എന്റെ പൂരം!!

എന്റെ പൂരം!!

ക്ഷീണമുണ്ടെങ്കിലും ഉറങ്ങാൻ തോന്നിയില്ല, മെല്ലെ എഴുന്നേറ്റ്, ഉറങ്ങുന്ന മക്കളെ ശല്യപ്പെടുത്താതെ, റൂമിനു പൂറത്തിറങ്ങി. പൂരപ്പറമ്പാകെ തട്ടിമുട്ടി നടക്കാൻ, പണ്ടു നടന്നതിന്റെ ഓർമ്മപുതുക്കൽ കൂടിയായിരുന്നു , അവന്റെ കൂടെയുള്ള ഈ നടത്തം.
ഇന്നു പകൽപ്പൂരത്തിനു സ്ഥലം പിടിക്കുന്നവരുടെ തിരക്കുണ്ട്. ചുറ്റിവളഞ്ഞു പാറേമേക്കാവിന്റെ ഭാഗത്തെത്തിയപ്പോഴാണ്, ചില കരിവീരന്മാർ വിശ്രമിക്കുന്നത് കണ്ടത്. സന്തോഷത്തിനു വേറെ കാരണം വല്ലതും വേണോ? ഞാൻ അടുത്തേക്ക് ചെന്നു, എന്നെ നോക്കി തലയാട്ടിയ ഒരു ആനക്കുട്ടനെ നോക്കി ചിരിച്ചപ്പോൾ, എനിക്കൊരു തുമ്പിക്കൈ സലാം തന്നു. ഞാൻ സംസാരിക്കാൻ വന്നതാണ്, ചോദ്യങ്ങൾ ചോദിച്ചോട്ടെ എന്നാവശ്യം പറഞ്ഞപ്പൊൾ ആന എന്നെ കളിയാക്കി ഒന്നു ചിരിച്ചോന്ന് ഒരു സംശയം. പക്ഷെ ഞാൻ ചിരി സമ്മതമെന്ന് വിചാരിച്ച് രണ്ടും കൽപ്പിച്ച് ചോദിച്ചു- " ഈ പൂരം നിങ്ങൾക്ക് ഇഷ്ടാണോ അതോ നിങ്ങളെ പീഡിപ്പിക്കുകയാണ് ഞങ്ങൾ മനുഷ്യർ എന്ന് വിചാരിക്കാറുണ്ടോ"?
ആന തലകുലുക്കി തുമ്പിക്കൈ ഒന്നു നീട്ടി പനമ്പട്ട ഒടിച്ച് വായിൽ വെച്ച് ചവക്കാൻ തുടങ്ങി, ഉത്തരം ഇപ്പൊ പറയുമെന്ന് കാത്ത് ഞാൻ നിന്നു. എന്നാൽ പാപ്പാന്മാരുടെ അടക്കം പറച്ചിലും മറ്റും കണ്ടപ്പൊ എനിക്ക് തോന്നി ആനക്ക് മുന്നിൽ ഞാൻ ചമ്മി നിൽക്കാണെന്നു. 
"എന്റെ പേരും നാളുമൊന്നും ആരോടും പറയാൻ പാടില്ല,  എന്നാലെ എനിക്ക് തുറന്ന് കാര്യങ്ങൾ പറയാൻ പറ്റൂ, സമ്മതിച്ചാൽ ഉത്തരം പറയാം" 
ഞാൻ സമ്മതിച്ചു, അല്ലെങ്കിലും ഞാൻ ആനയോടു സംസാരിച്ചു എന്നു പറഞ്ഞാൽ തന്നെ എന്നെ നേരേ പടിഞ്ഞാറെകോട്ടേമ്മെ കൊണ്ടു പോകും.
"ശരിക്കും പറയാച്ചാ, ഞങ്ങൾക്ക് പൂരം വളരെ ഇഷ്ടാ, കാരണം വേറെയൊന്നുമല്ല, ഞങ്ങളെ കാണുമ്പോ കുഞ്ഞ്യേകുട്ട്യോള് തൊട്ട് വയസ്സായോരു വരേ ഇങ്ങനെ അന്തം വിട്ട് നോക്കി നിക്കില്ലേ? ഞങ്ങൾ തുമ്പിക്കൈ ഒന്നു പൊക്കുമ്പോ, തലയൊന്നാട്ടുമ്പോക്കെ, ഓരോ വികാരങ്ങളാ ഓരോരുത്തർടേയും മോകത്ത്. നിങ്ങൾക്കിള്ള പോലെ ഞങ്ങൾക്കും അലുമ്നി കൂട്ടായ്മയൊക്കെയുണ്ട്, അതിനു പൂരങ്ങളാ നല്ലത് ല്ലേ"? തൊട്ടടുത്ത് നിൽക്കുന്ന ആനയോട് നമ്മുടെ പേരുപറയാത്ത ആന ചോദിച്ചു.
