സൂപ്പർ വുമൺ!
സൂപ്പർ വുമൺ!
വലിയഭക്തിയൊന്നുമില്ലെങ്കിലും വികാരിയച്ചനെ കാണേണ്ടതായ ഒരാവശ്യം വന്നതു കൊണ്ട് മാത്രം പള്ളിയിൽ പോയതായിരുന്നു. തിരിച്ച് വരുമ്പോൾ ഒരാന! അങ്ങനെ അതിനെയും നോക്കി ചെറുപ്പത്തിൽ ഒരാനയേയും കുതിരയെയും വാങ്ങണമെന്നുള്ള ആഗ്രഹം ഇപ്പോഴും അതു പോലെ തന്നെയുണ്ടല്ലോ എന്ന പലവിചാരത്തിൽ നടന്ന് വരുകയായിരുന്നു ഞാൻ. അപ്പോഴാണതു സംഭവിച്ചത്! നല്ല സ്പീഡിൽ വന്ന ഒരു ബസ്സിനെ ഞാൻ "തോളു കൊണ്ടു തടയാൻ ശ്രമിച്ചത്". ശ്രമം വിജയിച്ചില്ലെന്നു മാത്രമല്ല അവർ നിറുത്താതെ പോവുകയും ചെയ്തു. ഞാൻ അപ്പൊ തന്നെ വീട്ടിൽ വന്ന് കെട്ടിയോനോടു വിവരം പറഞ്ഞു--"നോക്കൂ, കണ്ടോ ഇങ്ങനെയാണു സൂപ്പർ വുമൺ ഉണ്ടാവുന്നതു, ബസ്സിനെ വരെ ഞാൻ ഷോൾഡർ കൊണ്ട് തടഞ്ഞു നിറുത്തും". തെളിവായി തോളത്തുള്ള മുറിവുകളും കുറച്ച് നീരും കാണിച്ചു കൊടുത്തു.കുറച്ച് നേരം ഒന്നും മിണ്ടാതെ എന്നെ നോക്കിയിരിക്കുന്ന ആളെ കണ്ടപ്പോൾ എനിക്ക് മനസ്സിലായി ആൾക്ക് എന്നോട് കുശുമ്പാണെന്നു. ആൾക്ക് പറ്റാത്ത ഒരു കാര്യം ഞാൻ ചെയ്തല്ലോ? അതാണ്!! ഞാൻ അപ്പോ തന്നെ ഒല്ലൂർ പോലീസ് സ്റ്റേഷനിൽ വിളിച്ച് പരാതി പറഞ്ഞു. പിന്നീട് നേരിട്ട് പോയി പരാതി കൊടുക്കുകയും ചെയ്തു. ഡോക്ടരിനെ കണ്ടപ്പോൾ എക്സറെ എടുക്കാൻ പറഞ്ഞു, നീരു വൈകുന്നേരത്തേക്ക് കുറഞ്ഞില്ലെങ്കിൽ മാത്രം സ്കാൻ ചെയ്യാൻ പറഞ്ഞു. അപ്പോഴാണു പോലീസ് സ്റ്റേഷനിൽ നിന്ന് വിളി വന്നത്, ഇന്ന് നേരിൽ ഹാജരാകണമെന്നു പറയാൻ.
അങ്ങനെ ഞങ്ങൾ അവിടെ എത്തിയപ്പോൾ , ബസ്സ് മുതലാളിയും ഡ്രൈവറും എല്ലം ഉണ്ട്. അയാൾ പറഞ്ഞു "ചേച്ചീനെ ഇടിച്ചിട്ട് കണ്ണാടെ കൂടെ നോക്കീപ്പോ, വീണിട്ടില്യാന്ന് കണ്ടക്റ്റർ പറഞ്ഞു, അതാ ഞാൻ നിർത്താണ്ടെ പോയ്യേ, പെട്ടെന്ന് ഒരു കാർ മുന്നിൽ ഇന്റികേറ്ററിട്ടപ്പോ എനിക്ക് ചവിട്ടാൻ പറ്റിയ്ല്ല്യാ അതാട്ടാ, പിന്നെ ചേച്ചി വീണൊന്നുമില്യാലോ"?
"അപ്പോ ഞാൻ വീഴാത്തതാണൊ കുഴപ്പം"? ഞാൻ നടന്നിരുന്നതിൽ നിന്ന് ഒരു രണ്ടിഞ്ച് മാറിയിരുന്നെങ്കിൽ ഇതല്ല സ്ഥിതി".
