മനുഷ്യൻ!!

മനുഷ്യൻ....

അവൻ ഏകനായിരുന്നു, മനസ്സും ആത്മാവും മാത്രമായി. വിഷാദമൂകനായി അവൻ അവിടെയെല്ലാം ഒഴുകി നടന്നു. അവൻ ചുറ്റും നോക്കി, എങ്ങും ശൂന്യത മാത്രം. അത് അവന്റെ ദു:ഖത്തെ ഘനീഭവിപ്പിച്ചു; മുറിച്ചെടുക്കാൻ പാകത്തിൽ. സൃഷ്ടിക്കായ് അവന്റെ മനസ്സ് ദാഹിച്ച് കേണു, ചതുപ്പിൽ താഴുന്നവന്റെ പ്രത്യാശ പോലെ! അവന്റെ ഹൃദയം തുടിച്ചു കൊണ്ടിരുന്നു, എന്ത് സൃഷ്ടിക്കണമെന്നോ, എങ്ങനെ സൃഷ്ടിക്കണമെന്നോ ആ പ്രഭാമയനു അറിവില്ലാത്തത്  പോലെ. 
പിന്നീട് അവൻ സ്വന്തം ആത്മാവിലെ വെളിച്ചമെടുത്ത് ഒരു ഗോളം ഉണ്ടാക്കി, അതിന്റെ ഭംഗി ആസ്വദിച്ചു. അവനു അതു പൂർണ്ണമല്ല എന്നു തോന്നിയതിനാൽ സ്വന്തം കൈകളാൽ തഴുകി ആ ഗോളത്തിനു ചൂട് നൽകി, സ്വന്തം ആത്മാവിലെ അഗ്നി മുഴുവൻ അതിനു പകർന്നു നൽകി. അവൻ മാറി നിന്ന് ആ ഗോളത്തെ വീക്ഷിച്ചു, സംതൃപ്തിയോടെ അതിനെ അനുഗ്രഹിച്ചു - " എന്റെ സൃഷ്ടികളിൽ എല്ലാം നിന്നെ ആശ്രയിച്ച്  പരിപാലിക്കപ്പെടുകയും പരിപോഷിക്കപ്പെടുകയും ചെയ്യട്ടെ".
പിന്നീട് അവൻ പുതിയവ സൃഷ്ടിച്ചു, വലുതും ചെറുതുമായി, പ്രകാശിക്കുന്നതും അല്ലത്താതുമായി. അവയെയെല്ലാം അവൻ ആ വലിയ പ്രകാശഗോളത്തിനു വലവെയ്ക്ക്കാൻ സജ്ജമാക്കി. 
പിന്നീട് അവൻ ആ പ്രകാശഗോളത്തിൽ നിന്നകന്നു മൂന്നാമതായി വലംവെയ്ക്കുന്ന ഗോളത്തെ സാകൂതം വീക്ഷിച്ചു. അവൻ ആ ഗോളത്തിൽ പറന്നിറങ്ങി. അവിടെ അവനു ചൂടും തണുപ്പും അനുഭവപ്പെട്ടു. അവൻ പുഞ്ചിരിച്ചു. അവിടെ അവന്റെ കണ്ണുനീരും വിയർപ്പും ഉമിനീരും കൂട്ടികലർത്തി അവൻ ജലാശയങ്ങൾ തീർത്തു. മണ്ണു കൊണ്ട് അവൻ മലകളും കുന്നുകളും പണിതുണ്ടാക്കി. ചതുപ്പുകളും മരുഭൂമിയുമുണ്ടാക്കി. അവൻ മാറി നിന്ന് അവന്റെ ശിൽപചാതുരിയെ വീക്ഷിച്ചു. എന്തൊക്കെയോ കുറവുകളുള്ളതായി അവൻ സങ്കടപ്പെട്ടു. അവന്റെ ചുണ്ടിന്റെ ചുവപ്പും