അത് സമ്മതിച്ചിട്ടാണോന്ന് അറിയില്ല, തലയാട്ടുന്നത് കണ്ട് എനിക്ക് ചിരി വന്നു.
"പക്ഷേച്ചാലും ഈ ചൂട് ഇത്തിരി കടുപ്പം തന്ന്യാ, എന്തോരം ചെവിയാട്ടിയാലും ഉഷ്ണം തന്നെ. പക്ഷെ ഇപ്രാവശ്യം ഇലഞ്ഞിത്തറ മേളം കേൾക്കാൻ ഞങ്ങൾക്ക് പന്തലിട്ട് തന്നിരിക്കുണൂ, പിന്നെ കാലൊക്കെ ഇടക്കിടെ നനച്ച് തര്യേം ച്യയണ്ണ്ട്. അതോണ്ട് കുറച്ചൊക്കെ ഭേദം തന്ന്യേയിരുന്നു ഇക്കൊല്ലം. ഞങ്ങള് കുറുമ്പൊന്നും കാട്ടാണ്ടേ നല്ല കുട്ടിയോളായി നിക്കോന്ന് അറിയാൻ എന്തോരം പരിശോധനകൾ ഇണ്ടായിരുന്നറിയോ? ഒക്കെ ഇപ്പൊ ഭംഗിയായില്ലെ" ആന പറഞ്ഞു നിറുത്തി, പനമ്പട്ട പറിക്കാൻ തുമ്പിക്കൈ ചുഴറ്റി.
"പോലീസുകാരും ഫയർഫോഴ്സും പിന്നെ ദ്രുതകർമ്മസേനയും എന്തോരം കഷ്ടപ്പെടുന്നു എന്നു കണ്ടപ്പോ പാവം തോന്നി. മിക്കവരും തൃശ്ശൂക്കാരൊന്നല്ല്യേയ്, എന്നിട്ടു വളരെ ശുഷ്കാന്തിയോടെ , തികച്ചും സ്നേഹത്തോടെ ആളോളെ നിയന്ത്രിച്ച് അവര് കാര്യങ്ങൾ ഭംഗിയാക്കീല്ലേ? - വേറൊരു ആന ഞങ്ങളുടെ കൂട്ടത്തിൽ കൂടി അഭിപ്രായപ്പെട്ടു.
" അതന്നെ, വെടിക്കെട്ട് തുടങ്ങാൻ പോണനേരത്ത് ബൈക്കുകളിൽ ചാരിനിന്ന് ഉറങ്ങാതിരിക്കാൻ ശ്രമിക്കുന്ന ചില പോലീസ്സുകാരെ ഞാനും കണ്ടിരിന്നു. പാവങ്ങൾ അവരോട് എന്തോരം നന്ദി പറഞ്ഞാലും മതിയാവില്ല", ഞാൻ കൂട്ടിച്ചേർത്തു.
"കുടമാറ്റത്തിന്റെ നേരത്ത് നിങ്ങൾക്ക് കുറേ നേരം നിക്കാൻ ബുദ്ധിമുട്ടുണ്ടോ?
"ബുദ്ധിമുട്ടൊക്കെ തന്നെ, ന്നാലും അതൊരു രസല്ലേ? ഇപ്രാവശ്യം ഞങ്ങൾക്ക് സുഖായിട്ട് നിക്കാൻ മണൽത്തിട്ട ഇണ്ടാക്കിട്ട്ണ്ടായിരുന്നു..അത് കാരണം കാല് ചൂടാവാണ്ടേയും, ഇറക്കത്തിൽക്ക് നിക്കാണ്ടേയും സൗകര്യായി നിന്നു. അടിപ്പൊളിയായിരുന്നൂട്ടാ ഇപ്രവശ്യത്തെ കുടമാറ്റം; തിരുവമ്പാടി, ഉണ്ണിക്കണ്ണനെയും, അയ്യപ്പനേയും ഒക്കെ കാണിച്ചൂലോ, അനന്തശയനത്തോടെ അതവസാനിക്കെയും ച്യതൂ, ഹായ് എന്താ ഭംഗിയാർന്നേ, പാറെമേക്കാവും മോശൊന്നല്ല്യാട്ടോ, ശിവനും ഭഗവതിയും, ലൈറ്റിട്ടുള്ള കാവടീം, പൂവും ഒക്കെ ഗംഭീരായിരുന്നു. ആളോടെ ആവേശം കാണുമ്പോ ഞങ്ങൾടെ ബുദ്ധിമുട്ടൊക്കെ ഞങ്ങള് മറക്കും".
