താരാട്ട് .
ഹെയർ പിൻ വളവുകൾ
തിരിഞ്ഞു മുകളിലേക്ക് കയറും തോറും, തണുപ്പ്
കൂടികൂടിവന്നു. പക്ഷെ അയാൾ കാറിന്റെ
ചില്ലുകൾ കയറ്റിയില്ല, ചിന്തകളുടെ ചൂടിൽ ഒരുപക്ഷെ
അയാൾക്ക് ആ തണുപ്പ്
അനുഭവപ്പെടുന്നുണ്ടാവില്ല. വഴിയോരങ്ങളിൽ പൂത്ത് നില്ക്കുന്ന വയലറ്റ്
പൂക്കൾ കണ്ണിനു സുഖം പകരുന്നതെങ്കിലും
മനസ്സിനെ ആശ്വസിപ്പിക്കാൻ ഉതകുന്നാതായിരുന്നില്ല. സന്ധ്യയാകാറായിരിക്കുന്നു, പക്ഷെ കുന്നിൻ മുകളിലെ
സൂര്യന് കടൽക്കരയിലെ സൂര്യന്റെ ചുവപ്പും ഭംഗിയും
ഇല്ല എന്ന് അയാൾക്ക്
തോന്നി. ഒരുപക്ഷെ കടലാകുന്ന കാമുകിയിലേക്ക്
ആഴ്ന്നിറങ്ങാനുള്ള ആവേശത്തിൽ ചുവന്നു തുടുക്കുന്നതാവാം.
ഈ ഹിൽ സ്റ്റേഷനിൽ
അയാൾ ആദ്യമായിട്ട് വരുകയാണ്
. അതുകൊണ്ട് തന്നെ പോകേണ്ട സ്ഥലം
കണ്ടുപിടിക്കാൻ ബുദ്ധിമുട്ടുമെന്നു അയാൾക്ക് തോന്നി. അയാൾക്ക്
കാണേണ്ടവർ അയാളെ എങ്ങനെ സ്വീകരിക്കുമെന്ന്
അയാൾ ചിന്തിച്ചു നോക്കി
,വെറുതെ അവരുടെ മുഖത്തെ ജാള്യതയും
അമ്പരപ്പും ഓർക്കാൻ ഒരു രസം
തോന്നി.
മഞ്ഞുവീഴുകയും
പെട്ടെന്ന് തന്നെ ഇരുട്ടാവുകയും ചെയ്യും
ഈ കുന്നുകളിൽ , അയാൾ
കാറിന്റെ ഫോഗ് ലൈറ്റ് ഓണ്
ചെയ്തുകൊണ്ട് ആക്സിലേറ്റരിൽ കാൽ അമര്ത്തി.
വളവുകളും തിരിവുകളും കഴിഞ്ഞു, ഭൂമിയുടെ അവസാനമെന്നോണം അയാൾ
ആ സ്ഥലം കണ്ടുപിടിച്ചു.
ഇരുട്ട് മൂടി മഞ്ഞു പുതച്ച്
ഒരു കോട്ടേജ് ! ഗേറ്റ്
പൊളിഞ്ഞു കിടക്കുന്നത് കൊണ്ട് തണുപ്പത്ത് പുറത്തിറങ്ങേണ്ടി
വന്നില്ല. കാറിന്റെ വെളിച്ചം കണ്ടിട്ടാവണം
അകത്തു മിന്നാമിന്നി തിളങ്ങുന്ന പോലെ ഒരു
നാല്പത് വോൾടിന്റെ ബൾബു മിന്നി
തെളിഞ്ഞു.
