അവസാനത്തെ യാത്ര....
ഒരു യാത്ര പോകണം, തോളിൽ മാറാപ്പുകെട്ടി,
അതുവരെ അറിഞ്ഞവരെയും അറിയാൻ ശ്രമിച്ചവരെയും
പിന്തള്ളി, ജനിപ്പിച്ചവരെയും ജനിച്ചവരെയും മറന്ന്
ഭൂമിയുടെ അവസാനത്തിലേക്ക്, ചക്രവാളത്തിന്റെ
അനന്തസീമയിലേക്കു, അവനോടൊപ്പം!
മടിശ്ശീലകൾ കാലിയാക്കി,വിതക്കുകയും
കൊയ്യുകയും ചെയ്യാത്തവരെ പോലെ.
പുഴകൾ നീന്തിക്കടക്കുമ്പോൾ കൈകൾ
കോർത്ത്പിടിക്കണം, ക്ഷീണിക്കുമ്പോൾ
തോളിൽ ചാഞ്ഞിരിക്കണം, കല്ലും മുള്ളും
തറച്ചു ചോര പൊടിയുന്ന പാദങ്ങൾ, അവന്റെ
മടിയിൽ വെച്ച് മയങ്ങണം, കുന്നിൻമുകളിലും
താഴ്വരകളിലും അവനുമായി തല്ലുകൂടണം.
ദാഹിച്ചു തൊണ്ടവരളുമ്പോൾ അവനെ
ചുംബിക്കണം, ദീർഘമായി, പ്രണയത്തോടെ.
സർവ്വ നാഡീഞരമ്പുകളും തളർന്നു,
എല്ലാ കശേരുക്കളിലും വേദന നിറയുന്ന കാലത്തോളം;
ജരാനരകൾ ബാധിച്ചു, ഒരോ ഇതളുകളായി
കൊഴിയുന്ന കാലത്തോളം,
ഒരു യാത്ര പോകണം, അവനോടൊപ്പം!!
കയ്യ് കോർത്ത് ഉറക്കെ ചിരിച്ചുകൊണ്ടോടണം..
അണക്കുമ്പോൾ മാറിലേക്ക് ചേരണം..
എനിക്കായ് തുടിക്കുമാ മിടിപ്പ് കേൾക്കണം..
അവൻറെ വിയർപ്പിനാൽ കുളിക്കണം..
ആഴത്തിൻ കരക്കെ ഊറ്റത്തിൽ ചേർന്ന് നില്ക്കണം..
ഒറ്റതടിപ്പാലത്തിൽ ഭയക്കാതെ കയ്യ് കോർത്ത് നടക്കണം..
തളരും വരെ കൂടെ നടക്കണം...
തളർന്നാൽ ഒന്നിച്ചിരിക്കണം..
മടിയിൽ കിടത്തണം..
ഒരേ പട്ടടയിൽ, പരസ്പരം പുണർന്നു
കത്തിയമരണം, ആത്മാവു ജ്വാലകൾ പോലെ
ആകാശത്തേക്ക് പറന്നുയരണം.
ഒരു യാത്ര പോകണം, അവനോടൊപ്പം!!
Comments
Post a Comment