ഞാൻ ഉറങ്ങുന്നു

വിരഹത്തിന്റെ പുഴുകുത്തേറ്റ 
രാത്രിയുടെ ഓരോ യാമങ്ങളിലും 
ശരീരത്തിന്റെ വിധവിധമായ 
ചലനങ്ങൾ കൊണ്ട് ഞാൻ 
കിടക്കയിൽ പലവിധമായ 
രൂപങ്ങൾ തീർത്തുകൊണ്ട്
ഒരിറ്റ് നിദ്രക്കായി കാത്തുകിടന്നു

തലയിണകൾ കഥാകാരികളെങ്കിൽ
പലവർണ്ണക്കണ്ണീരിന്റെ
കഥകൾ കേൾക്കാമായിരുന്നു
എപ്പോഴോ കനം വെച്ച്
താഴേക്കമർന്ന കണ്‍പോളകൾ
ഇറുക്കിയമർത്തി ഞാൻ
സുഷുപ്തിയിലേക്ക് വീഴാൻ തുടങ്ങവേ
മിഴിക്കുള്ളിൽ അപ്പോഴും നിറഞ്ഞു നിന്ന
ശോകത്തുള്ളികൾക്കിടയിൽ കൂടി ഞാൻ
കാണുന്നു നിന്നെ മാത്രം

നിന്നെയെന്നപോലെ ഞാൻ ഈ
തലയിണകൾ എന്റെ നെഞ്ജോടു
ചേർത്ത് പുണരുമ്പോൾ അവയ്ക്ക്
നിന്റെ വിയർപ്പിന്റെ ഗന്ധമുണ്ടായിരുന്നു
നിന്റെ ഹൃദയത്തിന്റെ താളമില്ലെങ്കിലും
ചിതലരിച്ച ഓർമ്മച്ചിത്രങ്ങൾ പോലെ
എന്റെ കണ്ണിനുള്ളിൽ
ഒരു പഴയ ചലച്ചിത്രം പോലെ
നീ സ്വപ്നമായി , ചലിച്ചുകൊണ്ടിരുന്നു


പുലരിയുടെ പൊൻനൂലുകൾ 
ജനൽ ചില്ലുകളിൽ തട്ടി മഴവില്ല് പോലെ 
എന്റെ കണ്ണിൽ പതിക്കുമ്പോഴും 
അത്തിപഴം തിന്നാൻ വന്ന കുയിലുകളുടെ 
പാട്ടുകൾ കാതിൽ ഇമ്പമാകുമ്പോഴും 
ഉണർത്താനായി എന്റെ കാൽവെള്ളകളിൽ 
ഇക്കിളിയിടുന്ന മണികുട്ടിയുടെ ചിരി ഞാൻ 
അറിയുമ്പോഴും കണ്ണ് തുറക്കാതെ ഞാൻ 
ഒരിക്കലും ഉണരാത്ത വലിയ ഉറക്കത്തിന്റെ 
അഗാധ ഗർത്തത്തിലേയ്ക്ക് ആഴ്ന്നു തുടങ്ങിയിരുന്നു

Comments

Popular posts from this blog

മോഹമഞ്ഞ

ഗില്ലറ്റിൻ

തിരുനെല്ലി, വയനാട്