കലികാലത്തിലെ കലികാവതാരങ്ങൾ
"പോതും പ്പാ, പോതും,"
"ഇല്ലെ കണ്ണ്, നന്നാ ശാപ്പിട്ടുക്കോ, കൊഞ്ചം കൂടെ" - സെന്തിൽ മകളെ കൊഞ്ചിച്ചു കൊണ്ട് ഊട്ടി.
"നെജ്മാ പോതും പ്പാ, സെന്തിലിന്റെ ചോറുരുള വാങ്ങാതെ ദുർഗ്ഗ മുഖം തിരിച്ചു.
"അപ്പടിയാനാ, ഇന്താ തണ്ണി, കൊപ്പളച്ചിക്കോ"- സെന്തിൽ ബാക്കി ഭക്ഷണം കഴിക്കാൻ തുടങ്ങി.
"എങ്കെയും പോ വേണാ, ഇങ്കെയെ ഉക്കാര്, അപ്പാവോടെ ശാപ്പാട് മുടിഞ്ഞതക്കപ്പറം പടുത്തു തൂങ്കലാം, എന്നാ?"
"അമ്മാ നാൻ അപ്പാ കൂടെ പട്ക്കിറേൻ."
"ഓ, അതെനക്ക് തെരിയാതാ, അപ്പാവും പുള്ളെയും ശേർന്തിട്ടേന്നാ അമ്മാവെ യാര് പാക്കിറത്"?
"അപ്പടിയെല്ലാം കെടയാത് മ്മാ, അപ്പാ കഥ സൊൽവാറില്ലേ, അതാ അവർ കൂടെ തൂങ്കലാം ന്ന് സൊല്ലിയിട്ടേ മ്മാ, ഉനക്ക് കോപമാ?"
"സുമ്മാ സൊന്നത് താ കണ്ണ്, നീ അപ്പാവോടെ കഥ കേട്ട് നിമ്മതിയാ തൂങ്ക് എന്നാ?"
സെന്തിൽ കൈ കഴുകി വന്നു. അയാൾ പുതപ്പ് തട്ടി കുടഞ്ഞു വിരിച്ചു, അതിലേക്ക് കിടന്നു, തലയിണക്ക് പകരമായി കൈകൾ മടക്കി വെച്ചു.
"വാ കണ്ണ്, ഉനക്ക് കഥ സൊല്ലി താറേൻ, എന്ന കഥ വേണം ഉനക്ക്?"
"അപ്പാ എനക്ക് കാളിയമ്മനോടെ കഥ പോതും."
"അടേങ്കപ്പാ, അത് താൻ ദിനമൊം സൊല്ലിയിട്ടിർക്കേൻ, ഇന്നും അത് താൻ സൊല്ലണമാ?"
"അത് പോതും പ്പാ, പ്പാ നാൻ അവങ്കളേ എല്ലാം കൂപ്പിടട്ടുമാ?"
സെന്തിൽ ചിരിച്ചുകൊണ്ട് തലയാട്ടി. ദുർഗ്ഗ പോയി മറ്റ് ടെന്റുകളിലെ ആളുകളെയൊക്കെ വിളിച്ച് കൊണ്ട് വന്നു.
" അപ്പാ മുഴുസാ സൊല്ലവേണ്ടാ, മഹിസാസുരനെ കൊല്ലർത് മട്ടും പോതും."
"അന്ത അസുരൻ വന്ത്...." സെന്തിൽ കഥയാരംഭിച്ചു. ദുർഗ്ഗയവന്റെ നെഞ്ചിൽ ചേർന്ന് കിടന്ന് ചെവിയോർത്തു.
"എന്താ ഇവിടെ, ഭയങ്കര കഥ പറച്ചിലാണല്ലോ?" രാജൻ ചോദിച്ചു.
"അപ്പാ, കാളി അസുരനെ കൊന്ന കഥ സൊല്ലിയിട്ടിർക്കേൻ അങ്കിൾ."
"ആഹാ, കൊള്ളാലോ, എന്നാ ഞാനും കേൾക്കാൻ കൂടാം."
"കഥ മുടിഞ്ചിട്ടേൻ അങ്കിൾ" - ദുർഗ്ഗ കൊഞ്ചി പറഞ്ഞു.
