സ്ത്രീജന്മം പുണ്യജന്മം!!
വൈകുന്നേരം ഓഫീസ് വിട്ട് ഓട്ടോ വിളിക്കാൻ തുടങ്ങിയപ്പോഴാണ് ഓർത്തത് മാർക്കറ്റിൽ പോയി ചീര വാങ്ങണമെന്ന് രാവിലെ തന്നെ വിചാരിച്ചിരുന്നു. കുറച്ച് ദൂരമേയുള്ളൂവെങ്കിലും ഓട്ടോചേട്ടന്മാർ മീറ്ററിൽ കാണിക്കുന്നതും അതിന്റെ പകുതിയും എന്ന് പറഞ്ഞ് എന്നെ മുറിക്കുന്നത് സഹിക്കാൻ വയ്യ . ഞാൻ മെല്ലെ നടക്കാൻ തുടങ്ങി. ഉച്ചയൂണു കഴിച്ചിരുന്നത് കൊണ്ട് ബാഗ് കാലിയായിരുന്നു. ഒരുപക്ഷെ ഒരു പെണ്ണിനെ പോലെ നടക്കാത്തത് കൊണ്ടാവും എല്ലാവരും എന്നെ തുറിച്ച് നോക്കുന്നത്. ഓഫീസിലെ 'പ്രകാശരാജ്' എന്ന് എല്ലാവരും കളിയാക്കി വിളിക്കുന്ന പ്രകാശൻ പറയണ പോലെ - എന്റെ ലച്ചു കുട്ടി, നീയാ തലയൊക്കെ ഒന്ന് കുനിച്ച് അന്നനടയൊക്കെ നടന്ന്,വാ , എന്നാലേ കാര്യങ്ങൾക്കൊക്കെ ഒരു ഉഷാറുള്ളൂ .... ഇതിപ്പോ വനിതാപോലീസ് ഇടിക്കാൻ വരണപോലെ.... ഛെ , മോശം !!
കേട്ട് ചിരിക്കുന്നവരിൽ എല്ലാ ലലനാമണികളും ഉൾപ്പെടും. വായിലെ നാവിന്റെ ബലം അയാളുടെ നട്ടെല്ലിനില്ലാ എന്നറിയാവുന്നതു കൊണ്ട് ആ ക്ഷുദ്രജീവിയെ ഞാൻ വിലക്കെടുക്കാറില്ല. ഒരുപക്ഷെ അയാൾ പറയണപോലെ എനിക്ക് നടക്കാൻ അറിയില്ലായിരിക്കാം.
ഓഫീസിലെ ചിന്തകൾ മുറിച്ച്കൊണ്ടാണ് അവൾ എന്റെ മുന്നില് വന്ന് വീണത്. ഉടനെ തന്നെ എണീറ്റ് എന്നെ നോക്കി ഒന്ന് നീട്ടിത്തുപ്പി. ചിറിയുടെ കോണിൽ കൂടി രക്തം വരുന്നുണ്ടായിരുന്നത് അവൾ എന്നെ നോക്കി ദേഷ്യത്തോടെ തുടച്ചു. എന്തോ ഞാനാണ് എല്ലാത്തിനും കാരണമെന്ന പോലെ! പിന്നെ ചാട്ടുളിപോലെ തിരിച്ച് നടന്ന് ഒരു വടിയെടുത്ത് ഒരാളെ അടിക്കുന്നതു കണ്ട് ഞാൻ അതിശയിച്ച് നിന്നു. അവൾ തല്ലുന്നതിനിടയ്ക്ക് തമിഴിൽ പറയുന്ന വാക്കുകൾ അർത്ഥം മനസ്സിലാക്കാൻ ഞാൻ മെനക്കെട്ട് നിൽക്കുമ്പോൾ -- അവിടെ ഒരു കുടക്കീഴിൽ പപ്പടം വിൽക്കുന്നയാൾ നരച്ച കുറ്റിതാടി തടവി കൊണ്ട് പറഞ്ഞു -- നീങ്ക പൊങ്ക അക്കാ , ഇത് ദെനവും ഉള്ളതാക്കും, നല്ല വീട്ട് പൊണ്ണ്.... തണ്ണി ശാപ്പിട്ട് പൊണ്ടാട്ടിയെ പോസ് പോസ്ന്ന് പൊസ്ക്കിറാൻ ...പോമ്പളപൊറുക്കി ....നീങ്ക പോങ്കൊ ..ഇങ്കെ എപ്പോവും ഗലാട്ടാ താൻ".