"ഇതു കാണാൻ എന്തോരം നേരാ നിങ്ങള് മനുഷ്യന്മാര് കാത്ത് നിക്കണേ? കുടമാറ്റത്തിനും വെടിക്കെട്ടിനും നിങ്ങളുടെ ക്ഷമയോടെയുള്ള ആ കാത്ത് നിക്കല് , അതിന് ഈ തൃശ്ശൂക്കാരെ സമ്മതിക്കന്നെ വേണംട്ടാ". അതുവരെ ഞങ്ങളെ ശ്രദ്ധിക്കാതിരുന്ന ഒരു ആന പറഞ്ഞു.
" നാസയൊക്കെ ഇപ്പൊ മോളീന്ന് പൂരപ്പറമ്പിന്റെ ഒരു പടം പിടിച്ചാൽ, അത് എന്താണെന്ന് മനസ്സിലാക്കീട്ക്കാൻ ഇത്തിരി വിയർക്കേണ്ടി വരും, കുരുമുളക് ഒണക്കാട്ടിരിക്കാണൊന്ന് തെറ്റിദ്ധരിച്ചാലും അവരെ കുറ്റം പറയാൻ പറ്റില്ല്യാ, അതേമാരിയാർന്നൂ പുരുഷാരം. പൂഴിമണല് ഇട്ടാ നിലത്തെത്തില്യാന്ന്". കൂട്ടത്തിൽ പഠിപ്പിസ്റ്റായ ആന പറഞ്ഞു. 
"കുടമാറ്റം കഴിഞ്ഞാൽ ഞങ്ങൾക്ക് ചെറുപൂരങ്ങൾ തുടങ്ങണ വരേ വിശ്രമാണ്. ചെറുപ്പൂരങ്ങൾക്ക് അധികം ആളോള് ഇണ്ടാവില്യാ, പെണ്ണുങ്ങളും കുട്ട്യോളും ഇണ്ടാവും നിറയെ, പോലീസ്സുകാര് നിക്കണ കാരണം അധികം പ്രശ്നൊന്നുണ്ടായീല്യാന്നാ കേട്ടേ, പിന്നെ അക്റ്റ്സ് പ്രവർത്തകരും സന്നദ്ധസംഘടനകളും ആശുപത്രി അധികൃതരും ഒക്കെ ഇണ്ടായിരുന്നു, എന്തെങ്കിലും അപകടം ഇണ്ടായാൽ ഓടിയെത്താൻ. ചെറുപൂരം കുറുപ്പം റോട്ടില് നിക്കുമ്പൊ ഒരു ആംബുലൻസ് നിലവിളി ശബ്ദം ഇട്ട് പോണ കണ്ടു, എന്ത് പറ്റീതാണാവോ? ആന സങ്കടപ്പെട്ടു.
ആയ് ചങ്ങാതീ, നീയ് കണ്ടില്ലെ തീകത്തിച്ച വളയത്തിന്റെ ഉള്ള്യേക്കോടെ ചാടണ ഒരു നരുന്ത് പയ്യനെ? കാണാൻ രസണ്ടാര്ന്നെങ്കിലും സങ്കടം തോന്നി, ഒരു ചാൺ വയറിനു വേണ്ടിയുള്ള മനുഷ്യന്റെയോരോ അഭ്യാസങ്ങളേ!! ഒരാന മറ്റേയാനയൊട് ചോദിച്ചു, ഇല്യാന്ന് തലയാട്ടിയത് കൊണ്ടാവും
" അതിനു നീ മറ്റേ അറ്റത്താർന്നൂ, അതാവും".
കുറച്ച് നേരത്തെ നിശബ്ദധതക്ക് ശേഷം ആന എന്നോട് ചോദിച്ചു- "വെടികെട്ട് കണ്ടില്ല്യേ?
"ഇല്ല്യാണ്ട് പിന്നെ, അത് കാണാണ്ട് എന്ത് പൂരം? ഞാൻ രാഗത്തിന്റെയടുത്ത് നിന്നാ കണ്ടേ, പറഞ്ഞറിയിക്കാൻ പറ്റില്യാട്ടാ, രാത്രി ആ പൊട്ടണേന്റെ വെളിച്ചത്തില് തേക്കിങ്കാട്ടിലെ മരങ്ങൾക്കൊക്കെ സ്വർണ്ണനിറാവും. അമിട്ടോളൊന്നും മോശല്യാ, അടിപ്പൊളി". എന്റെ സന്തോഷം കണ്ടിട്ട് ആന തുമ്പിക്കൈ ഉയർത്തിയെന്നെ ഒന്ന് തോട്ടു. 