"സാർ, നീങ്കെ എത്ക്ക് വന്തിട്ടേന്ന് സൊല്ലലിയെ?"
"ഒന്നുമില്ല സെന്തിൽ, ഞാൻ ദുർഗ്ഗക്ക് ഒരു സമ്മാനം കൊടുക്കാൻ വന്നതാ, എന്റെ ഭാര്യക്ക് ഇവളേ അങ്ങ് വല്യ ഇഷ്ടായി, അവൾക്ക് പെൺകൊച്ചുങ്ങള് വേണമെന്ന് വല്യ മോഹായിരുന്നു, പക്ഷെ കിട്ടീത് മൂന്നും വാനരന്മാര്!"
" അവരെല്ലാം നല്ല പുള്ളെങ്കെ, സാർ!
"അതൊക്കെ തന്നെ, അതു കൊണ്ടാ അന്ന് ദുർഗ്ഗ വീട്ടിൽ വന്ന് കുറച്ച് പാട്ടും കഥയുമൊക്കെ പറഞ്ഞപ്പോ അവൾക്ക് ഇവളെ അങ്ങ് ഇഷ്ടമായത്. നാളെ നിങ്ങള് പൂവാന്ന് പറഞ്ഞപ്പോ അവള് തന്നെയാ ഇതൊക്കെ വാങ്ങീതും പൊതിഞ്ഞതുമൊക്കെ, ഈ നേരമായത് കൊണ്ടാ ഇല്ലെങ്കീ എന്റെ കൂടെയിങ്ങ് പോന്നേനെ"
" സാർ, ഇത്ക്കെല്ലാം എപ്പടി നന്ദ്രി സൊല്ലർത് ന്നു തെരിയലേ! കല്യാണം മുടിഞ്ച് പത്താണ്ട് പിറക് പൊറന്താ കുളന്ത താ, അതും കാളിയമ്മനോടെ കോവിലിൽ കനലാട്ടം ആടിയത്ക്ക് അപ്പുറം താൻ, അതിനാലേ താൻ ദുർഗ്ഗാന്ന് പേരു വെച്ചത്, ഇവക്കാക താൻ സാർ നാങ്കെ സ്വന്ത ഊര് വിട്ട് ഇങ്കെ ഒഴൈച്ചിട്ടർക്കേൻ, ഇവ നല്ലാ പഠിപ്പേൻ സാർ"
"അതൊക്കെ എനിക്കറിയാത്തതാണോ, സെന്തിൽ"
"നമ്മ ഊരിലെ കൂലിയെല്ലാം രൊമ്പ കമ്മി, ഇങ്കെ രണ്ട് മാതം പണിതാ പോതും, ദുർഗ്ഗാവോട് സ്കൂളിലെ ഫീസ്, പൊത്തകം എല്ലാം വാങ്ക മുടിയും സാർ"
" ഇനി അതോർത്ത് താൻ വിഷമിക്കണ്ട, കുറച്ച് പുസ്തകങ്ങളും ബാഗും ഉടുപ്പുമൊക്കെ ഇതിലൊണ്ട്, പിന്നെ ഇത് നീ എന്നെ സൂക്ഷിക്കാനേൽപ്പിച്ച കാശ്."
"നീങ്കളെ കൊടുത്തിടുങ്കൊ സാർ, അമ്മാ ഇങ്കെ വായെ"
ദുർഗ്ഗ രാജന്റെ അടുത്ത് വന്ന് അതു വാങ്ങിച്ചു. "താങ്ക് യൂ അങ്കിൾ"
"ആട്ടെ, ദുർഗ്ഗകുട്ടിക്ക് പഠിച്ച് ആരാകാനാ ഇഷ്ടം?
ദുർഗ്ഗ നാണിച്ച് സെന്തിലിന്റെ പിന്നിലൊളിച്ചു. "സാർ കേക്കർതല്ലെ കണ്ണ്, സൊല്ല് ചെല്ലം"
"എനക്ക് കളക്ടരാകർത് താൻ പുടിക്കും അങ്കിൾ"
"നന്നായി വരും മോളെ , നന്നായി പഠിക്കണം കേട്ടോ? എന്നാ ശരി ഞാൻ ഇറങ്ങുവാ, നിങ്ങൾ നാളെ കാലത്ത് തന്നെ പോകും അല്ലേ?