മനസ്സിന്റെ വെളുപ്പും ശരീരത്തിന്റെ സ്വർണ്ണനിറവും ഹൃദയത്തിന്റെ പച്ചപ്പും ചേർത്ത് അവൻ വിവിധവർണ്ണങ്ങളുണ്ടാക്കി. ആ വർണ്ണങ്ങൾ വാരിവിതറി അവൻ ആ ഗോളത്തെ അലങ്കരിച്ചു. മഴവില്ല് പോലെ, മയിപ്പീലി പോലെ, റോസാപ്പൂക്കൾ പോലെ, സ്വർണ്ണമത്സ്യത്തെ പോലെ. അവൻ ജലാശയങ്ങൾ പലവർണ്ണങ്ങളാക്കി. പൂക്കളെ സൃഷ്ടിച്ചു, വൈവിധ്യത്തോടെ, പല നിറത്തോടെ, പല ഗന്ധങ്ങൾ സമ്മാനിച്ചു.  ഓരോ പുൽക്കൊടിത്തുമ്പിനേയും ചുംബിച്ചു, പ്രണയാർദ്ദ്രനായി. 
പക്ഷികളും മൃഗങ്ങളെയും അവൻ സൃഷ്ടിച്ച് താലോലിച്ചു. നീണ്ടകണ്ണുകളുള്ളവയും കൂർത്തദംഷ്ട്രകളുളളവയും അവന്റെയടുത്ത് ഒരുപോലെ പതുങ്ങിയുരുമ്മി നിന്നു.
ആ സൃഷ്ടികളെല്ലാം അവനെ സംതുഷ്ടനാക്കേണ്ടതായിരുന്നു, എന്നാൽ അവൻ സന്തോഷിച്ചില്ല. അവനതിനു കഴിഞ്ഞില്ല! പൂർണ്ണനായവനു പൂർണ്ണതയെ സൃഷ്ടിക്കാനകില്ലേ എന്നവൻ വേദനിച്ചു. 
പെട്ടെന്ന് ആ ഗോളമാകെ ഇരുണ്ട്, അന്ധകാരം നിറഞ്ഞു. അവൻ സൃഷ്ടിച്ച പ്രകാശഗോളം മറഞ്ഞിരിക്കുന്നു. അവൻ സൃഷ്ടിച്ച ജീവനുകളെല്ലാം ഭയം കൊണ്ട് വിറയ്ക്കുന്നു. അവരുടെ സങ്കടം കണ്ട് അവൻ തിളങ്ങുന്ന താരകങ്ങളെ ആ ഗോളത്തിനുമേൽ വിതറി, ഒരു കുഞ്ഞു പ്രകാശഗോളവും അവൻ സൃഷ്ടിച്ചു. നിലാവു കൊണ്ട് അന്ധകാരം അകറ്റാൻ! സൃഷ്ടികളെല്ലാം ശാന്തരായി, അവനെ നോക്കി നിന്നു. 
അവൻ വീണ്ടും ചിന്തിച്ചു- "മനസ്സിൽ നിന്നും ആത്മാവിൽ നിന്നും ശൂന്യത വിട്ട് പോകാത്തതെന്തേ? ഇനിയും ഞാൻ എന്താണു ചെയ്യേന്റതു?"
അവൻ മണ്ണു കുഴച്ച് രൂപങ്ങളുണ്ടാക്കാൻ തൂടങ്ങി. ചിലതെല്ലാം അവൻ മുഴുവനാക്കുന്നതിനു മുൻബു തന്നെ തകർത്ത് കളഞ്ഞു. പിന്നെയും മണ്ണു കുഴച്ചു അവൻ രൂപങ്ങൾ ഉണ്ടാക്കി, അവൻ തളർന്നിരുന്നു, വിശപ്പും ദാഹവും അവനെ ക്ഷീണിതനാക്കിയിരിക്കുന്നു. എന്നാൽ അവൻ എല്ലാം മറന്ന് സൃഷ്ടി കർമ്മത്തിൽ നിമഗ്നായിരുന്നു. ഏറ്റവും മികച്ചതിനെ, പൂർണ്ണമായതിനെ സൃഷ്ടിക്കാൻ!
