ഞാൻ!!

ഞാൻ ഒരു മകളാണ് .ഒരിക്കലും നല്ല മകൾ, എന്ന് എന്ടെ അമ്മ പറയില്ല . അനുസരണയില്ലാത്ത മക്കൾ ഏതൊരു അമ്മയുടെയും വേദനയാണ് .എന്ടെ അമ്മയുടെയും ! പ്രതീക്ഷകൾക്കൊത്ത് മക്കൾ ഉയരുമ്പോൾ അവർ നല്ല മക്കൾ  എന്നാ പുരസ്കാരം നേടുന്നു .അല്ലാത്തപക്ഷം കടലോളം സ്നേഹമുണ്ടെങ്കിലും മതിയാകാതെ വരുന്നു.മക്കൾ പിന്നെ എന്ത് ചെയ്താലും ,വെള്ളത്തിൽ വരച്ച വരകൾ പോലെ അത് ഓളങ്ങളിൽ മാഞ്ഞുപോകുന്നു .ഉപാധികളില്ലാത്ത സ്നേഹം - അമ്മയുടെ സ്നേഹം!! എന്നാൽ ഏറ്റവും ഉപാധികളുള്ളത് അമ്മയുടെ സ്നേഹത്തിനാണ്‌. വിവാഹശേഷം എന്തിനായിരുന്നു അമ്മ എന്നെ ജയനിൽ നിന്ന് അകറ്റാനായി ശ്രമിച്ചത് .ഹോ! അന്ന് ഞാൻ അനുഭവിച്ച ദുരിതങ്ങളും വേദനകളും അമ്മക്ക് മനസ്സിലാവുന്നുണ്ടായിരുന്നുവോ?അമ്മയേയും ഭർത്താവിനേയും ഉപേക്ഷിക്കാൻ പറ്റാതെ ഞാൻ !അമ്മയുടെ ഇടപെടലുകൾ ഇറാഖിൽ  അമേരിക്കയുടേത് പോലെയായിരുന്നു .എന്ടെ ജീവിതം തന്നെ കൈ വിട്ടു പോകുമെന്നായപ്പോ , എല്ലാം തിരിച്ചു പിടിക്കാൻ ഞാൻ ഒരാളെ ഉപേക്ഷിക്കാൻ തീരുമാനിച്ചു.അത് അമ്മയേയായിരുന്നു .കാരണം ,എന്റെ യാത്രയിൽ എന്നെ സ്നേഹിക്കുന്ന ആളുടെ കൈ പിടിക്കാൻ ഞാൻ തീരുമാനിച്ചു .പിന്നീട് അമ്മയുടെ  വാക്കുകളെയും പ്രവർത്തികളെയും ഞാൻ അപഗ്രഥിക്കാൻ തുടങ്ങി ,അളക്കാൻ തുടങ്ങി ,ഒരു തുലാസിണ്ടെ രണ്ട് തട്ടുകളിൽ വച്ച് .ഒരുപക്ഷെ അപ്പോൾ മുതലായിരിക്കും ഞാൻ ഒരു നല്ല മകളല്ലാതെയാവാൻ തുടങ്ങിയത്.
അങ്ങനെ ഞാൻ മകളിൽ നിന്ന് ഭാര്യയിലേക്ക് വളർന്നു.എന്ടെ ചുവടുകൾ ഞാൻ മാറ്റി ചവിട്ടി.കരുണം ശാന്തം എന്നീ ഭാവങ്ങളിൽ നിന്ന് ലാസ്യം ശൃംഗാരം എന്നീ ഭാവങ്ങളിലേക്ക്!
