ഇന്നത്തെ സ്പെഷ്യൽ!!



പ്രിയതമന്റെ ഹൃദയത്തിലേക്കുള്ള വഴി വയറ്റിലൂടെയാണെന്നാണു വെയ്പ്പ്പ്! ഞാൻ കുറെ പ്രാവശ്യം പോയിട്ടുള്ളതാണ്, കൊഴുപ്പില്ലാത്തതു കൊണ്ടു നന്നായി മിടിക്കുന്നു എന്നല്ലാതെ പ്രത്യേകിച്ച് ഗുണമൊന്നുമില്ല.
അങ്ങിനെ ഇന്നും ആ വഴിക്കൊന്ന് പോകാൻ തീരുമാനിച്ച്,  എല്ലാ ഞായറാഴ്ചത്തെയും പോലെ മീന്മാർക്കറ്റിലേക്കു വച്ചു പിടിച്ചു. പതിവ് സ്റ്റാളിൽ ചെന്ന് കുശലാന്വേഷണം പറച്ചിൽ കഴിഞ്ഞ്, നോനയുടെ ആവശ്യപ്രകാരം ഇന്നു കൂന്തൾ വാങ്ങാൻ തീരുമാനിച്ചു. കുഞ്ഞായിരിക്കുമ്പോൾ മുതൽ അവിടത്തെ സ്ഥിരം സന്ദർശ്ശകയായതിനാൽ നോനക്ക് അവരുടെ വക സ്പെഷ്യൽ മീൻ എപ്പോഴും ഉണ്ടാവും, ജീവനോടെ കിട്ടുന്ന വരാലിനെ വീട്ടിലെത്തി ബക്കറ്റിൽ ഇട്ടു ഒരു ദിവസം മുതൽ അവൾ കാവലിരിക്കാറുന്റായിരുന്നു. ഇപ്പോ നോനാസ് കാറ്റികിസമൊക്കെയായി തിരക്കായി....പാവം!
 പിന്നെ "പ്രേമ"ത്തിലെ നിവിൻ പോളിയെ പോലെ ഒരു മത്തികൊതിയൻ എന്റെ വീട്ടിലും ഉണ്ട്. അങ്ങിനെ ഇന്ന് വാങ്ങിയതൊക്കെ നന്നാക്കി കിട്ടാൻ കാത്തുനിൽക്കുമ്പോളാണ് അതു സംഭവിച്ചത്.
മാർക്കറ്റ് പുതുക്കി പണിയുന്നതിന്റെ ഭാഗമായി അവിടെ നിറയെ ചരൽ കൂട്ടിയിട്ടുന്റായിരുന്നു. പോരാത്തതിന് നീലയും ഓറഞ്ചും പ്ലാസ്റ്റിക് ബോക്സുകളും. വഴി തടസ്സമാവണ്ടാന്ന് കരുതി ഇത്തിരി പുറകിലോട്ട് മാറി ഞാൻ നിന്നു. ഞാൻ നിൽക്കുന്നതിന്റെ മുന്നിൽ ഒരു ഓറഞ്ച് ബോക്സിൽ കുറച്ച് "മൽഞ്ഞീൻ" ജീവനോടെ നീന്തുന്നു. അതിലെ നടന്നു പോകുന്നവർ അൽഭുതത്തോടെ അതിലേക്ക് നോക്കുന്നുണ്ട്. ബോറടിക്കുമ്പോൾ എല്ലാവരും ചെയ്യണ പോലെ ഞാനും എന്റെ ഫോണിൽ ചുണ്ണാമ്പ് തേക്കുന്നത് പോലെ ലൈക്കും കമ്മന്റും കൊടുക്കുകയായിരുന്നു. 
രണ്ട് ചെറിയകുട്ടികൾ "ദേ പാമ്പ്" എന്നു പറഞ്ഞതും, അതു പാമ്പല്ല മൽഞ്ഞീൻ ആണെന്നും ഒരു മധ്യവയസ്കനായ ചേട്ടൻ ആ കുട്ടികൾക്കു പറഞ്ഞു കൊടുത്തു.ഇതെല്ലാം ഞാൻ ശ്രദ്ധിക്കുകയും ചെയ്തു. പിന്നീട് നമ്മുടെ ഐറ്റംസ് റെഡിയായൊ എന്നറിയാൻ ഞാൻ തല ഉയർത്തി നോക്കിയപ്പോൾ ആ ചേട്ടനു ഒരു സംശയം അതു മൽഞ്ഞീൻ തന്നെയല്ലേന്നു( അയാൾ ആ കുട്ടികൾക്ക് പറഞ്ഞു കൊടുക്കുന്നത് ഞാൻ കേട്ടു എന്നയാൾക്കു അറിയില്ലാലോ), ഞാൻ പറഞ്ഞു എനിക്കറിയില്ലാന്നു. അപ്പോഴേക്കും ഞങ്ങൾക്കുള്ളത് ശരിയായി, അതു വാങ്ങാൻ ഞാൻ മോമി നിൽക്കുന്നിടത്തേക്ക് ചെന്നു, ആ സ്റ്റാളിലെ ചേട്ടൻ എന്നോട് അയാൾ എന്തെങ്കിലും പറഞ്ഞോ എന്നു അന്വേഷിച്ചു,ഞാൻ പറഞ്ഞു അതെന്ത് മീനാണ് എന്നു ചോദിച്ചതാണ് എന്നു.
അയാൾ ചിരിച്ചിട്ട് പറഞ്ഞു "അതു വിൽക്കാൻ നിൽക്കണെന്ന് വിചാരിച്ചിട്ട്ന്റാവോ?
അപ്പൊ അവിടെ വാങ്ങാൻ വന്ന വേറെയൊരു ആൾ " അയ്, ഞാനീ കുട്ടിയോട് മൽഞ്ഞീനെന്താ വിലാന്ന് ചോദിക്കാൻ പൂവാർന്നു"
എല്ലാവരും കൂട്ടചിരിയായി, "എനിക്ക് എല്ലാ ഞായറാഴ്ചയും മീൻ ഫ്രീ ആയി തരൂംച്ചാൽ എനിക്കു മീൻ വിൽക്കണോണ്ട് ഒരു ചേതോല്യാന്നു",  പറഞ്ഞു ഞാൻ.
എന്തായാലും കൺസ്റ്റ്രക്ഷൻ ബിസിനെസ്സ് ഇത്തിരി മോശായാലും, മീങ്കച്ചൊടം തുടങ്ങാലോന്ന് ഒരു ഐഡിയ അവർ പറഞ്ഞു തന്നു.
അങ്ങിനെ അടുത്താഴ്ചവരേയ്ക്കും വണക്കം ചൊല്ലി ഞങ്ങൾ പിരിഞ്ഞു...
അങ്ങിനെ ഇന്നത്തെ സ്പെഷ്യൽ കൂന്തൾ റോസ്റ്റും ബീഫുംകായയും, പിന്നെ നല്ല പുളിയൻ മാങ്ങയിട്ട ത്രിശ്ശൂർ സ്റ്റെയിൽ മീൻ തേങ്ങാപാൽ പിഴിഞ്ഞതും....

Comments

Popular posts from this blog

മോഹമഞ്ഞ

ഗില്ലറ്റിൻ

തിരുനെല്ലി, വയനാട്