ആധുനികകുട്ടിക്കുരങ്ങന്മാരും ഞാണിന്മേൽ കളിയും....
വെഡ്ഡിംഗ് ആനിവേഴ്സറി ആഘോഷിക്കാൻ പുറത്ത് പോകാൻ തയ്യാറാകാൻ ഡെയ്സിയോടും കുട്ടികളോടും പറഞ്ഞതിനു ശേഷമാണ്, സെബിയുടെ കോൾ വന്നത്. അവൻ മുൻപ് എന്റെയടുത്ത് പറഞ്ഞുവിട്ട ക്ലൈന്റ്സിനു എന്നെ വീണ്ടും കാണണമെത്രേ! ശല്യങ്ങൾ, ഞായറാഴ്ചയായാലും ഒരു ഒഴിവുമില്ല. ഇതൊക്കെ ഞാൻ എടുക്കുന്ന കേസുകൾ തന്നെ, എന്നാലും ഇതിനൊക്കെ ഒരു പരിധിയില്ലേ? ഞാൻ അത്ര പ്രഗൽഭനാണ് എന്നൊന്നും എനിക്ക് തെറ്റിദ്ധാരണയില്ല. ഇതിപ്പോ എന്താണാവോ ഇവരുടെ പ്രശ്നം? മുൻപ് എന്റെയടുത്ത് വന്നപ്പോ ഒരു കൗൺസലിംഗ് ആണ് ഞാൻ നിർദ്ദേശിച്ചത്. അവർ കൗൺസലിങ്ങിനു പോയി എന്നും ഇപ്പൊ കുഴമില്ലാതെ പോകുന്നുണ്ടെന്നൊക്കെയാണ് സെബി പിന്നെ കണ്ടപ്പോൾ പറഞ്ഞതു. സംഗതി നല്ല തല്ല് കൊള്ളാത്തതിന്റെ കേടേ ഞാൻ നോക്കിയിട്ടിവർക്കുള്ളൂ.
കുടുംബപ്രശ്നങ്ങൾ എല്ലാവർക്കും എല്ലയിടത്തും ഉണ്ട്. പക്ഷെ അതിനെ ഊതിപെരുപ്പിക്കണോ അതോ തല്ലികെടുത്തണോന്നു നമ്മൾ തീരുമാനിക്കുന്നിടത്താണ് നമ്മൾ നന്നായി ജീവിക്കാൻ തുടങ്ങുന്നതു. തത്വചിന്തയൊന്നുമല്ല ഒരു ചെറിയ അഭിപ്രായം മാത്രം. മുൻപ് വന്നപ്പോ ഇതൊക്കെ ഞാൻ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചതാണ്, പക്ഷെ ആര് കേൾക്കാൻ ? ഏറ്റവും വലിയ പ്രശ്നം ആ കുട്ടിയുടെ അമ്മക്കാണ്. ആ കൊച്ചിന്റെ ജീവിതം കുളമാക്കാൻ കച്ച കെട്ടിയിറങ്ങിയിരിക്കുകയാണ്. അവരെ അവരുടെ ഭർത്താവ് ഉപേക്ഷിച്ചു പോയതാണത്രേ, ഈ കുട്ടിയുടെ വളരെ ചെറുപ്പത്തിൽ തന്നെ. എന്നിട്ട് അവർ ഒറ്റക്കാണ് ഈ മകളെ വളർത്തിയത്. അതു കേട്ടപ്പോ അവരോട് ശരിക്കും സഹതാപം തോന്നിയതായിരുന്നു പക്ഷെ അവരോട് സംസാരിച്ചു തുടങ്ങിയപ്പോൾ തന്നെ അവരുടെ ഭർത്താവിനോട് തോന്നിയ ദേഷ്യം മെല്ലെ ഇല്ലാണ്ടായി. ചില സ്ത്രീകൾ അങ്ങനെയാണ്, നമ്മളെ വല്ലാണ്ട് വെറുപ്പിക്കും.
ഏതായാലും ഞാൻ ഡെയ്സിയോട് വിവരം പറഞ്ഞു, ഓഫീസ് റൂം ശരിയാക്കിയിടാൻ പറഞ്ഞപ്പോൾ അവൾ ചോദിച്ചു -" അപ്പോൾ പിന്നെ ഇന്നു പുറത്ത് പോണ്ടാന്ന് വിചാരിച്ചാലോ?