" ആമാ സാർ, അടുത്ത വാരം ദുർഗ്ഗവോടെ സ്കൂൾ തെറന്തീടും, നാളേ കാലയിലേ പൊറപ്പെടുവേൻ സാർ, നീങ്ക ചെയ്ത ഉതവിക്കെല്ലാം നന്ദ്രി സാർ"
"സൂക്ഷിക്കണം കേട്ടോ, ടെന്റിനുള്ളിൽ കിടന്നാമതി , തെരുവ് പട്ടികൾ കറങ്ങി നടപ്പുണ്ട്, മനുഷ്യന്റെ ജീവനേക്കാൾ വിലയാണവറ്റക്ക്, നിങ്ങൾക്കെന്തെങ്കിലും വന്നാൽ ആരും ചോദിക്കാനും പറയാനൂണ്ടാവില്ല! അപ്പോ ശരി, രാത്രിയിൽ യാത്രയില്ല, ഇനി എപ്പോഴെങ്കിലും കാണാം" രാജൻ നടന്നു നീങ്ങി. ദുർഗ്ഗ സമ്മാനപൊതി അഴിച്ച് ഓരോന്നായി എടുത്ത് നോക്കി.
"സെൽവി എല്ലാ കെട്ടിവെച്ചാച്ചാ, നാളെ അതികാലേലെ പൊറപ്പെട വേണം, പുരിഞ്ചിതാ?
" എല്ലാമെ ഉരുപ്പടിയാ വച്ചിട്ടീങ്കെ, വാങ്കളേ വന്ത് പട്ങ്കെ, അപ്പാവും പുള്ളേയും ശീഘ്രം തൂങ്കിട്ങ്കെ"
"ദുർഗ്ഗാ, കണ്ണ്, തനിയാ എങ്കെയും പോകകൂടാത്, എന്നാ? തണ്ണിയേതാച്ച് വേണോന്നാലും വെളിക്ക് പോണോന്നാലും അമ്മാവെ കൂപ്പിടുങ്കെ എന്നാ?
"അമ്മാ, നാ ഉങ്കളേ മാതിരി ഭയംതാങ്കൊള്ളി കെടയാതെ, ഞാൻ ദുർഗ്ഗാ മ്മാ, കാളിയോടെ ചെല്ലപ്പിള്ളൈ, ല്ലേ പ്പാ?
സെന്തിൽ സ്നേഹത്തോടെ അവളേ നോക്കി പുഞ്ചിരിച്ചു, "ആനാലും അമ്മാ സൊന്നത് ശരി താൻ, തനിയാ പോകകൂടാത് എന്നാ? ദുർഗ്ഗ അയാളോട് പറ്റിച്ചേർന്ന് കിടന്നു. അയാൾ അവളുടെ തലമുടിയിൽ തലോടി.
പിന്നീടെപ്പോഴോ ദുർഗ്ഗയുടെ നിലവിളി കേട്ടാണ് സെന്തിൽ ഞെട്ടിയുണർന്നത്. അയാൾ പുറത്തേക്ക് ഓടിയിറങ്ങി, പിന്നാലെ സെൽവിയും!
കരച്ചിൽ കേട്ട ഭാഗത്തേക്ക് ചെന്നപ്പോൾ കണ്ടത്, വലിയൊരു കല്ലുമായി നിൽക്കുന്ന കുഞ്ഞു ദുർഗ്ഗയെയാണ്.
"എന്നാ കണ്ണ്, നീയെപ്പടി ഇങ്കെ, സൊല്ലലിയാ തനിയാ പോകവേണാന്ന്, എന്നാച്ച്?" സെന്തിൽ വിറയാർന്ന ശബ്ദത്തോടെ ചോദിച്ചു. അയാളുടെ ഉടൽ മുഴുവനും വിറക്കുന്നുണ്ടായിരുന്നു. സെൽവി ഒന്നും മനസ്സിലാകാതെ കരയാൻ തുടങ്ങി.
" ശ് ശ്ശ്, സത്തം പോടാതെ, അഴ കൂടാത്, യാരാച്ചും പാർത്തെന്നാ അവ്വളവു താൻ!
