ബെല്ലയുടെ വികൃതികൾ

"ബെല്ലാ, ബെല്ലാ ,എവിട്യാ നീയ് എത്ര നേരായി വിളിക്കുണൂ. ഒന്ന് വന്നെ വേഗം ,കൂട്ട്യേ കേറ് ,എനിക്ക് ഓഫീസില് പൂവാൻ നേരായിട്ടോ' ഒന്ന് വാ ബെല്ലാ ' നിന്ടെ പിന്നാലെ ഓടാനോന്നും ഇപ്പൊ പറ്റില്ല്യട്ടോ . ഇന്നാ ദേ ,എന്റെ കൈയില് എന്താന്ന് നോക്ക്,ബിസ്കറ്റിണ്ടല്ലോ'.
'അങ്ങനെ വഴിക്ക് വാ ബെല്ലക്കുട്ടി' ഞാൻ അവളെ പിടിക്കാനായി കുനിഞ്ഞു .ദേ പോയി ,എന്റെ കയ്യിലെ ബിസ്കറ്റും ബെല്ലയും.
'എന്റീശ്വരാ ,ഇതിനെ കൊണ്ട് ഞാൻ തൊട്ടു'. ഞാൻ ഒന്നുമറിയാത്ത പോലെ വരാന്തയിൽ വന്നിരുന്നു. ബെല്ല സംശയത്തൊടെ എന്നെ നോക്കി നിന്നു .ഞാൻ അവളെ ശ്രദ്ധിച്ചില്ല . ദൈവമേ ഇതിനെ ഒന്ന് കൂട്ടിൽ കയറ്റാൻ ഞാൻ ഇനി അഭിനയം പഠിക്കേണ്ടി വരുമെന്നാ തോന്നണേ!
ബെല്ല എന്റെ അടുത്ത് വന്നു ഇരുന്നു .അവളെ ഞാൻ തൊട്ടാൽ അവൾ ഓടാൻ തയ്യാറായിട്ടാണ് ഇരിപ്പ് .ഞാൻ നോക്കാൻ കൂടി പോയില്ല .പതിയെ ബെല്ല എന്റെ അടുത്തേക്ക് നീങ്ങിയിരുന്നു. ഇത് തന്നെ തക്കം .കിടിയ അവസരം പാഴാക്കാതെ പിടിച്ച് കൂട്ടിലിട്ടു. അങ്ങനെ അത് കഴിഞ്ഞു.ഇനിയിപ്പോ ഓഫീസിൽ നിന്ന് വന്നിട്ട് അടുത്ത കലാപരിപാടികൾ തുടങ്ങാം.
'ബെല്ലക്കുട്ടി ഉറങ്ങുവാണോ'? ഒഫീസിൽ നിന്ന് വന്ന പാടെ ബെല്ലയെ തുറന്നു വിട്ടു. ബെല്ലക്ക് പാൽ കൊടുത്തു കുറച്ച് കളിപ്പിക്കലും കഴിഞ്ഞു ഞാൻ അകത്തേക്ക് എന്റെ അടുത്ത ജോലികളിലേക്ക് തിരിഞ്ഞു.
പുറത്ത് ഒരു വലിയ ശബ്ധം.
'ദൈവമേ! "എന്താപ്പോ ഇണ്ടായെ ? ഇന്നെന്താ വിഷ്വാ? ആരാ ഈ ചെടിച്ചട്ടികളോക്കെ ഇങ്ങനെ ആക്കിയത്ക? ഷ്ടണ്ട്ട്ടോ ബെല്ല , എന്ത് ഭംഗില് വളർത്തി കൊണ്ട് വന്ന ചേട്യോളാ ? അതും എവിടന്നൊക്കെ കൊണ്ടുവന്നതാ? ദുഷ്ടത്തി, പോ അവിടന്ന് എനിക്ക് നിന്നെ ഒരു ഇഷ്ടുല്ല്യാ".
അവൾ എന്റെ അടുത്ത് സ്നേഹം കൂടാൻ വന്നു. ഞാൻ ദേഷ്യപ്പെട്ടത് കൊണ്ടാവും ഒന്നും മിണ്ടാതെ  അവൾ കൂട്ടിൽ  കയറി. എല്ലാം ഭംഗിയായി നട്ട് പിടിച്ചത് ഭർത്താവായിരുന്നു.
നല്ലൊരു പച്ചക്കറിത്തോട്ടവും ഉണ്ടാക്കിയിരുന്നു. ഒക്കെയും കായ്ച്ചു തുടങ്ങുന്നേയുള്ളൂ. എന്നാലും എല്ലാദിവസവും നനച്ച്, വളമിട്ട് ,പരിപാലിച്ച് പോന്നിരുന്നതാണ്.രസവളമില്ലാത്ത പച്ചകറികൾ തിന്നാലോ എന്ന് വിചാരിച്ചു ചെയ്തതാണ്.
