നാടകങ്ങളും അണിയറതമാശകളും!
സ്കൂൾ യൂത്ത് ഫെസ്റ്റിവലുകൾ നമുക്കെല്ലാവർക്കും ഒരുപാട് ഓർമ്മകൾ നൽകിയിട്ടുണ്ടാവും, പങ്കെടുത്തവർക്കും കാണാനിരുന്നവർക്കും. എന്റെ വീട്ടിലെ കാളിപ്പെണ്ണിനും നാടകത്തിൽ അഭിനയിക്കണമെന്നൊരു മോഹം. അങ്ങിനെ ടീച്ചറിന്റെ സഹായത്തോടെ അവർ നാടകം തയ്യാറാക്കുന്നു, പരിശീലിക്കുന്നു. ഒരുപാട് തിരക്കുള്ളതിനാൽ ടീച്ചർ ഇവരോട് തന്നെ പ്രാക്ടീസ് ചെയ്യാൻ പറഞ്ഞു, പിന്നീട് ടീച്ചർക്ക് കാണിച്ച് കൊടുക്കുമ്പോൾ ടീച്ചർ തെറ്റുകൾ തിരുത്തി കൊടുക്കും. ദിവസവും വീട്ടിൽ വന്നാൽ റിഹേഴ്സലിന്റെ വിശേഷങ്ങളും പൊട്ടത്തരങ്ങളും ഇവർക്ക് പറ്റിയ അബദ്ധങ്ങളും വർണ്ണിച്ചും വിവരിച്ചും അവളുടെ നാവു കുഴഞ്ഞാലും എന്റെ കാതുകൾ നിറഞ്ഞാലും വിശേഷങ്ങൾ പിന്നേയും ബാക്കിയാണ്. ഗുഡ് നൈറ്റും പറഞ്ഞു പോയാലും ചിലപ്പോ എണീറ്റ് വന്ന് പറയും- "അതില്ലേ, മമ്മ്യേ ഒരു കാര്യം പറയാൻ മറന്നു". അങ്ങിനെ ഇന്നാ ദിവസം വന്നെത്തി. ക്ലാസ്സ് റൂമിലെ പ്രാക്ടീസ് കഴിഞ്ഞു, വേഷം മാറൽ കഴിഞ്ഞു, ചമയങ്ങൾ കഴിഞ്ഞു. അഞ്ചാം ക്ലാസ്സുകാർക്ക് അധികം ബുദ്ധിമുട്ടുകളും ചമയങ്ങളും ഇല്ലാത്ത ഒരു കുഞ്ഞു നാടകം തിരഞ്ഞെടുത്ത ടീച്ചർക്ക് നന്ദി. "അയ്യോ സ്വർണ്ണനാണയങ്ങൾ കൊണ്ടുവന്നില്ലേ?" ആൻലിയ ചോദിച്ചു. ...