്നറിയാതെ ഞാൻ നിന്ന് പോയി.

പെട്ടെന്ന് ആ വഴി വന്ന ഒരു കാർ കണ്ട് അവർ മതിലിൽ നിന്ന് ചാടിയിറങ്ങി, അവരുടെ വീട്ടിലേക്കാണെന്ന് തോന്നുന്നു, ഓടിപ്പോയി.
പിന്നീട് എന്റെ ചിന്തകളിൽ ഞാനോർത്തത് 'ആരായിരിക്കും ഇങ്ങനെ വീട്ടുമുറ്റത്ത് പുൽത്തകിടി ആദ്യം ഉണ്ടാക്കിയത്?'
'ഈ പുല്ല്, ആടിനും പശുവിനും തിന്നാൻ പറ്റോ?, അതോ ഭംഗി മാത്രേയുള്ളോ?'
അങ്ങനെ ഒരു ഉച്ച നേരത്ത് എന്റെ ചിന്തകളിൽ പുല്ലു വളരാൻ തുടങ്ങി. 

" ചേച്ചിയിതെന്താ ആലോചിച്ചിരിക്കണേ? ആ ആടുകൾ ആ ചെടി മുഴോനും തിന്നൂല്ലോ? അതിനെ ആട്ടികളയാർന്നില്ലേ?" ലത അന്നത്തെ പണിക്ക് വന്നതാണ്.

അജഗണമേ, കുറച്ച് നേരത്തേക്കെങ്കിലും എന്റെ ചിന്തകളിൽ കടന്നുകയറ്റം നടത്തിയതിനും എന്റെ ചെടികൾ നശിപ്പിച്ചതിനും നിങ്ങളോട് ഞാൻ ക്ഷമിച്ചിരിക്കുന്നു. ഒരിക്കൽ കൂടി ഈ വഴി വരാതിരിക്കാൻ ശ്രദ്ധിക്കണം, കാരണം, നിങ്ങൾ തിന്ന ചെടികൾക്ക് മറ്റ് വീട്ടുകാരും ഉടമസ്ഥരാണ്.

Comments

Popular posts from this blog

മോഹമഞ്ഞ

ഗില്ലറ്റിൻ

തിരുനെല്ലി, വയനാട്