ചേട്ടൻ വന്ന പാടെ ഞാൻ പറഞ്ഞു -  "ഈ വഴുതനയും വെണ്ടയ്ക്കയുമൊന്നും  ബെല്ലകിഷ്ടല്ലാന്നു തോന്നുന്നു". 
'അതെന്താ നിനക്കിപ്പോ അങ്ങനെ തോന്നാൻ '? 
'അല്ലെങ്ങിൽ പിന്നെ ചേട്ടൻ ആ ചെടിച്ചട്ടിയിൽ വല്ല ഇറച്ചിയോ മറ്റോ വളത്തിനു ഉപയോഗിച്ചോ?
'എന്തൊക്കെയാ നീ പറയണേ' ?
'ബെല്ല ഇന്ന് ആ പച്ചകറിത്തോട്ടത്തിൽ കയറി ,ആന കരിമ്പിൻ തോട്ടത്തിൽ കയറിയ പോലെയാക്കീണ്ട് '.
ചേട്ടൻ നേരെ തോട്ടത്തിലേക്ക് പോയി . കണ്ട കാഴ്ചകൾ പരിതാപകരമായിരുന്നു.
"പച്ചമുളകും ഇഷ്ടല്ലാന്നു തോന്നണു ,ദേ കണ്ട,  പച്ചമുളകിണ്ടേ തയ്യ്‌ കിടക്കണ കിടപ്പ്".
'വാ,  നമുക്ക് എല്ലാം ഒന്ന് ശരിയാക്കാം', ഇഷ്ടമില്ലെങ്കിലും ഞാൻ സഹായിക്കാമെന്ന് വിചാരിച്ചു. ഇത് നശിപിച്ച ആൾ കൂട്ടിൽ നാല് കാലും മുകളിലേക്ക് ആക്കി സുഖായി കിടന്നുറങ്ങുകയാണല്ലോ.
ദിവസങ്ങള്ക്ക് ശേഷം:
ചേട്ടൻ ഒഫീസിൽ പോകാൻ നില്ക്കുന്നു .'നീയാ ബെല്ലെയെ ഒന്ന് കൂട്ടിലാക്ക് ,ഇല്ലെങ്ങിൽ വണ്ടിഎടുക്കുമ്പോൾ  ഇടയിൽ പെടും. ഞാൻ ബെല്ലെയെ കൂട്ടിലാക്കാൻ സ്ഥിരം  നാടകങ്ങൾ ഒക്കെ നടത്തി,അവസാനം കൂട്ടിൽ കയറ്റി വിജയശ്രീലാളിതയായി നില്ക്കുമ്പോൾ ചേട്ടൻ പുറത്തേക്ക് വന്നു.
"ബെല്ലയോടു നീ വാഴ വെക്കുന്ന കാര്യം വല്ലതും പറഞ്ഞിരുന്നോ?
"വാഴയോ? നിനക്കെന്തെങ്കിലും പറയാന്ടിങ്ങെ  മനസ്സിലാവാണ ഭാഷേല് പറയ്‌ ".
ഞാൻ ചേട്ടനെയും കൂട്ടി വീടിന്റെ പുറക് വശത്തെക്ക് ചെന്നു. പിന്നീട് എനിക്കൊന്നും പറയേണ്ടി വന്നില്ല .അവിടെ വാഴവെക്കാൻ പാകത്തിൽ  2 കുഴികൾ ബെല്ല എടുത്തിട്ടുണ്ടായിരുന്നു.
"ഞാൻ വൈകീട്ട് വരുമ്പോൾ  നിന്ന് വാഴകന്നു വാങ്ങി കൊണ്ട് വരാം ,ഇനി ഇവിടെ വാഴ വെക്കാനുള്ള അവള്ടെ ആഗ്രഹം നടത്തില്ല്യാന്നു വേണ്ട ,എന്തെയ് ". 
അല്ല ഏട്ടാ, അവളുടെ വല്ലതും ഇനി ഇവിടെ കുഴിച്ചിട്ടിന്ടാവോ?വല്ല നിധിയോ മറ്റോ ? ഞാൻ പകുതി കളിയായും പകുതി  കാര്യമായും ചോദിച്ചു .
"ഉവ്വ് ,പണ്ടത് നായകളുടെ സെമിത്തെരിയായിരുന്നു.അവള്ടെ അപ്പാപ്പനെ അവിടെയാ കുഴിച്ചിട്ടെയ്ക്കണെയ്! ഇത് ഇങ്ങനെ പോയാൽ ശരിയാവില്യാട്ടാ".
"പിന്നെ നായ്ക്കള് ഈ സ്വഭാവല്ലാണ്ടേ , നമ്മുടെ സ്വഭാവം കാണിക്കാൻ പറ്റൊ"?ഞാൻ ചോദിച്ചു.