അവസാനം വിരിഞ്ഞ മാറും ഉറച്ച കൈകാലുകളും ബലിഷ്ഠങ്ങളായ കഴുത്തും നീണ്ടമൂക്കും വിടർന്ന കണ്ണുകളും ഉള്ള ഒരു സുന്ദരരൂപത്തെ അവൻ മെനഞ്ഞെടുത്തു. അവൻ കൈകൾ കൊട്ടിയാർത്തു ചിരിച്ചു, അവന്റെ ചിരി കേട്ട് മറ്റ് ജീവനുകളും അവന്റെ സന്തോഷത്തിൽ പങ്കു ചേർന്നു. ആ ഗോളമാകെ ആഹ്ലാദത്താൽ ത്രസിച്ചു. 
പിന്നീട് സൃഷ്ടികർത്താവ് സൃഷ്ടിയിലേക്ക് ജീവവായു ഊതിവിട്ടു. അവനിൽ നിന്ന് പകർന്ന് കിട്ടിയ നിശ്വാസം സൃഷ്ടിയുടെ വായിൽകൂടി ഉള്ളിലേയ്ക്ക് കയറി ശ്വാസകോശത്തിനെ ഓരോ കോശത്തിലും തട്ടി പ്രതിഫലിച്ച്, മൂക്കിൽ കൂടി പൊടിക്കാറ്റായി പുറത്തേക്ക് വന്നു. സൃഷ്ടി കണ്ണുകൾ തുറന്നു ചുറ്റും നോക്കി, അവനെ സൂക്ഷമായി വീക്ഷിക്കുന്ന സൃഷ്ടികർത്താവിനെ കണ്ട്, ഭയന്ന് കണ്ണുകൾ കൂമ്പിയടച്ചു. ജീവനുള്ള ആ  ശിൽപത്തെ "മനുഷ്യാ" എന്ന് വിളിച്ച് കൊണ്ട് ശിൽപി അവനെ എഴുന്നേൽപ്പിച്ചു, സമസ്തഗോളവും അതിനെ ജീവനും അവന്റെ കൈകളിലേൽപ്പിച്ചു. മനുഷ്യനു ഏകാന്തതയിൽ മോചനം കിട്ടാൻ ഒരു ഇണയേയും സൃഷ്ടിച്ചു, അവനു സമ്മാനമായി നൽകി.
അനന്തരം ഏകനായി  സ്രഷ്ടാവ് സ്വർഗ്ഗത്തിലേയ്ക്ക് കയറിപ്പോയി. സ്വർഗ്ഗത്തിൽ ഇരുന്ന് അവൻ തന്റെ സൃഷ്ടികളെ വീക്ഷിച്ചു. അവരുടെ സന്തോഷത്തിൽ ആഹ്ലാദിച്ചു. പരസ്പരസ്നേഹത്തിലും സഹകരണത്തിലും അവർ ജീവിക്കുന്നത് കണ്ട് അവൻ സ്വയം മറന്ന് ഉല്ലസിച്ചു. അവനു ഏറ്റവും പ്രിയങ്കരമായത് മനുഷ്യനെന്ന സൃഷ്ടിയായിരുന്നു. അവൻ മനുഷ്യനേയും അവന്റെ ഇണയേയും അനുഗ്രഹിച്ചു-" സർവ്വജീവജാലങ്ങളെയും ഭരിച്ച് ആ ഗോളത്തെ നിന്റെ അധീനതയിലാക്കാനുള്ള ശക്തി ഞാൻ നിനക്ക് പ്രദാനം ചെയ്യുന്നു". 
മനുഷ്യൻ ആ ഗോളത്തിനു ഭൂമി എന്ന് പേരിട്ടു, പ്രകാശഗോളത്തെ സൂര്യനെന്നും. പിന്നീട് മനുഷ്യൻ ആ പ്രപഞ്ചത്തിലെ ജീവനുള്ളതും അല്ലാത്തതുമായ എല്ലാറ്റിനും നാമങ്ങൾ നൽകി, അവയെയെല്ലാം അവൻ പരിപാലിച്ചു പോന്നു.
