"കണ്ണുനീർത്തുള്ളികൾ"

കൺപീലികളിൽ മുത്തുകളായി ,പുൽത്തുമ്പിലെ  തുഷാരക്കണങ്ങൾ പോലെ,ഇമയൊന്ന് അടഞ്ഞപ്പോൾ -- രണ്ട് കൈവരികളായി മെല്ലെ മെല്ലെ നെടുവീർപ്പുകൾക്കിടയിലൂടെ കവിളിൽ തലോടി താഴേക്ക് താഴേക്ക്!!
ഒരുപാടു വേദനിക്കുന്ന നെഞ്ചിലേക്ക് -- ചൂടുള്ള തകിടിലേക്ക് വെള്ളത്തുള്ളികൾ വീഴുന്നപോലെ!!
വേദനകൾ ഈ കണ്ണീർപാച്ചിലിൽ ഇല്ലാതാകുമോ?ഗദ്ഗദമായി തൊണ്ടയിൽ കുടുങ്ങിയ വിലാപം,കണ്ണീർത്തുള്ളികൾക്ക് അകമ്പടിയാണോ?വിതുമ്പുന്ന ചുണ്ടുകൾ അവയ്ക്ക് താരാട്ട് പാടുകയാണോ?
ശ്വാസനിശ്വാസങ്ങൾ കഠിനമാവുകയാണോ ?അസഹ്യമായവേദനകൾ,ലോഹമുനകളാൽ ഞരമ്പുകളിൽ ദ്രാവകങ്ങൾ നിറയ്ക്കുന്നു,കൺചിമ്മി തുറന്നപ്പോൾ മുഖപടമണിഞ്ഞ കുറേപ്പേർ!അവർ ചിരിക്കുന്നുണ്ടോ എന്നെ നോക്കി?നെറ്റിച്ചുളിച്ച് ശ്രദ്ധയോടെ നോക്കിയപ്പോൾ തലയ്ക്കു നല്ല വേദന.ഞാൻ കൈയ്യൊന്നു കുടഞ്ഞോ?ആശ്വസിപ്പിക്കാനായിരിക്കണം ഒരു കൈതലം എന്ടേ നെറ്റിയിൽ ആരോ വച്ചു.
പിന്നീടുള്ള മയക്കത്തിൽ എന്ടെ സ്വപ്നത്തിൽ നീ മാത്രമായിരുന്നു.ഞാൻ നിന്നെ വേദനിപ്പിച്ചതും, നീ എന്നെ വേദനിപ്പിച്ചതും ---"ഒരുപാട് വർണ്ണങ്ങളായി,എന്ടെ കണ്ണിൽ -- ചിലത് നിറം മങ്ങിയും ചിലത് തെളിച്ചമുള്ളതും".ഞാൻ ഉറക്കേ കരഞ്ഞുവോ?വേദനക്കൊണ്ടാണെന്നു അവർ കരുതിക്കാണുമോ?
തിരികെ നടക്കാൻ പറ്റിയിരുന്നെങ്കിൽ ! എല്ലാം മായ്ച്ചു കളഞ്ഞ് ,സ്ലേറ്റ് പോലെ ,ഒന്നുകൂടെ എഴുതാൻ കഴിഞ്ഞിരുന്നെങ്കിൽ ഈ ജീവിതവും,ഞാൻ നിന്നെ കുറെക്കൂടി സ്നേഹിച്ചേനേ!
സ്വപ്നത്തിൽ നിന്ന് ഉണർന്നപ്പോൾ എനിക്ക് ദാഹിക്കുന്നു.വെള്ളം ചോദിക്കാൻ നീയെവിടെ?എങ്ങും പച്ചനിറം - ഭംഗിയില്ലാത്ത പച്ചനിറം -- തലയിണകൾക്ക് എന്തൊരു കട്ടി - എന്ടെ കൺപോളകൾ പോലെ.ഞാൻ എന്തൊ പറഞ്ഞെന്നു തോന്നുന്നു.ഒരാൾ ഓടിപ്പോകുന്ന ശബ്ദം.
ഞാൻ വീണ്ടും മയങ്ങിയോ?എനിക്കറിയില്ല.പക്ഷെ ഇപ്പൊ എനിക്കു നിന്നെ കാണാം.കണ്ണിൽ നനവു കൊണ്ടാണോ,കാഴ്ച ഒരു പാട പോലെ -- ഈറൻ തണുപ്പുള്ള പ്രഭാതത്തിലെപ്പോലെ മങ്ങിയ കാഴ്ചകൾ.ഞാൻ എന്ടെ കൈയുയർത്തി കണ്ണ് തുടയ്ക്കാൻ ശ്രമിച്ചു.പക്ഷെ കഴിയുന്നില്ല.കൈകൾക്ക് വല്ലാത്ത ഭാരം.ശ്രമിക്കുന്തോറും ഞാൻ തളർന്ന് പോകുന്നു.വെള്ളയുടുപ്പിട്ട ഒരു മാലാഖ എന്ടെ  കൈകൾ തലോടി തന്നു.ആ മാലാഖയുടെ മുഖത്തേക്ക് നോക്കാൻ എനിക്ക് കഴിയുന്നില്ല,വല്ലാത്ത തലവേദന.
ചുണ്ടോട് അടുത്ത് വന്ന ഒരു സ്പൂണിൽ നിന്ന് ഒരിറക്ക് വെള്ളമേ കിട്ടിയുള്ളൂ.ഒന്ന് കൂടി ചുണ്ടനക്കിയപ്പോൾ ഒരു പ്രാവശ്യം കൂടി തന്നു.ലോകത്തിൽ ഏറ്റവും രുചിയുള്ളത് വെള്ളത്തിനാണെന്ന് ഏതെങ്കിലും മഹാൻ പറഞ്ഞിട്ടുണ്ടോ?
