പ്രണയം!!

ഞാൻ നിന്നെയും പ്രണയിക്കുന്നു, ജീവിതത്തെ
പോലെതന്നെ, അതോ അതിനേക്കാളുമുപരിയോ
വിരിച്ചുപിടിച്ച കൈകളുമായി, ജിജ്ഞാസയോടെ
എന്റെ കണ്ണുകൾ നിന്നെ നോക്കിയിരിക്കുന്നു.
ഹൃദയം അഭിവാഞ്ജയോടെ നിന്നെ പ്രതീക്ഷിക്കുന്നു.

മരണമെ, എന്നെ ആശ്ലേഷിക്കനുള്ള സ്വതന്ത്ര്യം
നിന്നിൽ മാത്രം നിക്ഷിപ്തമാക്കുന്നു ഞാൻ.
നിന്നെ ഞാൻ പ്രണയിക്കുന്നു, ജീവനെപ്പോലെ!!
സൗഹൃദങ്ങളുടെ പുതപ്പിന്നുള്ളിൽ, നേട്ടങ്ങൾക്കിടയിൽ
എന്നെ ചുറ്റിവരിയുന്ന പിഞ്ചുകൈകളുടെ നൈർമ്മല്യത്തിൽ
എല്ലാം ഞാനീ ജീവിതം അസ്വാദ്യമാക്കുന്നു;
എങ്കിലും, ഞാൻ നിന്നെ പ്രണയിക്കുന്നു, മരണമേ!

എന്റെയാത്മാവിനെ നിന്നിലർപ്പിക്കാൻ
എനിക്കുള്ളതെല്ലാമുപേക്ഷിച്ചു, നിന്നിലൂടെ
നിന്നിലേക്ക് പലായനം ചെയ്യാൻ, മൃത്യുവേ
പാഥേയങ്ങളുടെ മാറാപ്പില്ലാതെ, വഴിയമ്പലങ്ങളിൽ
തങ്ങാതെ, ഒന്നായി അലിഞ്ഞു ചേരാൻ, മരണമേ
ഞാൻ നിന്നെ പ്രണയിക്കുന്നു.

ചിലപ്പോഴെങ്കിലും ഞാൻ നിന്നോട് പിണങ്ങുന്നു
അസ്തിപഞ്ജരങ്ങളായി, മജ്ജപോലും ഭാരമായി തീർന്ന
ആർക്കും വേണ്ടാത്ത വാർദ്ധക്യകോമരങ്ങളെ
പുറന്തള്ളി, യൗവനവും ഊർജ്ജവും നിറഞ്ഞ
യുവഹൃദയങ്ങളെ നിശ്ചലമ്മാക്കുംബോൾ
ഞാൻ നിന്നെ വെറുക്കുന്നു , ഏതൊരുകാമുകിയെപ്പോലെ
നിന്റെ പാപത്തിന്റെ ശമ്പളം എന്തായിരിക്കുമെന്നു, ഞാൻ
ചിന്തിക്കുന്നു, പങ്കുപെറ്റാൻ ആഗ്രഹമില്ലതെ.

ഇനിയൊരു ജന്മമുണ്ടെങ്കിൽ മനുഷ്യനാവണ്ടേന്നൊരു
നിശ്ചയം, കട്ടായമെടുത്ത് ഞാൻ, പിന്നെയെന്താവണം
എന്ന ചിന്തയിലുഴറി, ഇടറുന്നു.
നക്ഷത്രമായാലോ? സ്വയം കരിഞ്ഞു കൊണ്ട്
പ്രകാശിക്കുന്ന താരകം, മരണശേഷം ആത്മാവുകൾ
ആകാശത്തുദിക്കുമെന്ന മനുഷ്യവിശ്വാസത്തെ
സത്യമാക്കി തീർത്ത് കൊണ്ട്, ഒരു താരമായി.

അല്ലെങ്കിൽ ഒരു മെഴുകുതിരി ആയി ജന്മമെടുത്താലോ?
പള്ളികൾക്ക് വരുമാനമുണ്ടാക്കുന്ന തിരി അല്ല
ഏതൊ ഒരു കുടിലിൽ, അക്ഷരവെളിച്ചം തെളിയാതെ
കരയുന്ന കുഞ്ഞിനു മുന്നിൽ ഉരുകി തീരാൻ!
ഞാൻ നിന്നെ കാത്തിരിക്കുന്നു, എന്റെ പ്രണയമേ
എന്റെ ആത്മാവിനെ നിന്നിൽ സമർപ്പിക്കാൻ
ഞാൻ നിന്നെ പ്രണയിക്കുന്നു എന്റെ പ്രിയമരണമേ!!




Comments

Popular posts from this blog

മോഹമഞ്ഞ

ഗില്ലറ്റിൻ

തിരുനെല്ലി, വയനാട്