ഞാൻ അയാളെ നോക്കി ചിരിച്ചെന്ന് വരുത്തി മെല്ലെ നടന്ന് നീങ്ങി .ചെറിയ ചെറിയ തട്ടുകടകൾ മാർക്കറ്റിന്റെ തുടക്കത്തിൽ തന്നെ കാണാം. കഷ്ടപാടുകൾ ചുളിവ് വീഴ്ത്തിയതാണോ അതോ പ്രായമോ ? അവർക്ക് എത്ര വയസ്സായിട്ടുണ്ടാവും ? ഒരു എൺപത് , എഴുപത് എന്തായാലും ആയിട്ടുണ്ടാവും. ഞാൻ അവരെ നോക്കുന്നതു കണ്ടിട്ടാവും ആ ഭാഗ്യദേവത എന്റെ അടുത്തേയ്ക്ക് വന്ന് - "ഇന്നത്തെ നറുക്കെടുപ്പാണ് മോളെ , കേരള സർക്കാരിന്റെ , ഒന്നെടുക്കോ ? വിൽക്കുന്നവന്റെയും വാങ്ങുന്നവന്റെയും നെടുവീർപ്പുകളും അസ്ഥാനത്തായ പ്രതീക്ഷകളും അടങ്ങിയ കടലാസുകഷണം -- എനിക്കത് തീരെ യോജിക്കാൻ പറ്റാത്തതാണ്. മാളൂട്ടി ചോദിച്ച പോലെ - ആ അമ്മാമ്മയ്ക്ക് എല്ലാ ലോട്ടറിം സ്വന്തം കയ്യിൽ വെച്ചൂടെ , ആർക്കും കൊടുക്കാണ്ട്, ഏതെങ്കിലും ഒന്ന് അടിക്കില്ലേ ? അപ്പോ അവർക്ക് ആ കാശോണ്ട് ജീവിക്കാല്ലോ ? പറ്റില്ലെ അമ്മെ അങ്ങനെ? ഞാനന്ന് പറഞ്ഞ ഉത്തരം അവൾക്ക് തൃപ്തി നൽകിയിരിക്കണം .പിന്നെ അതെ പറ്റി അവൾ ഒന്നും ചോദിച്ചില്ല . "ഒരെണ്ണം എടുക്ക് മോളെ' -- ആ സ്ത്രീ വീണ്ടും പറഞ്ഞു . ഞാൻ വേണ്ടെന്ന് തലയാട്ടി മുന്നോട്ട് നടന്നു. അവർ എനിക്ക് പിന്നിൽ എന്തോ പിറുപിറുക്കുന്നുണ്ടായിരുന്നു. ഒരുപക്ഷെ എന്നെ ശപിക്കുന്നതായിരിക്കും.
അകലെ നിന്നേ കണ്ടു ചുവന്നചീരയുണ്ട് , പച്ച അത്ര ഫ്രെഷല്ല , ഉലുവച്ചീരയും പാലക്കുമുണ്ട്. അടുത്ത് ചെന്നതും അയാൾ ചോദിച്ചു –“ നല്ല നാടൻ ചീരയാ , രണ്ട് കെട്ടിന് മുപ്പതെയുള്ളൂ എടുക്കട്ടെ” ?
‘ഒരു മൂന്ന് കെട്ട് എടുക്കു,ഉലുവച്ചീരക്കെന്താ വില “?
‘കെട്ടിന് 15/- പലാക്ക് വേണ്ടേ’ ?
‘ഊം, 2 കെട്ട് എടുത്തോ"
അയാള് അത് കവറിലാക്കുന്നതും നോക്കി നിൽക്കുമ്പോഴാണ് ബാഗിൽ ആരോ പിടിച്ചതായി തോന്നിയതും ഞാനത് നെഞ്ചോടടുക്കി പിടിച്ചതും. പിന്നീട് ഷോളിൽ ആരോ വലിക്കുന്നതായി തോന്നി തിരിഞ്ഞു നോക്കിയപ്പോഴാണ് അവളെ കണ്ടതു.