ജനാലവിരിപ്പ്
മാറ്റി പുറത്തേക്ക് നോക്കുന്ന ഒരു അവ്യക്തമായ
മുഖം കണ്ടോ എന്ന്
അയാൾ സംശയിച്ചു. സംശയം നിവർത്തിക്കപ്പെട്ടപ്പൊലെ
ആ വാതിലുകൾ അയാൾക്ക്
മുന്നിൽ തുറന്നു. അകത്തേക്കുള്ള ക്ഷണം
അയാൾക്ക് ഒരു ക്ഷണനം
ആയി തോന്നി. മടിച്ചു
നിന്ന അയാൾക്ക് മുന്നിൽ, പ്രതീക്ഷിച്ചത് പോലെ അമ്പരപ്പും ജാള്യതയും
നന്നായി കണ്ണീരും കലർന്ന മുഖവുമായി
അവൾ വന്നു നിന്നു.
എന്തോ പറയാൻ തുടങ്ങുമ്പോഴേക്കും അയാൾ
പറഞ്ഞു - "വേണ്ട ചെയ്തതിനൊക്കെ നന്ദി,
സ്നേഹിച്ചു വഞ്ചിക്കപ്പെടുന്നവരിൽ ഞാൻ ആദ്യത്തെ
പുരുഷനല്ല, അത് പുതുമയുമല്ല,
എന്നോ അഴുകിപ്പോയ ജഡങ്ങൾ വലിച്ച്
പുറത്തേക്ക് ഇടണ്ട, നിനക്ക് ഒരുപാടു
ന്യായീകരണങ്ങൾ നിരത്താനുണ്ടാവും , അതൊന്നും കേൾക്കാൻ എനിക്ക്
താൽപര്യമില്ല.ഞാൻ വന്നത്
എനിക്ക് മാത്രം അവകാശപ്പെട്ടത് നിന്റെ
കയ്യിലുണ്ട്, അത്
കൊണ്ടുപോകാനാണ്". കർട്ടനു പിന്നിൽ ഒരുപാട്
കഥാപാത്രങ്ങൾ വേറെയുമുണ്ടെന്നു അയാൾക്ക് മനസ്സിലായി. അവൾ
ഒന്ന് വിതുമ്പിയോ ? പണ്ടായിരുന്നെങ്കിൽ അത് അയാൾക്ക്
താങ്ങാവുന്നതിലും അപ്പുറത്തായിരുന്നു, എന്നാൽ ഇന്ന് ആ
കണ്ണീർ പ്രത്യേകിച്ചൊരു വികാരവും അയാളിൽ ഉണ്ടാക്കിയില്ല.
"നേരം പോകുന്നു, നീ ശ്വസിക്കുന്ന
വായുപോലും എന്നെ ശ്വാസമുട്ടിക്കുന്നു ,എനിക്ക്
ധൃതി ഉണ്ട് വേഗം
ആകട്ടെ" അയാൾ സ്വരം ഘനപ്പിച്ചു.
അവൾക്ക് പിന്നിൽ നിന്ന് ഒരു
ബാഗും തുണിയിൽ പൊതിഞ്ഞ ഒരു
കുഞ്ഞുപൊതിക്കെട്ടും അയാൾക്ക് നേരെ നീണ്ടു
.അയാൾ അതിനെ തോളിൽ ചേർത്ത്, ബാഗുമെടുത്ത്
നടന്നു, ഒന്ന് നിന്ന് തിരിഞ്ഞു
നോക്കാതെ അയാൾ പറഞ്ഞു -"ഈ
അദ്ധ്യായം ഇവിടെ പൂർണ്ണമായി, ഇനിയൊരു
തിരിച്ചുപൊക്കോ, കൂടിചേരലോ ഉണ്ടാവില്ല , അന്വേഷിച്ചു
വരരുത്.
പുറത്തെ തണുപ്പ് സഹിക്കാതെയാവും ആ
കുഞ്ഞുപൊതിക്കെട്ട് അനങ്ങാൻ തുടങ്ങി. അയാൾ
അതിനെ സ്വന്തം നെഞ്ചോട് ചേർത്തു, അയാളുടെ
ഹൃദയത്തിന്റെ താരാട്ട് കേൾപ്പിക്കാനായി.
Comments
Post a Comment