മനുഷ്യൻ മണൽത്തരികൾ പോലെ ഭൂമിയിൽ പെറ്റുപെരുകി. അനുസരണക്കേടിന്റെ ഫലമായി ലഭിച്ച വിവേകവും ബുദ്ധിയും അവനെ മറ്റ് ജീവജാലങ്ങളെ സ്വന്തം സുഖസൗകര്യങ്ങൾക്കായി ഉപയോഗിക്കാനും ഉപയോഗശേഷം നശിപ്പിക്കാനും ഉപയോഗശൂന്യമാക്കാനും പ്രേരിപ്പിച്ചു. എല്ലാം സ്വന്തമാക്കുക എന്നതു മാത്രം അവന്റെ ലക്ഷ്യമായി.സ്രഷ്ടാവ് അതീവഖിന്നനായി, സ്വന്തം ഛായയിലും സാദൃശ്യത്തിലും സൃഷ്ടികൊണ്ടവർ ഇങ്ങനെയൊക്കെയാകുമെന്നു അവൻ കരുതിയേയില്ല. അവന്റെ പിഴ!അവന്റെ വലിയ പിഴ! മനുഷ്യനെ അവൻ ചിതറിച്ചു. പക്ഷെ ബാബേലിൽ ചിതറിയത് ഭാഷ മാത്രമല്ല, ഗോത്രവും വർഗ്ഗവും സംസ്കാരവും എല്ലാമാണ്. ഇനം ഇനത്തോട് ചേരുമെന്ന പോലെ മനുഷ്യൻ കൂട്ടം കൂട്ടമായി, ധരയെ പകുത്തെടുത്തു. തൊലിയുടെ നിറമനുസരിച്ച് അവർ ഒന്നു ചേർന്നു, ഒരേ ചിന്തകളുള്ളവർ ഒന്ന് ചേർന്നു, അവരെ അനുസരിക്കത്തവർ ബലമായി അടിച്ചമർത്തപെട്ടു. അങ്ങനെ മനുഷ്യൻ ഭൂമിയിലെ സർവ്വശക്തനായി ഉയിർത്തെഴുന്നേറ്റു.
പിന്നീട് അവൻ സ്രഷ്ടാവിനെ പോലെയാകാൻ തീരുമാനിച്ചു. എന്തുണ്ടാക്കണമെന്നു ചിന്തിച്ച് തലപുകഞ്ഞു. അനന്തരം അവൻ ദൈവത്തെ ഉണ്ടാക്കി. ഒരുകൂട്ടർ ഉണ്ടാക്കിയ ദൈവത്തെ മറ്റുള്ളവർക്ക് ഇഷ്ടപ്പെട്ടില്ല, അല്ലെങ്കിൽ അവർ അതിനെ അംഗീകരിക്കാൻ വിസമ്മതിച്ചു. അങ്ങനെ ഓരോ കൂട്ടവും ദൈവത്തെ ഉണ്ടാക്കി, മണ്ണു കൊണ്ട്, മരം കൊണ്ട്, ലോഹം കൊണ്ട്! 
അവർ ദൈവത്തെ വിൽക്കാൻ വെച്ചു, വഴിവാണിഭക്കാർ ദൈവത്തിനു വിലപറഞ്ഞു, മനുഷ്യൻ ദൈവത്തിനെ വിലപ്പേശി വാങ്ങി സ്വഭവനങ്ങളിൽ അലങ്കാരവസ്തുവാക്കി.
ഇതെല്ലാം കണ്ട് സ്രഷ്ടാവ് സ്വർഗ്ഗത്തിന്റെ വാതിൽ എന്നന്നേയ്ക്കുമായി കൊട്ടിയടച്ചു!!


Comments

Popular posts from this blog

മോഹമഞ്ഞ

ഗില്ലറ്റിൻ

തിരുനെല്ലി, വയനാട്