കുറച്ചു നേരം കാത്തിരുന്നപ്പോഴാണു ഇൻസ്പെകടർ സർ വന്നതു. ഞങ്ങളെ അകത്തേയ്ക്ക് വിളിപ്പിച്ചപ്പോ, എല്ലാം പറഞ്ഞു കോമ്പ്ലിമെന്റ്സ് ആക്കാം, ബസ്സ്കാരെ ഒന്ന് ഉപദേശിച്ച് വിടും എന്നൊക്കെയായിരുന്നു, പോലീസ് സ്റ്റേഷനിൽ മുൻപരിചയമില്ലാത്ത ഞങ്ങൾ വിചാരിച്ചതു. പക്ഷെ ആ സർ ഡ്രൈവറിനെ എടുത്ത് കുടയുന്ന കണ്ടപ്പോൾ ഞാൻ ഞെട്ടി. മീശചുരുട്ടലും കണ്ണുരുട്ടലും ഒക്കെ ഞാൻ ആദ്യമായി കണ്ടതു ഇന്നാണു."ഇതാണ്ടാ പോലീസ്" എന്ന് എനിക്ക് തോന്നിപ്പോയി.നഷ്ടപരിഹാരമായി എനിക്ക് കിട്ടേണ്ട തുക ഓരൊ വകുപ്പുകളിലായി കണക്കു കൂട്ടി ആ സാർ പറയുന്നത് കേട്ടപ്പോൾ ഞാൻ വിചാരിച്ചു...എനിക്ക് ശരിക്കും ഇത്രയും ചിലവ് വന്നോ?
ഇതിന്റെയിടയിൽ ആ പാവം ഡ്രൈവർ രംഗം ഒന്ന് ലഘൂകരിക്കാൻ എന്നെ നോക്കി ചിരിച്ചു...ഉടനെ ആ സർ- ഇടിച്ചിട്ട് നിർത്താണ്ട് പോയിട്ട് ചിരിക്കുന്നോടാ...രണ്ടു ദിവസം ഇവിടെ കിടക്ക്... തുമ്പീടെ പോലെയാണൊടാ വണ്ടി ഓടിക്കണേ.....നീയിവിടെ കിടക്ക്. ടിം!! അവരുടെ മുഴുവൻ ഗ്യാസും പോയി.
എന്താ വേണ്ടെങ്കിൽ ചെയ്യമെന്നായി അവർ. ഞാൻ ആകെ കൺഫൂഷനിൽ ആയി ഇതിപ്പൊ നഷ്ടപരിഹാരം വാങ്ങണെമെന്നാണൊ അതോ ആ സർ തമാശ പറയുന്നതാണോ? എന്റെ മുഖഭാവം കണ്ടിട്ടാവണം ആ സർ മുഖം കൊണ്ടു ഇതൊന്നും തമാശയല്ല, നഷ്ടപരിഹാരം വാങ്ങുകതന്നെ വേണം എന്ന്. അങ്ങനെ നഷ്ടപരിഹാരം ആ സർ പറഞ്ഞതിൽ നിന്ന് കുറച്ച് വാങ്ങി ഒപ്പിട്ട് കൊടുത്തു. എല്ലാം കഴിഞ്ഞു ആ സാറിനെ കാണാൻ ചെന്നപ്പോൾ അദ്ദേഹം പറഞ്ഞു.... അങ്ങനെ വാങ്ങണം അല്ലെങ്കിൽ ഇവനൊന്നും നന്നാവില്ല എന്നു. നന്ദി പറഞ്ഞു പുറത്തിറങ്ങിയപ്പോൾ ആ ബസ്സിന്റെ ഒരു ട്രിപ് പോകുന്നത് കണ്ടു, ഇനിയിപ്പൊ ആ ബസ്സിൽ കേറിയാൽ അവർ എന്നെ തള്ളി താഴെയിടോന്നാണു സംശയം.
ഇനി ഇതിന്റെ മറുവശം... ഞാൻ നടന്നിരുന്നതിൽ നിന്ന് അൽപം മാറിയിരുന്നെങ്കിൽ ഞാൻ വീണേനെ, ഞാൻ വണ്ടിക്കടിയിലും പിന്നീട് പെട്ടിയിലും ആയേനെ....എനിക്ക് വിളി വന്നിട്ടില്ല്യാന്ന് ചുരുക്കം. അങ്ങനെ ബസിനെ തടഞ്ഞു നിറുത്തിയ ധീരതയ്ക്കുള്ള അവാർഡ് എനിക്ക് കിട്ടുമെന്ന പ്രതീക്ഷയിൽ അടുത്ത ബസ്സിനു വേണ്ടി കാത്ത് നിൽക്കുന്നു.
Comments
Post a Comment