ജീവിതത്തിൽ നിന്ന് മരണത്തിലേക്കുള്ള ദൂരം......
ഞായറാഴ്ചകൾ എനിക്കു അലസതയുടെ ഒരുമിച്ചുള്ള പാചകത്തിന്റെ ഉച്ചയുറക്കത്തിന്റെ ദിവസമാണ്. പതിവുപോലെ അങ്ങനെയൊരു ദിവസത്തെ പ്രതീക്ഷിച്ചാണ് ഉറക്കമുണർന്നതും, ഒരു പകൽ മുഴുവൻ ആശുപത്രിയിൽ ചിലവഴിക്കേണ്ടി വരുമെന്നറിയാതെ. ഞാനവിടെ എന്തിനു ചെന്നു എന്നതപ്രസക്തമാണെങ്കിലും അവിടെ അനുഭവപ്പെട്ടത് വളരെ ഉള്ളുലയ്ക്കുന്നതായിരുന്നു. മുഖത്ത് നിറയെ ചോരയുമായി വന്ന ഒരു ചെറുപ്പക്കാരൻ, ഒരു ഇരുപതോ ഇരുപത്തിരണ്ടോ വയസ്സുണ്ടാവും, അവനു വേദനിച്ചു കരയാൻ പോലും കഴിയുന്നില്ല. കൂടെയുള്ള പെൺകുട്ടി അവൾക്ക് ഒന്നും പറ്റിയിട്ടില്ല, അവൾ കൂളായി നിൽക്കുന്നതു കണ്ടു. പക്ഷെ, പിന്നീട് സ്റ്റ്രചറിൽ കൊണ്ടു പോകുന്നതു കണ്ട് , അവിടെയുള്ള നഴ്സിനോട് ചൊദിച്ചപ്പോ പറഞ്ഞു, ബൈക്കിൽ നിന്ന് വീണപ്പോൾ തലയിടിച്ചിരുന്നു, ഇപ്പൊ നല്ല വേദന ഉണ്ട്, മാത്രമല്ല ഇടയ്ക്ക് ഓർമ്മ പോണുണ്ടെന്നു പറയുന്നു. അത്രയ്ക്കൊന്നും ദൈവവിശ്വാസം ഇല്ലാത്ത ഞാൻ അറിയാതെ വിളിച്ചു പോയി " ദൈവമേ അതൊരു കൊച്ചുപെണ്ണല്ലെ, വേദനിപ്പിക്കല്ലെ എന്നു". ആ ഒരു കാഴ്ചയുടെ , ചിന്തയുടെ ആഘാതത്തിൽ നിൽക്കുമ്പോഴാണു ഒരു ആംബുലൻസിൽ ഒരു കുഞ്ഞു വാവയെയും ഒരു ചെറുപ്പകാരനെയും കൊണ്ട് വന്ന് ഇറക്കുന്നത് കണ്ടത്. പിന്നെ അവിടെ സംഭവിക്കുന്നതു മനസ്സിലാക്കിയെടുക്കാൻ ഒരുപാട് സമയം വേണ്ടി വന്നു. ആ കുഞ്ഞാവയുടെ കരച്ചിൽ സഹിക്കാൻ പറ്റുന്നതായിരുന്നതല്ല. അവനു ഒന്നു പറ്റിയിട്ടില്ല, ചെവിക്ക് മാത്രം ബ്ലീഡിംഗ് ഉണ്ടെന്ന് പറഞ്ഞു കേട്ടു. കൂടെ വന്നതു കുട്ടിയുടെ അച്ചനാണൊ? അപ്പോ ഈ കുഞ്ഞാവയുടെ അമ്മയെവിടെ? കൂടെ വന്നയാളുടെ കാൽ ആകെ ചിതറിയിറിക്കുന്നു, അതിന്റെ സർജറിക്കാണ് ഇവിടെ കൊണ്ടുവന്നതെന്നു നഴ്സുമാരോട് ചോദിച്ചപ്പോൾ പറഞ്ഞു. ഒരുപാട് ബന്ധുക്കൾ, പക്ഷെ എന്ത് ചെയ്യണമെന്ന് അറിയാതെ പതറിനിൽക്കുന്നവർ!! അതിലൊരാളൊട് എന്റെ ബന്ധുക്കളിലൊരാൾ എന്താ സംഭവിച്ചതെന്നു അന്വേഷിക്കുന്നത് കണ്ട് ഞാനും ശ്രദ്ധിച്ചു, മലയാറ്റൂർക്കു പോയി വരികയായിരുന്നുവെന്നും ഒരാൾ മരിച്ചു, ഒരാൾ ഐസിയുവിലാണെന്നും പറഞ്ഞു. കുഞ്ഞിന്റെയമ്മയാണൊ എന്നു ചോദിക്കാൻ നാവുയർന്നെങ്കിലും അയാളുടെ അവസ്ഥ- അതെന്നെ വിലക്കി. ഇന്നു രാവിലെ ന്യൂസ് പേപ്പറിൽ നിന്നും ഈ ആക്സിഡന്റിന്റെ ബാക്കി വായിച്ചറിഞ്ഞു. മരിച്ചത്- ജിതിൻ, അവന്റെ അമ്മയ്ക്കും അഛ്ചനും സഹോദരിക്കും എന്നു വേദന മാത്രം സമ്മാനിച്ച് കൊണ്ട്, നീറുന്ന ഓർമ്മകളായി മാത്രം അവൻ ഇനി അവരുടെ ഉള്ളിൽ!!
ഒരു നല്ല ഞായറാഴ്ചയിലേക്കായിരിക്കും എന്നെ പോലെ തന്നെ അവരും കണ്ണു തുറന്നിട്ടുണ്ടാവുക, ഒരുപാട് സന്തോഷത്തോടെ കളിയും ചിരിയുമായി. പക്ഷെ എല്ലാം ക്ഷണികമായിരുന്നു. ഒരിക്കലും വരാത്ത നാളെയെന്ന പ്രതിഭാസത്തെ അറിയാത്തതാണു മനുഷ്യന്റെ ഏറ്റവും ഭീതിദമായ ചിന്ത. എന്നാലും 'ഞാൻ' എന്ന വാക്കിനും വിചാരത്തിനും കൊടുക്കുന്ന പ്രാധാന്യം, 'ഞാൻ, ഞാൻ മാത്രം' എന്തോ ആണെന്ന മിഥ്യാബോധം. എല്ലാം ഒരു കൺച്ചിമ്മലിന്റെ വേഗതയിൽ അവസാനിക്കുന്നു. മറ്റുള്ളവരെ കയ്യടിച്ച് പരിഹസിക്കുകയും പുഛ്ചിക്കുകയും വിമർശ്ശിക്കുകയും ചെയ്യുമ്പോൾ ജീവിതത്തിനു ഒരു നീർക്കുമിളയുടെ ആയുസ്സേയുള്ളു എന്ന് ഓർക്കുന്നത് നല്ലത്. ജീവിതത്തിന്റെ അവസ്ഥകളും അവസ്ഥാന്തരങ്ങളും മാറിമറിയാൻ ഒരു നിമിഷം പോലും വേണ്ട എന്ന പാഠം ഞാൻ പഠിച്ചത് പന്ത്രണ്ട് വയസ്സിലാണ്. മരണമെന്ന വില്ലന് മൂന്ന് മാസക്കാരനും ഇരുപത്തിനാലുകാരനും മുപ്പത്തിയൊൻപതുകാരനും നാൽപത്തിയഞ്ചുകാരനും തൊണ്ണൂറുകാരനും ഒരുപോലെ- ജാതിമതപാമരപണ്ഡിതവ്യത്യാസങ്ങളില്ലാതെ സംഭവിക്കുന്ന ഒരു യാഥാർത്ഥ്യം മാത്രം!!
Comments
Post a Comment