ചിത്രശലഭങ്ങളുടെ രാജകുമാരി
ഒരു ഇലക്കടിയിൽ, ഒരു ശലഭക്കോശത്തിനുള്ളിൽ
അവൾ ഉറങ്ങിക്കിടന്നു, ഒരു പുതുപുലരിയിലേക്കു
ഉണരാനായി;
ഉണർന്നതും അവൾ ഒരു നീലനിറമുള്ള
ചിത്രശലഭമായി;
അവളുടെ ഭംഗി കണ്ടു, അവർ അവളെ താലോലിച്ചു
മാറോടു ചേർത്തു വച്ചു;
അവളെ കണ്ടുമോഹിച്ചവൻ, അവളുടെ ചിറകുകൾ
ചോദിച്ചു;
അവർ അവളെ മുഴുവനായി അവനു നൽകി
അവന്റെ സന്തോഷത്തിനു വേണ്ടി,
അവനാദ്യം അവളൊടു പറഞ്ഞു, നീലനിറമുള്ള
ചിറകുകൾ ഭംഗിയില്ലാത്തതു എന്നു!
അതിലെ ചുവന്ന പൊട്ടുകൾ വിരസമെന്നു
അവനാദ്യം അവളുടെ കാലുകളിൽ
ചങ്ങലകളിട്ടു,സ്നേഹത്തിന്റെതെന്നു മൊഴി
എന്നിട്ടും അവൾ പറക്കാനഗ്രഹിച്ചു
മൂർച്ചയേറിയ വാക്കുകളാൽ
വരഞ്ഞുകെട്ടിവെച്ച അവളുടെ ചിറകുകൾ;
രക്തംകിനിയുന്ന ചിറകുകളും, കണ്ണീർ
നിറയുന്ന മിഴികളുമായി അവൾ
ഒരു ശലഭമെന്നതേ മറന്ന അവസ്തയിൽ!
കണ്ണീർ വറ്റിയ കണ്ണുകളും, രക്തം
ഉറഞ്ഞു കൂടിയ ചിറകുകളുമായി
ഞാനിന്നവളെ കണ്ടുമുട്ടി!
ഭൂമിയിലേറ്റവും ഭംഗിയുള്ള ചിത്രശലഭമേ,
നിന്നെയൊന്നാശ്വസിപ്പിക്കാൻ
ഞാനിന്നീ വാക്കുകളുടെ മഹസാഗരത്തിൽ
നിസ്സംഗയായി തപ്പിതടഞ്ഞു പോകുന്നു.
Comments
Post a Comment