സെന്തിൽ ദുർഗ്ഗയുടെ കയ്യിലെ കല്ല് വാങ്ങി, അവളുടെ ഉടുപ്പെല്ലാം കീറിയിരുന്നു. അയാൾ അവളുടെ ശരീരത്തിൽ മുറിവുണ്ടോയെന്ന് പരിശോദിച്ചു. കയ്യിലും കാലിലും അങ്ങിങ്ങായി നഖപ്പാടുകൾ കണ്ട് അയാൾ വിറങ്ങലിച്ചു.അയാൾ അവളെ എന്ത് ചോദിക്കണമെന്നറിയാതെ നോക്കി.
"അപ്പാ, എനക്ക് ശങ്ക വന്തിച്ച്, അതിനാലേ നാൻ ഇങ്കെ വന്തേ, ആനാൽ ഇന്ത ആള്, എന്നെ കൊല്ല പാക്കിറേ പ്പാ, മുന്ന് പിന്ന് പാത്തതേയില്ലെ, എത്ക്ക് എന്നൈ കൊല്ലാപാക്കിറാൻ ന്ന് തെരിയലയേ, എനക്ക് രോമ്പ നൊന്തിട്ടേപ്പാ, അതിനാലെ താ ഇന്ത കല്ലാലേ അടിച്ചേ, സത്തിടുവീങ്കളാ, പാവം ല്ലേ, ഒരു കയ്യ് കൂടെ ഇല്ലേ, നാ ദ്രോഹം പണ്ണീട്ടെയാ പ്പാ?
"പൊമ്പളപശങ്കളക്ക് ദ്രോഹം പണ്ണവീങ്കെല്ലാം 'പാവം' കെടയാത് ചെല്ലം , അവയെല്ലാം മനുഷ്യന്ന് കൂടെ സൊല്ല മുടിയാത്, നീ ദുർഗ്ഗാ ഇല്ലേ, കാളിയോടെ ചെല്ലപ്പിള്ളൈ? ഇന്ത അസുരനെ നീ കല്ലാലെ അടിച്ചത് തപ്പ് കെടയാത്.... തപ്പ് കെടയാത്!
പറഞ്ഞു തീരുമ്പോഴെക്കും സെന്തിൽ വിതുമ്പിയിരുന്നു. "സെൽവി കുഴന്തയെ കൊണ്ട് പോമാ, സത്തം പോട കൂടാത്, മൊല്ലമാ പോയീട്ങ്കെ എന്നാ? സെൽവിയും ദുർഗ്ഗയും പോകുന്നത് നോക്കി നിന്ന സെന്തിൽ എന്തോ ഓർത്തിട്ടെന്ന പോലെ നിലത്ത് കിടക്കുന്ന ആളുടെ അടുത്ത് ചെന്നു. അയാൾക്ക് ജീവനൂണ്ടെന്ന് തോന്നുന്നു, ഞരങ്ങുന്ന ശബ്ദം കേൾക്കാം! സെന്തിൽ അവിടെയാകെ പരതി, ദുർഗ്ഗയുടെ വളപ്പൊട്ടുകൾ, അയാളതെടുത്ത് പോക്കറ്റിലിട്ടു. ചോരപുരണ്ട ആ പാറക്കല്ല് അയാൾ ലുങ്കിയിൽ പൊതിഞ്ഞു. അകലെ നിന്ന് ഒരു വണ്ടിയുടെ വെളിച്ചം നിലത്ത് കിടക്കുന്ന ആളുടെ മുഖത്ത് വീണപ്പോൾ, എവിടെയോ കണ്ട് മറന്ന മുഖം പോലെ തോന്നിച്ചു.
തിരിച്ച് ടെന്റിലെത്തിയപ്പോൾ പരസ്പരം കെട്ടിപിടിച്ച് കൂനിയിരിക്കുന്ന അമ്മയേയും മകളേയും കണ്ട് അയാളുടെ ചങ്കിൽ ചോര പൊടിഞ്ഞു. വിട്ടകന്ന അപകടത്തെയാണോ അതോ ഇനി വരാനിരിക്കുന്ന അപകടത്തെയാണോ ഭയക്കേണ്ടത് എന്നോർത്ത് അയാൾ നടുങ്ങി.
