ബാല്യത്തിലേയ്ക്ക്.....

ഒരിക്കൽക്കൂടിയാ മാഞ്ചാടിമരമൊന്ന്

ഉലുത്തണം,കൊഴിയുന്ന മണികൾ

പെറുക്കിയെടുത്തൊരു മാലത്തീർക്കണം!

ഒരു ചില്ലുകുപ്പി നിറയെ ചുവന്ന 

രത്നങ്ങൾ പോലെ സൂക്ഷിച്ച്വെയ്ക്കണം

അനിയത്തി കുറുമ്പിയെ കൊതിപ്പിച്ച് കൊണ്ട് 

അവളുടെ മൂർദ്ധാവിൽ, മഞ്ചാടി മണികൾ കൊണ്ട് 

ധാരകോരണംകുടുകുടെ ചിരിപ്പിക്കണം.

ഭൂമിയെ തുരന്നുണ്ടാക്കിയ കല്ലുവെട്ടാംകുഴിയിൽ 

ഒളിച്ചിരിക്കണംകൂട്ടുകാരിയെ പേടിപ്പിക്കണം;

അവളുടെ കണ്ണുകൾ പിന്നിൽ വന്ന്പൊത്തണം

പിണങ്ങിപ്പോകുന്ന അവൾക്ക് ഇരട്ടത്തലച്ചിയുടെ 

കുഞ്ഞുമുട്ടകൾ കാണിച്ച് കൊടുക്കണം

നീണ്ടുരുണ്ട ഊതചായമുള്ളമുട്ടകൾ.

മഴപെയ്ത് നിറഞ്ഞ കുഴിയിൽ

കാലുകൾ നനച്ച് കശുമാങ്ങ തിന്നണം

തകര പാട്ടയിൽ കശുവണ്ടി പെറുക്കണം

അപ്പാപ്പൻ കാണാതെപച്ചയണ്ടി കട്ടുത്തിന്നണം.

തെങ്ങിൻ പട്ട കുഴിച്ചിട്ട്അമ്മയുടെ ചേലകൊണ്ട് 

മേലാപ്പുണ്ടാക്കികീറചാക്ക് കൊണ്ട് മറച്ച് 

കളിവീടുണ്ടാക്കണം;കല്ലുകൾ കൂട്ടിഅടുപ്പുണ്ടാക്കണം

ഓല കത്തിച്ച പുകയിൽ കണ്ണീര് വരണം

പൊട്ടിയചട്ടിയിൽ ചോറുവെയ്ക്കണം

വേകാത്തതെങ്കിലും കൂട്ടരോടൊപ്പം ഉണ്ണണം.

വേനലവധിക്ക് അമ്മാത്തേക്ക് പോകണം

പ്ലിയൂരും മൂവാണ്ടനും തിന്ന് മടുക്കണം

വരിക്കചക്കയും പേരക്കയും തിന്ന് വയറു വേദനിക്കണം

ഞാവലും ചാമ്പക്കയും തിന്ന് നാവിലെ തൊലി പോകണം

സിംഹം പോലെ വാപൊളിച്ച് അപ്പാപ്പന്റെ 

ചോറുരുളകൾ കൊതിയോടെതിന്നണം

സൂര്യനസ്തമിച്ചാലുംഅപ്പന്റെ വിളി കേൾക്കുന്നത് വരെ 

ഒളിച്ച്കളിക്കണം, ഊഞ്ഞാലാടണം

പോത്ത് പോലെ വളർന്ന പെണ്ണെന്ന് അമ്മയുടെ പല്ലവി കേൾക്കണം.

അപ്പന്റെ കയ്യിൽ തൂങ്ങി പൂരം കാണണം

വിരിയുന്ന അമിട്ടിന്റെ നിറങ്ങൾ ഉറക്കെ വിളിച്ചു പറയണം

മനസ്സിലും മുഖത്തും സന്തോഷത്തിന്റെ അമിട്ട് വിരിയണം

പൊരിയുംബലൂണും വാങ്ങണം

ഉറക്കം വരുമ്പോൾ അപ്പന്റെ തോളിലേയ്ക്ക് ചായണം

ഒന്ന് വേഗം വലുതായെങ്കിൽ എന്നു കൊതിക്കണം

സ്വപ്നങ്ങൾ കാണണംദിവാസ്വപ്നങ്ങൾ

കൂട്ടിൽ നിന്ന് പറന്ന് പോകുന്നതിന്റെ

ആകാശത്ത് ഉയരെ പറക്കുന്നതിന്റെ സ്വപ്നങ്ങൾ.

പക്ഷെ ഇന്നിപ്പോൾ ഒരിക്കൽകൂടിയാ ബാല്യത്തിലേയ്ക്ക് 

തിരികെനടക്കാൻ കഴിഞ്ഞെങ്കിലെന്ന് മോഹിച്ച് പോകുന്നു

കഴിയില്ലെന്നറിഞ്ഞിട്ടും;

ഒരിക്കൽകൂടിയാ മഞ്ചാടിമരമൊന്നുലുത്താൻ 

ആശിച്ച് പോകുന്നുവേരറ്റ് പോയിട്ടും.


Comments

Popular posts from this blog

മോഹമഞ്ഞ

ഗില്ലറ്റിൻ

തിരുനെല്ലി, വയനാട്