തവിടിന്റെ വിലയുള്ളവൾ

അഞ്ചുവയസ്സിൽ എന്നോടമ്മ പറഞ്ഞു,
എന്നെ തവിട് കൊടുത്ത് വാങ്ങിയതാണെന്ന്;
ഒരു ഭിക്ഷക്കാരന്റെ കയ്യിൽ നിന്ന്  !
ഞാനത് വിശ്വസിച്ചില്ല, വിഷമിച്ചെങ്കിലും .
പിന്നീടും അമ്മയത് പലയാവർത്തി,
പറഞ്ഞത്, അച്ഛന്റെ സാന്ത്വനങ്ങളിൽ,
മനസ്സിന്റെ ഉൾത്തളങ്ങളിലേക്ക്,
കൂപ്പുകുത്തി;  മയങ്ങിക്കിടന്നു .
എനിക്കിളയതായി പിറന്ന ഉണ്ണികൾ
എങ്ങിനെ ഉണ്ടായി എന്നറിഞ്ഞില്ലെങ്കിലും
തവിട് കൊടുത്തു വാങ്ങിയതല്ല
എന്ന്  ഞാൻ  കണ്ടു.   എനിക്കവരെന്നും
അത്ഭുതമായിരുന്നു,   ഇന്നുമതേ.
എനിക്ക് മാത്രം വിലക്കപെട്ട കനികൾ;
എനിക്ക് മാത്രം നിഷേദിക്കപ്പെട്ട  സമ്മാനങ്ങൾ;
എണ്ണിയെണ്ണി ഞാനത് പറഞ്ഞപ്പോൾ,
അതെന്റെ പുലമ്പലുകളായി.
 പുച്ഛിക്കപ്പെട്ടു , ഘട്ടംഘട്ടമായി .
പക്ഷെ എന്റേത് എന്റെത് എന്ന,
ബന്ധങ്ങളുടെ സ്വാർത്ഥതയിൽ,   ഞാൻ!
അതെല്ലാം നിഷ്കരുണം ചവച്ചരച്ചു,
കയ്പേറിയതെങ്കിലും മിനുമിനുത്ത,
ചഷകങ്ങളിലാക്കി,  തൊണ്ട തൊടാതെ വിഴുങ്ങി.
എനിക്ക് നേരെയുയർന്ന പരിഹാസത്തിന്റെ,  ആദ്യത്തെ
ചൂണ്ടുവിരൽ,   അമ്മയുടേതായിരുന്നു ,  ആദ്യത്തെ
വിമർശനവും,  ആദ്യത്തെ അവഗണനയും .
ആദ്യത്തേതിന് എപ്പോഴും മധുരമാണ് .
തവിടിന്റെ  മധുരമായിരുന്നു  ഇതിന്.
ഇതെല്ലാം കേട്ട് ഞാൻ പൊട്ടിച്ചിരിച്ചപ്പോൾ
തവിടളക്കുന്ന  ശബ്ദമായിരുന്നു ;
പൊട്ടികരഞ്ഞപ്പോഴോ,   കണ്ണുനീരിനു

തവിട്ടു നിറമായിരുന്നു  !

Comments

Popular posts from this blog

മോഹമഞ്ഞ

ഗില്ലറ്റിൻ

തിരുനെല്ലി, വയനാട്