" ഏയ്, അത് വേണ്ടാ, ഞാനിത് വേഗം ഒഴിവാക്കാൻ നോക്കാം.
കോളിംഗ് ബെൽ ശബ്ദിച്ചു. ഞാൻ ചെന്ന് വാതിൽ തുറന്ന് അവരെ ഓഫീസിലേയ്ക്ക് ക്ഷണിച്ചു. ഭാഗ്യം ആ കുട്ടിയുടെ കൂടെ ഇപ്രാവശ്യം അമ്മയില്ല. അവരെ പരിചയപ്പെട്ടതിനു ശേഷമാണ് എന്റെ അമ്മായിയമ്മയോട് ഇത്തിരിയെങ്കിലും ഒരിഷ്ടം തോന്നിയത്.
ഞാൻ ഫാൻ ഇട്ടു- " ഇരിക്കു, സെബി പറഞ്ഞു എന്തോ അത്യാവശ്യമുണ്ട് എന്ന്? കൈക്ക് എന്തു പറ്റിയതാണ്, പ്ലാസ്റ്റർ കണ്ടപ്പോൾ ഞാൻ ചോദിച്ചു.
ഞാൻ ആമുഖമായി പറഞ്ഞു.
"എനിക്ക് സറിന്റെ ഒരു ഒപ്പീനിയൻ അറിയാനായിരുന്നു".
'ഓക്കേ'
"അന്ന് സർ പറഞ്ഞതനുസരിച്ച് ഞാൻ കൗൺസലിംഗ് അറ്റന്റ് ചെയ്തിരുന്നു. പക്ഷെ എനിക്കെന്തോ ഒന്നും ശരിയായി തോന്നിയില്ല.മനസ്സ് കൊണ്ട് യോജിക്കാൻ സാധിക്കുന്നില്ല. അതിനു ശേഷം ഞങ്ങൾ താമസിക്കുന്നത് ഒന്നിച്ചാണെങ്കിലും, ജസ്റ്റ് പേയിംഗ് ഗസ്റ്റുകളെ പോലെയാണെന്ന് മാത്രം".
"പക്ഷെ നിങ്ങൾക്കൊരു കുഞ്ഞില്ലേ,അതിനെയോർത്തെങ്കിലും നിങ്ങൾക്ക് ഒന്ന് സഹകരിച്ചു ജീവിച്ചുകൂടേ?
"അതല്ല സർ, എന്റെ അമ്മയെ ഞങ്ങളുടെ വീട്ടിൽ വന്ന് താമസിക്കാൻ അയാൾ സമ്മതിക്കുന്നില്ല, എന്റെയമ്മക്ക് ഞങ്ങളുടെ കൂടെ വന്ന് താമസിക്കണമെന്നാണ് ആഗ്രഹം."
അയാളെ കുറ്റം പറയാൻ പറ്റില്ല, ഞാനായാലും അതേ ചെയ്യൂ.ഏത് കണ്ണുപൊട്ടനും മനസ്സിലാവും ഈ കുട്ടിയുടെ ജീവിതം ഇങ്ങനെ താറുമാറാൻ കാരണം ആ അമ്മയുടെ നിയന്ത്രണമാണെന്ന്.അവർ തുടർന്നു.