കൺകോണുകളിലൂടെ ചെവിവരെ കണ്ണീർ ഒലിക്കുന്നുണ്ടായിരുന്നിരിക്കണം.ആരോ അത് തുടച്ചത് ഞാൻ അറിഞ്ഞു.
ഒന്നു തിരിഞ്ഞു കിടക്കാൻ സാധിച്ചിരുന്നെങ്കിൽ -- ഞാൻ തല ചരിച്ച് നോക്കി.അത് തടയാനായി ആരോ നെറ്റിയിൽ കൈവച്ചു.വേദനിച്ചാലും സാരമില്ല.അതാരാണെന്നു നോക്കിയേ തീരൂ.ഞാൻ ശ്രമിച്ചു -- മെറൂൺ നിറത്തിലുള്ള സാരി.ഇത് അമ്മയുടേതാണൊ?എനിക്ക് ചിരി വരുന്നു.ഈ അമ്മയ്ക്ക് ഈ സാരീ ഒന്നുപേക്ഷിച്ചൂടേ.എപ്പോഴും ആശുപത്രിയിൽ പോകാൻ ഉടുക്കുന്ന സാരി --" ഓ,അവിടത്തെ അഴുക്കായാലും  അറിയത്തില്ലന്നേ,പിന്നെ ഉടുക്കാനും സുഖം". ഞാൻ കളിയാക്കുമ്പോൾ അമ്മയുടെ മറുപടി.
അമ്മയെ തിരിച്ചരിഞ്ഞതിനാലാവണം എന്ടെ കണ്ണുകൾ വിടർന്നത്.അമ്മ കണ്ണുകൾ ഒന്നു കൂടി തുടച്ച് തന്നു.സ്വന്തം കണ്ണുകൾ ആരും കാണാതെ പതിയെ തുടച്ചിട്ടുണ്ടാവും.
എനിക്ക് വ്യക്തമായി എല്ലാം കാണാം,എല്ലാവരേയും  കാണാം -- നിന്നേയും!എല്ലാവരിൽ നിന്നും പുറകിലായി അകലെ മാറി നീ നിൽക്കുന്നത് എന്തേ?എന്നെ ഇഷ്ട്മില്ലാഞ്ഞിട്ടാണോ?എന്ടെ നോട്ടം നിന്നിലേക്ക് നീളുന്നത് കണ്ടിട്ടാണോ അമ്മ നിന്റെ പേർ വിളിച്ചു.അല്ലെങ്കിലും അമ്മ അങ്ങനെയാണു എന്ടെ എല്ലാ ഭാവങ്ങളും വേഗം മനസ്സിലാക്കും.നീയും അമ്മയെ പോലെ തന്നെ.
          എന്ടെ അടുത്തേക്ക് വരാൻ നീ മുന്നോട്ടാഞ്ഞത് ഞാൻ കണ്ടു.എല്ലാവരും പുറത്തേക്ക് പോയി.അമ്മ ഒന്ന്  ശങ്കിച്ച് എന്ടെ  നെറ്റിയിൽ ഒരു ഉമ്മ തന്നു -- അമ്മയുടെ ചുണ്ടുകൾക്ക് ഒരു നനവുണ്ടായിരുന്നു,ഒരു തണുപ്പ്.നിന്ടെ തോളത്ത് അമ്മ പതുക്കെ ഒന്നു തട്ടിയോ?
            നീ എന്ടെ അടുത്ത് കസേരയിൽ ഇരുന്നു.ഞാൻ എന്ടെ കൈകൾ അനക്കി,നിന്നെ ഒന്ന് തൊടാൻ ശ്രമിച്ചു.സാധിക്കുന്നില്ല!എന്ടെ പരിഭ്രമം നിനക്ക് മനസ്സിലവുന്നുണ്ടൊ? ഉവ്വ്! അതുകൊണ്ടാവും നീ എന്ടെ കൈ നിന്ടെ കൈകുമ്പിളിൽ എടുത്ത് പിടിച്ചത് -- നീരുള്ള എന്ടെ കൈയിൽ നീ പതിയെ തലോടുന്നുണ്ട്,നന്ദി!വളരെ സുഖം തോന്നുണ്ട്.ഞാൻ നിന്ടെ കണ്ണിലേക്ക് നോക്കി ചിരിക്കൻ ശ്രമിച്ചു.ശരിയായോ എന്ടെ ചിരി?
                 നിറഞ്ഞ കണ്ണുകൽ,തുളുമ്പി താഴേക്ക് വീഴുന്ന കണ്ണീർ,കവിളിലൂടെ താഴേക്ക് എന്ടെ  കൈകളിൽ അതു വീണപ്പോൾ,ഒന്നെനിക്ക് മനസ്സിലായി -- നീ എന്നെ സ്നേഹിച്ചിരുന്നു.അതുമതി എനിക്ക്.ഞാൻ കണ്ണുകളടച്ച് ദീർഘനിശ്വാസമെടുത്തു,എന്ടെ  അവസാനത്തെ ശ്വാസം!!!




















Comments

Popular posts from this blog

മോഹമഞ്ഞ

ഗില്ലറ്റിൻ

തിരുനെല്ലി, വയനാട്