ഒക്കത്തൊരു കുഞ്ഞുമായി ഒരു പത്ത് പന്ത്രണ്ട് വയസ്സ് തോന്നുന്ന ഒരു പെൺകുട്ടി . എണ്ണയില്ലാതെ ചെമ്പിച്ച മുടി മുഖത്തു നിന്ന് നീക്കി അവൾ എന്നോട് –“ ഏതാവത് കൊടുങ്കെ” എന്ന് ചോദിച്ചു . കയ്യിലിരിക്കുന്ന കുഞ്ഞിനെ ഞാൻ തുറിച്ചു നോക്കുന്നത് കണ്ടിട്ടാവണം – “ചിന്നകുഴന്തൈ പശിക്കർത് , ഏതാവത് കൊടുങ്കെ ".
ഞാൻ ചീരയും വാങ്ങി നടന്ന് തുടങ്ങിയിരുന്നു. പിന്നാലെ അവളും. അവളെന്നെ പലതും വിളിച്ചു - അമ്മാ അക്കാ തായ് , മാഡം എന്ന് പോലും .ചോദിച്ചത് ഒന്ന് മാത്രം –“ ഏതാവത് കൊടുങ്കെ , പശിക്കത്".
പെട്ടിയോട്ടോയുടെ ബാക്കിൽ ഓറഞ്ച് വിൽക്കുന്നുണ്ടായിരുന്നു -- ഞാൻ വിലചോദിച്ചു - അരക്കിലോ വാങ്ങി അവളുടെ കയ്യിൽ കൊടുത്തിട്ട് ചോദിച്ചു – “പെരെന്നമ്മാ” ? അവൾ ഓറഞ്ച് കവറിലേക്ക് നോക്കി കൊണ്ട് പറഞ്ഞു - ‘ലച്ചു" ഞാൻ ചിരിച്ചു. എന്തിനാണെന്ന് മനസ്സിലാവാത്തത് കൊണ്ടാവും അവളും ചിരിച്ചു .ഓറഞ്ച്, കവറിൽ നിന്നെടുത്തു മണപ്പിച്ച് നടന്ന് പോകുന്ന അവളെ ഞാൻ നോക്കി നിന്നു . ഒരുപാട് ഉച്ചത്തിൽ പാട്ട് വെച്ചു വരുന്ന ഒരു ഓട്ടോ കൈകാട്ടി അതിൽ കയറുമ്പോൾ ഒരു കിളിനാദം - " സ്ത്രീ അമ്മയാണ് , ഭാര്യയാണ് , മകളാണ് , സഹോദരിയാണ്. എല്ലാവരുടെയും ജീവിതത്തിൽ നമ്മളെ സ്വാധീനിച്ച ഒരുപാടു വനിതകളുണ്ടാവും. അപ്പൊ ഈ വനിതാദിനത്തിൽ , അങ്ങനെ നിങ്ങളെ സ്വാധീനിച്ച സ്ത്രീ ആരെന്നു വിളിച്ചു പറയു, അവർക്ക് വേണ്ടി ഒരു പാട്ട് dedicate ചെയ്യൂ, വിളിക്കേണ്ട നമ്പർ 0487....2222 , നിങ്ങൾ കേട്ട് കൊണ്ടിരിക്കുന്നത് 888.88 FM ,കേൾക്കൂ ആസ്വദിക്കൂ ....
ഞാൻ ഈ വൈകുന്നേരം എന്നെ കടന്നു പോയ സ്ത്രീ ജന്മങ്ങളെ കുറിച്ച് ആലോചിച്ചു. അവർക്കറിയുന്നുണ്ടാവുമോ ഇന്ന് വനിതാദിനം ആണെന്ന് ? ലോകം മുഴുവൻ അത് ആഘോഷിക്കുന്നുണ്ടെന്നു. ഉണ്ടാകുമായിരിക്കും അല്ലേ ??
സ്ത്രീയിൽ നിന്ന് ജന്മമെടുത്ത എല്ലാവർക്കും എന്റെ വനിതാദിനാശംസകൾ!!
Comments
Post a Comment