"ഇപ്പോ തന്നെ ഞാൻ ലാസ്റ്റ് ടൈം ലീവിനു വന്നപ്പോൾ അമ്മ അതു സൂചിപ്പിക്കുകയും ചെയ്തു. അതുകൊണ്ടാണ് ഞാൻ തിരികെ ബാംഗ്ലൂർ ചെന്നപ്പോൾ അയാളോട് അതു പറഞ്ഞതു.പറഞ്ഞ് തുടങ്ങിയപ്പോഴേക്കും അയാൾക്ക് ദേഷ്യം വന്ന് എന്നോട് ഉറക്കെ സംസാരിക്കാൻ തുടങ്ങി. കഴിഞ്ഞ പ്രാവശ്യം കൗൺസലിങ്ങിനു ഇതൊന്നും ഉണ്ടാവില്ലാന്ന് പ്രോമിസ് ചെയ്തിരുന്നതാണ്. ഇനി അങ്ങനെയുണ്ടായാൽ അതിനൊക്കെ തെളിവുണ്ടാക്കണമെന്ന് അമ്മ പറഞ്ഞിട്ടുണ്ടായിരുന്നു. തർക്കം മൂത്തപ്പോൾ ഞാനും ഏതാണ്ടൊക്കെ പറഞ്ഞൂന്ന് തോന്നുന്നു. ദേഷ്യം വന്നിട്ട് അവൻ കൈ ചുമരിൽ ഇടിച്ചു, വാതിൽ ഉറക്കെയടക്കുകയും ചെയ്തു. പിറ്റേന്ന് അവൻ കൈ ബാൻഡേജിട്ടാണ് വന്നതു. പിന്നെ അതു ഓപറേഷൻ വേണ്ടിവന്നു, വിരലിനു ഫ്രാക്ചറുണ്ടെന്നും പറഞ്ഞു. അപ്പോ അമ്മ പറഞ്ഞു ഇനി അവൻ എന്തെങ്കിലും കേസ് കൊടുക്കാണെങ്കിൽ അവന്റെ ഭാഗം ജയിക്കുമെന്ന് അതു കൊണ്ട് ഞാനും എന്തെങ്കിലും ഫ്രാക്ചറുണ്ടാക്കണമെന്നു അമ്മയാ പറഞ്ഞത്. അങ്ങനെ ഞാൻ സ്കൂട്ടരിൽ നിന്ന് വീണതായി കാണിച്ച് ഹോസ്പിറ്റലിൽ പോയി കൈക്ക് ബാൻഡേജിട്ടു, പിന്നെ കുറച്ചു കൂടി ബലം കിട്ടാൻ ഇവിടെ നാട്ടിൽ വന്ന് നല്ല വേദനയുണ്ടെന്നു പറഞ്ഞു പ്ലാസ്റ്ററിട്ടു. അതാ ഈ പ്ലാസ്റ്റർ. ഇതിന്റെ മെഡിക്കൽ ബില്ലൊക്കെ എന്റെ കയ്യിലുണ്ട്, ഒരു കേസ് വരാണെങ്കിൽ യൂസ് ചെയ്യാലോ? പിന്നെ അമ്മയോടു ആലോചിച്ച് ഞാൻ ട്രാൻസഫറിനു റിക്വസ്റ്റ് ചെയ്തിട്ടുണ്ട്, ഇവിടെ കൊച്ചീലേക്ക്, അതാവുമ്പോ എനിക്ക് അമ്മയെ എന്റെ കൂടെ നിർത്താലോ, കുഞ്ഞൂസിനെ അവിടെ സ്കൂളിൽ ചേർക്കുകയും ചെയ്യാം".
ഞാൻ എന്ത് പറയണമെന്നറിയാതേ തലയാട്ടുകമാത്രം ചെയ്തു. അതു അവർക്ക് തുടരാനുള്ള സിഗ്നലായി കണ്ട് ആ കുട്ടി തുടർന്നു.
"അതു കൊണ്ട് ഞാൻ അയാൾ അറിയാതെ കുറച്ച് കുറച്ച് ഡ്രെസ്സുകളായി ഓഫീസ്സിൽ കൊണ്ടു വന്നു വെച്ചു, പിന്നീട് എല്ലാം നാട്ടിലേയ്ക്ക് കൊണ്ടുവന്നതു. അയാൾ അറിഞ്ഞാൽ കുഞ്ഞൂസിനെ എന്റെ കൂടെ വിട്ടില്ലെങ്കിലോന്ന് വിചാരിച്ചാ ഞാൻ അതൊക്കെ പ്ലാൻ ചെയ്തത്, എന്നോടയാൾ ചോദിച്ചപ്പോ ഞാൻ കൃത്യമായി ഉത്തരം ഒന്നും കൊടുത്തില്ല".
"ഇതെല്ലാം അമ്മയോടാലോചിച്ചിട്ടാണോ? ഞാൻ ചോദിച്ചത് പുച്ഛത്തോടെയാണെന്ന് മനസ്സിലാക്കാനുള്ള ബുദ്ധിയില്ലാഞ്ഞിട്ടോ എന്തോ, ആ കുട്ടി വളരെ താൽപര്യത്തോടെ തലയിളക്കി.