ഒരു ദിവസം രാത്രി 
കാണാത്ത സിനിമയായ കല്യാണരാമൻ, പതിനാറാമത്തെ പ്രാവശ്യം വീണ്ടും കാണുന്നു. "എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ".
"ബെല്ലയുടെ ഓരി അല്ലെ ആ കേക്കണേ"? ഇതെന്താപ്പോ ഇങ്ങനെ ശബ്ധണ്ടാക്കണേ? എന്തെങ്കിലും അപകടം പറ്റിണ്ടാവോ ?
ഒരു പാട് ചോദ്യങ്ങൾ .ഞാൻ ടോർച് എടുക്കാൻ ഓടി.മോള് ചേട്ടനെ വിളിക്കാൻ ബെഡ്റൂമിലേക്ക് ഓടി .മോൻ വാതിൽ തുറന്നു പുറത്ത് ബെല്ല നില്ക്കുന്ന സ്ഥലത്തേക്ക് പോയി.
"മമ്മീ,മമ്മീ ,പാമ്പാണെന്ന് തോന്നുന്നു".വേഗം ടോർച് കൊണ്ട് വാ ".
ബെല്ല ഞങ്ങളെ കണ്ടതും അവള്ടെ വീരശൂരപരാക്രമങ്ങൾ പ്രകടിപ്പിക്കാൻ തുടങ്ങി. 
"എന്താണ് ബെല്ലാ, എന്താ അവിടെ ? ഞാൻ ചോദിച്ചത് ബെല്ല ഉത്തരം പറയുമെന്ന് വിചാരിച്ചല്ല ,അവളോട്‌ സംസാരിക്കുക്ക ഒരു ശീലമായി പോയി. അവൾ ഉടനെ എന്റെ അടുത്ത വന്നു ഓരിയിട്ട് കൊണ്ട് എന്തൊക്കെയോ പറഞ്ഞു. ഞാൻ അവൾ നിന്ന ഭാഗത്തേക്ക് ടോർച് അടിച്ച് നോക്കി.എന്നിട്ട് അവൾ നിന്ന ഭാഗത്തേക്ക് നടന്നു.
"മമ്മീ വേണ്ടാട്ടാ ,മൂർഖനാന്നാ തോന്നണേ ,ഇവിടെ നിന്നാ മതി  ,ഡാഡി വരട്ടേ". മോൻ എന്നെ വിലക്കി. 
"ഡാഡി എവിട്യാടി "? അവൻ തിരിഞ്ഞു നിന്ന് മോളോട് ചോദിച്ചു .
"ഡാഡി കുളിക്ക്യാ".- നിഷ്കളങ്കമായ ഉത്തരം.
മമ്മീ"- അവൻ എന്നെ വിലക്കി കൊണ്ടിരുന്നു .
ഞാനും എന്റെ കൂടെ ബെല്ലയും. 
ഒരു 5 സ്റ്റെപ് പിറകിലായി അവൾ നിന്നു. ഞാൻ പോയി  പത്തി വിടർത്തി നിൽക്കണ മൂർഖനെ കഴുത്തിനു തന്നെ പിടിച്ചു.
ബെല്ല നല്ല വൃത്തിയായി പേടിച്ച് കരഞ്ഞുകൊണ്ട്‌ മോന്റെ അടുത്തേക്ക് ഓടി.
അത് ഒരു പനമ്പട്ട ആയിരുന്നുന്നു. റെഡ് പാമിന്റെ പട്ട .അതാണ്‌ പാതി വിടർത്തിയ മൂർഖനായി പരിണാമം സിദ്ധിച്ചത്.പാവം പട്ട !
അപ്പോഴേക്കും ധൈര്യം വീണ്ടെടുത്ത ബെല്ല നിർദയം ആ പട്ടയെ ബലാൽകാരം ചെയ്തു കൊണ്ടിരുന്നു. ഇത്രയുമായപ്പോഴേക്കും ചേട്ടൻ വന്നു .
"എവിടെ പാമ്പ്‌"
? വന്ന പാടെ ആള് ചോദിച്ചു 
ഞങ്ങൾ കാട്ടി കൊടുത്തു . ബെല്ല നിഷ്കരുണം കടിച്ചു കുടയുന്ന ഒരു മൂർഖൻ പാമ്പിനെ !


Comments

Popular posts from this blog

മോഹമഞ്ഞ

ഗില്ലറ്റിൻ

തിരുനെല്ലി, വയനാട്