എന്നിലെ സ്ത്രീ!!
കൺപീലികളിൽ ഉരുണ്ടു കൂടുന്ന
നീർമ്മണികളെ, കവിളിൽകൂടി
ചാലുകളായി ഒഴുകി, താടിയിൽ
നിന്നു താഴേക്ക് വീഴുന്നതിനുമുന്നേ
കൈക്കുമ്പിളിൽ കോരി, വിരലുകൾ
കൊണ്ട് തഴുകി, മുത്തുകളാക്കി
മാലകൾ കോർക്കേണം,
ആ മുത്തുകൾ കൊണ്ട്, മൂക്കുത്തിയും
കാതിലോലയും, കാപ്പും, അംഗുലീയങ്ങളും തീർക്കേണം
സീമന്തരേഖയിലെ ചുവപ്പിനുമുകളിൽ
പതിയുന്ന നെറ്റിച്ചുട്ടിയും തീർക്കണം
അരയ്ക്കു ചുറ്റിപടരുന്ന മോഹം പോലേ
ഒരു ഒഡ്യാണവും വേണം
നടക്കുമ്പോൾ ചിരിക്കുന്ന
പാദസരവും കഴുത്തിനെ മുറുകുന്ന
ചങ്ങലയും വേണം
കസ്തൂരിമഞ്ഞളിട്ട് നീരാടി, ചെംബരത്തി
താളിയാൽ കൂന്തൽ മിനുക്കി;
നിലക്കണ്ണാടിക്ക് മുന്നിൽ, കാകനെ പോലെ ചാഞ്ഞും ചരിഞ്ഞും നോക്കി,
സർവ്വാഭരണവിഭൂഷിതയായി, കർണ്ണന്റേ
പോലെ കവചകുണ്ഡലങ്ങളുടെ
അകമ്പടിയോടെ എന്നിലെ സ്ത്രീ,
കണ്ണിൽ സുറുമയെഴുതി, കവിളുകളെ
നുള്ളി അരുണിമ വറുത്തി,
ഈ ലോകത്തിനു മുന്നിൽ
പ്രത്യക്ഷപ്പെട്ടു, അവൾക്ക് മാത്രം
സ്വന്തമായ വശ്യമായ പുഞ്ചിരിയോടെ!!
Comments
Post a Comment