"ഇനിയിപ്പോ എനിക്കറിയേണ്ടത് ഇതിനൊക്കെ അയാൾ എങ്ങനെ റിയാക്റ്റ് ചെയ്യുമെന്നാണ്. ഞാൻ എന്റെ കോണ്ടാക്ട് നമ്പർ ഒക്കെ മാറ്റി, അയാൽ കുഞ്ഞൂസിനെ വിളിച്ചാൽ പിന്നെ അവൾ കാണണമെന്ന് പറഞ്ഞാലോ? എന്തായാലും ഞാൻ തിരിച്ച് ചെല്ലാണ്ടാവുമ്പോൾ അയാൾക്കെല്ലാം മനസ്സിലാവുമല്ലോ? അപ്പോ അയാൾക്കെന്ത് ചെയ്യാൻ കഴിയും എന്നാണ് അമ്മക്കറിയേണ്ടത്, അതാ ഞാൻ അർജ്ജന്റായി സറിനെ കാണണമെന്ന് പറഞ്ഞത്."
ഇതും അമ്മയോട് തന്നെ ചോദിക്കായിരുന്നില്ലേന്ന് ചോദിക്കാനാണ് ആദ്യം നാവുയർത്തിയത്തിയത്, പക്ഷെ ഉറങ്ങുന്നവരെയല്ലേ എണീപ്പിക്കൻ പറ്റൂ എന്നോർത്ത് ഒന്നും പറഞ്ഞില്ല.
"നോക്കൂ, അയാൾ എങ്ങനെ പ്രതികരിക്കുമെന്ന് അയാൾക്ക് മാത്രേ അറിയൂ. പക്ഷെ അയാൾക്ക് ഡിവോഴ്സിനു ശ്രമിക്കാം, കുട്ടിയുടെ കസ്റ്റടിക്കായി ശ്രമിക്കാം. അതൊക്കെ അയാളുടെ മാനസ്സീകാവസ്ഥ പോലെയിരിക്കും. എനിക്കതിനു ഉറപ്പ് പറയാൻ പറ്റില്ല."
"ഇൻകേയ്സ് അയാൾ ഡിവോഴ്സിനു ശ്രമിച്ചാൽ സർ എനിക്ക് വേണ്ടി അപ്പിയർ ചെയ്യുമോ? സർ ആവുമ്പോൾ എല്ലാം അറിയാലോ, അയാളുടെ ദുഷ്ടത്തരങ്ങൾ മുഴുവൻ, അതുകൊണ്ട്... അവർ മുഴുമിക്കാതെ നിർത്തി.
"അതൊക്കെ പിന്നീട് വരുന്ന കാര്യങ്ങളല്ലേ? ഞാൻ ഒന്ന് മുന്നോട്ടാഞ്ഞിരുന്നു. " മുൻപും ചോദിക്കണമെന്ന് വിചാരിച്ചതാണ്, നിങ്ങൾക്കീ കല്യാണത്തിനു ഇഷ്ടമുണ്ടായിരുന്നില്ലേ?
അവർ തെല്ലു ശങ്കിച്ച്, എന്നെ നോക്കി. "എനിക്ക് ഒരാളെയിഷ്ടമുണ്ടായിരുന്നു, അമ്മയ്ക്ക് സമ്മതമല്ലായിരുന്നു. അമ്മ നിർബന്ധിച്ചപ്പോൾ പിന്നെ ഈ കല്യാണത്തിനു സമ്മതിച്ചു."
'നിങ്ങളുടെ ഭർത്താവിനിതൊക്കെ അറിയോ?
'പിന്നെ അയാൾക്കതൊക്കെ അറിയാം, അറിഞ്ഞപ്പോ, സാരമില്ലാ, അതൊക്കെ മറക്കാമെന്ന് പറഞ്ഞു. അതിന്റെ പേരിൽ കുഴപ്പമൊന്നുമില്ല, പക്ഷെ ഞാൻ ഇടക്ക് ചാറ്റ് ചെയ്യുമ്പോൾ, മുൻപത്തെ ആളുമായിട്ട്, അയാൾ പ്രശ്നമുണ്ടാക്കാറുണ്ട്".