ഞാൻ! ഒരു നല്ല ഭാര്യയാണോ ?അറിയില്ല .ഞാൻ ചിന്തിക്കും തോറും എനിക്ക് കിട്ടുന്ന ഉത്തരം സംതൃപ്തമല്ല, ചിലപ്പോൾ നിഷേധാത്മകവും !ഒരുപക്ഷെ മുൻപ് അമ്മയുടെ വാക്കുകൾ  കേട്ട് ഞാൻ പറഞ്ഞതും പ്രവർത്തിച്ചതും അവന്ടെ മനസ്സില് മായാതെ കിടക്കുന്നുണ്ടാവും ,പച്ച കുത്തിയ പോലെ.എന്ടെ മനസ്സും ശരീരവും ആദ്യമായി അറിഞ്ഞ പുരുഷനോടുള്ള എന്ടെ പ്രണയം ഒരിക്കലും കുറഞ്ഞു പോകില്ല എന്ന് എനിക്ക് നിശ്ചയമുണ്ട്. ചിലപ്പോളെങ്കിലും അവൻ അത് മനസ്സില്ലാക്കാറുണ്ടെന്നു  തോന്നുന്നു.എങ്കിലും ഒരു വിരക്തമായ ജീവിതത്തിലേക്ക് ഞാൻ വഴുതി വീഴുകയാണോ ? ഞാൻ ഒരു നല്ല ഭാര്യയാണോ ?അറിയില്ല !
ഞാൻ ! ഒരു നല്ല സഹോദരിയല്ല !ഒരിക്കലും ആകാനും കഴിയില്ല.ഞാൻ ഒരു സ്വാർത്ഥയാണ് .എന്ടെ കാര്യങ്ങളെ ഞാൻ ചിന്തിക്കാറുള്ളൂ .അവരുടെ ആവശ്യങ്ങൾക്കു ഓടി ചെല്ലുന്നതുംഅവര്ക്ക് വേണ്ടി എന്ത് ചെയ്യുന്നതും കണക്കിലെടുക്കേണ്ട കാര്യമില്ലല്ലോ?അത് ഞാൻ എന്ടെ പേര് നന്നാക്കാൻ വേണ്ടി ചെയ്യുന്ന കൊച്ചു കാര്യങ്ങൾ മാത്രം.ഇനി അതിനൊക്കെ തിരിച്ച് നന്ദിയും ഉപകാരസ്മരണയും വേണമായിരുന്നെങ്ങിൽ ഞാൻ അതിനു വൌച്ചർ എഴുതി രസ്സിതുകുറ്റി സൂക്ഷിക്കണമായിരുന്നു .അല്ലാത്തപക്ഷം ഞാൻ സഹോദരധർമ്മം അനുഷ്ടിച്ചു എന്ന് അവകാശപ്പെടാൻ എനിക്കെന്തവകാശം ?
ഞാൻ! ഒരു നല്ല അമ്മയാണോ ? ആയിരിക്കും .ആല്ലെങ്കിൽ ശബ്ദമില്ലതെ തലയിണ നനക്കുന്ന എന്നെ എന്ടെ മകൾ ഇറുക്കെ കെട്ടിപിടിക്കില്ല .എന്ടെ നെഞ്ചോടു പറ്റിച്ചേർന്നു ,എന്ടെ നെഞ്ചിൽ ഉമ്മ വെക്കില്ല.വിദൂരതയിലേക്ക് കണ്ണും നട്ട് കഴിഞ്ഞ കാല ജീവിതത്തിണ്ടെ കടിഞ്ഞാൻ പോട്ടിയതെവിടെ എന്ന് നെടുവീർപ്പിടുമ്പോൾ ,മടിയിലേക്ക് ചാഞ്ഞ്, എന്ടെ മകൻ,എന്ടെ കൈകളിൽ തലോടില്ല.
ആ സംതൃപ്തി മതി എനിക്ക് .എന്ടെ മക്കൾക്കുള്ള പുരസ്കാരങ്ങൾ ഞാൻ നിഷേധിക്കുന്നത് വരെ ജീവിക്കാൻ.ഞാന് ഒരു അമ്മയാണല്ലോ .എന്ടെ ഇഷ്ടങ്ങൾക്കനുസരിച്ച് അവർ ജീവിക്കാൻ ശ്രമിക്കട്ടെ ,അത് വരെ എനിക്ക് അഹങ്കരിക്കാം ഞാൻ ഒരു നല്ല അമ്മയാണെന്ന്!!!

Comments

Popular posts from this blog

മോഹമഞ്ഞ

ഗില്ലറ്റിൻ

തിരുനെല്ലി, വയനാട്