ഇനിയിപ്പൊ അടുത്ത പൂരത്തിനു കാണാമെന്ന് യാത്രചോദിക്കാൻ തുടങ്ങുമ്പോൾ ലോറികളിൽ അവരെ കയറ്റി തുടങ്ങിയിരുന്നു. ഇനി ഒരു കൊല്ലം ഈ പൂരത്തിന്റെ ഓർമ്മയിൽ ജീവിക്കണം, കാണാത്തവരോട് പെരുമ പറഞ്ഞ് , ആ ഓർമ്മകൾ ഒന്നു കൂടി ജീവിക്കണം. പൂരം കഴിഞ്ഞ പറമ്പു ഒരു സങ്കടമാണ്, ഒരു കാത്തിരിപ്പാണ്, അടുത്ത കൊല്ലം ഇതേ ദിവസത്തിനായി, പൂരപ്പൊലിമയ്ക്കായി, ആവേശതിമിർപ്പിനായി.
യാത്രപറയാൻ എന്നെ പോലെത്തന്നെ ആ ഗജവീരനും ബുദ്ധിമുട്ടുണ്ടെന്ന് തോന്നിപ്പോയി, ഞാൻ ചോദിച്ചു -" ഇതൊരു ആവശ്യല്ല്യാത്ത കാര്യാണ്, ഈ വെടികെട്ടൊക്കേന്ന് പറയണൊരിണ്ടല്ലോ, ഇതൊരു ആചാരമൊന്നുമല്ല , പൂരം ആഘോഷിക്കാൻ വല്ല കഥപ്രസംഗം നാടകം ഒക്കെ നടത്തിയാൽ മതീന്ന് പറയണവരുണ്ടല്ലോ? എന്താ ആനകുട്ടന്റെ അഭിപ്രായം?
കുറച്ച് നേരം ചിന്തിക്കണപോലെ നിന്നശേഷം- " ഈ പൂരം കഴിഞ്ഞാ എതാനും മാസങ്ങൾ കഴിയുമ്പോഴെക്കും അടുത്ത പൂരത്തിനുള്ള തുടക്കാവും, കമ്മിറ്റി ഇണ്ടാക്കലും ആനോളെ തെരെഞ്ഞെടുക്കലും കുടയുടെ തുണീട്ക്കലും പന്തലിന്റെ ഡിസൈനും ഒക്കെ. ഇതിനൊക്കെ വേണ്ടി പ്രവർത്തിക്കുന്ന ആളൊൾക്ക് പ്രാന്താ, സ്വന്തം കുടുംബകാര്യങ്ങളൊക്കെ മാറ്റിവെച്ച് ഇതിനൊക്കെ പിന്നാലെ നടക്കാൻ? അപ്പൊ ഇതൊരു കൂട്ടായ്മയുടെ വിജയാണ്,കുറേപ്പേരുടെ നിസ്വാർത്ഥപരിശ്രമത്തിന്റെ ഫലമാണ്. ഇനിയിപ്പോ നാളെയാവുമ്പോഴേക്കും ഈ പറമ്പാകെ വൃത്തിയാക്കണോരുണ്ട്, അവരൊക്കെ മ്മടെ പൂരത്തിനു വേണ്ടി കഷ്ടപ്പെടുന്നോരാണ്. ഒന്നാലോചിച്ച് നോക്ക് പൂരം ചടങ്ങുകൾ മാത്രായി നടക്കണതും, പൂരത്തിന്റന്ന് ഈ റൗണ്ട്യേക്കോടെ നിങ്ങൾക്ക് കാറിലും ബസ്സിലും യാത്ര ച്യയാൻ പറ്റണതും. പിന്നെ കുറ്റം പറയണോർക്കെന്തും പറയാം, കല്യാണത്തിനു പോയിട്ട് മോരിനു പുളി കൂടിന്നൊക്കെ പറയണോരില്ല്യേ, അതെപോലെ തന്നെ ഇതും കൂട്ട്യാ മതി". അപ്പൊഴേക്കും കരയിലെ ഏറ്റവും വലിയ ജീവിയായ ആ പാവം ഗജരാജനെ ലോറിയിലേക്ക് കയറ്റാൻ പാപ്പാന്മാർ വന്നു. 
അടുത്ത പൂരത്തിനു കാണാൻ സാധിക്കട്ടെയെന്ന് ഉള്ളിൽ വിചാരിച്ച് ഞാനും ആ ആനയും ഉപചാരം ചൊല്ലി പിരിഞ്ഞു, ഇനി അടുത്ത പൂരം വരേയ്ക്കും ഓർമ്മകൾ ഒരു ചെപ്പിലടച്ച് സൂക്ഷിക്കണം;ഇടയ്ക്ക് തുറന്ന് നോക്കാനായി.






 






Comments

Popular posts from this blog

മോഹമഞ്ഞ

ഗില്ലറ്റിൻ

തിരുനെല്ലി, വയനാട്