ഈ സമയത്ത് മമ്മൂട്ടിയൊ മോഹൻലാലോ പറയുന്ന പോലെ കുടുംബജീവിതത്തെ പറ്റി ഒരുഡയലോഗ്ഗ് പറയണമെന്ന് ഞാനാലോചിച്ചു. പക്ഷെ നല്ല വിദ്യാഭ്യാസവും ചിന്തിക്കാനുള്ള കഴിവും ഉള്ളവർ ഇങ്ങനെയൊക്കെ ചെയ്യുമ്പോൾ ഒരു ഡയലോഗിനും സാധ്യത ഇല്ലായെന്നുള്ള എന്റെ ബോധം വളരെ വലുതായിരുന്നു. അങ്ങനെയൊക്കെ പറഞ്ഞാൽ ഇവർ എന്നെ പുച്ഛിക്കേയുള്ളൂ, കാരണം ഇവർ നമ്മളെ നോക്കുമ്പോൾ നമ്മൾ എല്ലാ സൗഭാഗ്യങ്ങളോടും കൂടി ജീവിക്കുന്നവരാണ്. നമ്മൾക്കിവരുടെ അവസ്ഥ മനസ്സിലാവാനിടയില്ല, അങ്ങനെയൊരു അവസ്ഥ അവരുണ്ടാക്കിയെടുത്തതാണെങ്കിൽ പോലും!
"മ്മ്ഹ്മ്മ്മം, ഞാൻ എന്തു പറയണമെന്നറിയാതെ കുഴങ്ങി. വാതിലിനു പുറത്ത് ഡെയ്സിയുടെ ഷാളിന്റെ അറ്റം നീങ്ങുന്നത് കണ്ടപ്പോൾ മനസ്സിലായി ഇവരെ പറഞ്ഞു വിടേണ്ട സമയമായീന്നു.
"അപ്പോ ശരി, അങ്ങനെ കേസിന്റെ ആവശ്യം വരുമ്പോൾ ഒന്ന് വിളിച്ചാ മതി. ഇന്ന് സണ്ഡേയല്ലേ, ഫാമിലിയായിട്ട് പുറത്ത് പോകാൻ ഒരു പ്ലാൻ ഉണ്ടായിരുന്നു".
അവർ യാത്ര പറഞ്ഞു ഇറങ്ങി.
കാറിൽ പാട്ട് വെച്ചിട്ടുണ്ടെങ്കിലും ദിയയും മിലനും തല്ല് കൂടുന്നുണ്ടെങ്കിലും വലിയൊരു നിശ്ശബ്ദത തളം കെട്ടി നിൽക്കുന്നുണ്ടായിരുന്നു.
" ആ കുട്ടിക്കെന്തു പ്രായം വരും? ഡെയ്സിയുടെ ചോദ്യം കേട്ടെങ്കിലും എനിക്കതു മനസ്സിലാക്കിയെടുക്കാൻ കുറച്ച് സമയം വേണ്ടി വന്നു.
"ഒരു മുപ്പത് വരുമായിരിക്കും.
"ഇനിയും ആ കുട്ടി എന്തോരം ജീവിക്കണം, ഈ ജീവിതമൊന്ന് തീരാൻ! ആ അമ്മ എത്ര കാലം ഉണ്ടാവും? ഇങ്ങനെയൊക്കെയാണെങ്കിൽ പിന്നെന്തിനു കല്യാണം കഴിച്ചു, കല്യാണം അല്ലല്ലോ ജീവിതത്തിന്റെ ആത്യന്തികലക്ഷ്യം? വെറുതെ ആ പയ്യന്റെ ജീവിതം തുലച്ചത് മാത്രം മെച്ചം, അവൾ നെടുവീർപ്പിട്ടു. ഈ ചിന്തകളാണ് അവളിലേയ്ക്ക് എന്നെ കൂടുതൽ അടുപ്പിക്കുന്നതും, സ്നേഹിപ്പിക്കുന്നതും!
ഇതൊരു ഒറ്റപ്പെട്ട സംഭവമൊന്നുമല്ല. മക്കളെ സ്വന്തം ഇൻവെസ്റ്റ്മന്റ് ആയി കരുതുന്ന ഒരുപാട് മാതാപിതാക്കളുണ്ട്, പ്രായപൂർത്തിയായാലും, കല്യാണം കഴിഞ്ഞാലും ജീവിക്കാൻ സമ്മതിക്കാതെ, വിടാതെ മക്കളെ പിന്തുടരുന്നവർ. പണ്ട് കവലകളിലും മറ്റും കണ്ടിരുന്ന കുരങ്ങുകളിയാണ് അപ്പോൾ ഓർമ്മ വരുക ---" ചാടി കളിക്കെട കുഞ്ഞിരാമാ".
Comments
Post a Comment