"സെൽവി ശീഘ്രം, ബാഗെല്ലാം തൂക്ക് ങ്കെ, ഇപ്പൊവെ കളമ്പുവോം ബസ് സ്റ്റാന്റ്ക് " അയാൾ ലുങ്കിയിൽ പൊതിഞ്ഞ ആ കല്ല് വേഗം ഒരു ബാഗിനുള്ളിലേയ്ക്ക് തിരുകി കയറ്റി. വേറെയൊരു ലുങ്കിയുടുത്ത് പുറത്ത് വന്നപ്പോഴേക്കും ദുർഗ്ഗയും സെൽവിയും നടന്ന് തുടങ്ങിരുന്നു. രാജനങ്കിൾ കൊടുത്ത സമ്മാനപ്പൊതി അവൾ നെഞ്ചോട് ചേർത്ത് പിടിച്ചിരുന്നു.
യാത്രയിലുടനീളം അവർ ഒന്നും മിണ്ടിയില്ല, കലപില സംസാരിക്കുന്ന ദുർഗ്ഗക്ക് പോലും വാക്കുകൾ അപരിചിതരായി. സ്ഥലകാലബോധമില്ലാതെയാണ് അവർ ആദ്യം വന്ന ബസിൽ കയറിയത്. ബാക്കിയുണ്ടായിരുന്ന ഉറക്കവും ഭയവും അവരെ ക്ഷീണിപ്പിച്ചിരുന്നു. നേരം നന്നേ വെളുത്തപ്പോഴാണ് തങ്ങളുടെ ഊരിലേക്കുള്ള ബസ്സിലല്ല കയറിയത് എന്നവർക്ക് മനസ്സിലായത്.
കാപ്പികുടിച്ചതിനു ശേഷമാവാം ഇനിയുള്ള യാത്രയെന്ന് കരുതി അവർ ഒരു ചെറിയ സ്റ്റാളിൽ കയറിയപ്പോഴാണ് സെന്തിലിന്റെ ഫോൺ ശബ്ദിച്ചത്- രാജൻ സാറാണ്.
" ഹലോ സെന്തിൽ , നിങ്ങളിന്നലെ എപ്പഴാ പുറപ്പെട്ടേ, ഇവിടെയൊരു സംഭവണ്ടായി, നിനക്കതിനെ കുറിച്ചെന്തെങ്കിലും അറിയോന്നറിയാനാ ഞാൻ വിളിച്ചേ"
"സംഭവമാ?
"അതേന്നേ നിങ്ങളൊക്കെ ടെന്റടിച്ചിരുന്നില്ലേ, അവിടന്ന് കുറച്ചപ്പുറത്തായിട്ട് ഒരു ശവം കിടക്കിണ്ട്, ഇവിടെയാകെ പോലീസും ബഹളാ, വയറൊക്കെ ആകെ നായ്ക്കള് കടിച്ച് പറിച്ച് നാശാക്കീണ്ട്, ഈ നായ്ക്കളുടെ ശല്യം കാരണം മനുഷ്യർക്കിവിടെ ജീവിക്കണ്ട, പോലീസ് പറയണേ, ബലാൽസംഗകേസിലെ പ്രതിയാ ന്നാ, ജീവപര്യന്തം കഴിഞ്ഞെറങ്ങീട്ടേയുള്ളൂന്ന്, എന്തായാലും നായ്ക്കൾക്ക് കുശാലായി, നീ പോവുമ്പോ വല്ല ശബ്ദോ മറ്റോ കേട്ടിരുന്നോ?
" ഇല്ലിയെ, നാൻ ഒന്നും കേക്കലിയെ?
"ആ പോട്ടെ, ആരെങ്കിലും എന്തെങ്കിലും ചോദിച്ചാ നിനക്ക് കുഴപ്പം വരാത്ത പോലെ ഞാൻ പറഞ്ഞോളാം, ദുർഗ്ഗ മോളോട് അന്വേഷണം പറയൂ"
ബസ് സ്റ്റാന്റിലെ കംഫർട്ട് സ്റ്റേഷന്റെ പിന്നിലായി ആ ചോരപുരണ്ട കല്ല് അയാൾ വലിച്ചെറിയുമ്പോൾ സൗമ്യമായ ഒരു മഴ തൂവി തുടങ്ങിയിരുന്നു. ഏതെങ്കിലും ആത്മാവിനു സന്തോഷമായിട്ടുണ്ടാവാം!
Comments
Post a Comment