പൂച്ചപ്പുരാണവും കവിതകളും!!
ഇന്നൊരു വ്യാഴാഴ്ചയാണ്, അതിനെന്താന്നല്ലേ? ഒന്നുമില്ല, അതന്നെ!! പക്ഷെ പറയാൻ പോകുന്ന സംഭവം വളരെ ഭീകരവും പ്രതികാരദാഹിയായ ഒരു മനുഷ്യയുടെ( മനുഷ്യന്റെ സ്ത്രീലിംഗം എന്താണൊ എന്തോ?) കഥയാണ്.
ഞങ്ങളുടെ ബെല്ലക്ക് ആത്മാർത്ഥത ഇത്തിരി കൂടുതലാണോന്ന് എനിക്ക് പണ്ടേയുള്ള സംശയമാണ്, സംഗതി വേറൊന്നുമല്ല, വീടിന്റെ ഏഴയലത്ത് പോലും ഒരു ജീവിയെ അടുപ്പിക്കില്ല, അതിപ്പോ കോഴികുഞ്ഞായാലും മൈന, കാക്ക തുടങ്ങിയ കിളികളായാലും തവള, പാറ്റ എന്നിത്യാദികളായാലും തുരപ്പൻ, പാമ്പ് മുതലായ ഭീകരജീവികളായാലും മന്ത്രി സുധാകരന്റെ പൂച്ച ആയാലും സംഗതി ജോറാണ്. ബെല്ല അവരെ കാണുന്നു, പിന്നെ ഞങ്ങൾ കാണുന്നതു "രക്ഷിക്കണേ, ഇവിടെയൊരു ഭ്രാന്തി പട്ടിയുണ്ടേന്ന് പറഞ്ഞു നിലംതൊടാതേ ഓടുന്നവരെയാണ്.
ആദ്യം അവൾ അവർക്ക് സ്വന്തം അധികാരപരിധിക്കുള്ളിൽ കടക്കരുതെന്ന് ചെറിയ ഓരിയിടലോടു കൂടിയുള്ള ഒരു മുന്നറിയിപ്പ് ഇതരജീവികൾക്ക് കൊടുക്കാറുണ്ട്. എന്നിട്ടും അനുസരിക്കാത്തവരെ മാത്രമെ ഓടിക്കാറുള്ളൂ.
ചില പ്രഭാതങ്ങളിൽ ഞങ്ങൾക്ക് കണികാണായി തലേന്ന് രാത്രി വേട്ടയാടിയ തുരപ്പനേയും അപ്പുറത്തെ വിജനമായ പറമ്പിൽ നിന്നും ഞങ്ങളേയന്വേഷിച്ച് വരുന്ന പാംമ്പുകളേയും വീടിന്റെ വരാന്തയിൽ പ്രതിഷ്ഠിച്ചിട്ടുണ്ടാവും.
"എങ്ങനെയുണ്ട്? ഞാൻ നായയായി ജനിക്കേണ്ട ആളല്ലാ, ശരിക്കും ഞാൻ ഒരു പുലിയായിട്ടോ പുലിമുരുകനായിട്ടോ ജനിക്കേണ്ടതായിരുന്നു!!" എന്ന മട്ടിൽ ഒരു നിൽപ്പും കാഴ്ചവെക്കാറുണ്ട്.
ഇങ്ങനെ വീരശൂരപരാക്രമിയായ ബെല്ല, മിനിഞ്ഞാന്ന് ആർക്കോ ഒരു മുന്നറിയിപ്പ് കൊടുക്കുന്നത് കേട്ടിട്ടാണ് ഞാൻ നോക്കീത് . അപ്പൊ ഒരു കാടൻ പൂച്ച, സാമാന്യം വലുപ്പമുണ്ട്, അത് അലക്കുകല്ലിൽ കിടക്കുന്നു. ഇനിയിപ്പോ അതിനെ അവിടെ നിന്ന് മതിലുകടത്തുന്നത് വരെ നമുക്ക് ഒരു സമാധാനവും ഈ സുന്ദരി തരില്ലാന്നു അറിയാവുന്നത് കൊണ്ടു മാത്രം - "ശ്ശൂ പൂച്ചേ, ഇവളുടെ കടി കൊള്ളാനായി എന്തിനാ ഇപ്പൊ ഈ വഴി വരണേ, വേറേ വല്ലട്ത്തും പൊക്കോട്ടോ" എന്നും പറഞ്ഞ് ഞാൻ അതിനെ ആട്ടി കളഞ്ഞു.
പിന്നെ ബെല്ല കഴിച്ചതിന്റെ ബാക്കി കഴിക്കാൻ വരുന്ന കാക്കകളുടെ കലപിലയാണ്, അഴകെട്ടിയതിൽ വന്നിരുന്ന് അവിടം മുഴുവൻ കാഴ്ഠിച്ച് വൃത്തികേടാക്കിയെങ്കിലും അവരുടെ വർഗ്ഗബോധത്തോടുള്ള പ്രിയം കാരണം ഞാൻ അവരെ വെറുതേ വിടാറാണു പതിവ്. ചിലപ്പോ സാധാരണ കലപിലയിൽ നിന്ന് വ്യത്യാസമായി വിരുന്നു വിളിക്കും , അപ്പൊ മാത്രം ഞാൻ കാക്കോട് പറയും- " വിരുന്നൊന്നും വിളിക്കണ്ടാ എന്റെ കാക്കേ, ചില വിരുന്നുകാർ ആകെ പണി തരാനായിട്ടാവും വരാ, അതോണ്ട് നല്ലോരാണേങ്കീ മാത്രം വിളിച്ചാ മതീട്ടാ".
അല്ലാണ്ട്പിന്നേ എന്താ പറയാ? ദേ, ഇപ്പോ തന്നെ കഴിഞ്ഞ ദിവസം ഒരു കൂട്ടർ കല്യാണം വിളിക്കാൻ വന്നു. ഞാൻ വിശേഷം ചോദിച്ചതിനുത്തരം പറഞ്ഞു, വന്നവർ തമ്മിൽ തർക്കാമായി , നല്ല മുട്ടൻ തർക്കം! ഒരാൾ അതേന്നും മറ്റേയാൾ അല്ലാന്നും. ഇതിനിടയിൽ എന്ത് ചെയ്യണമെന്നറിയാതെ ഞാനും മോമിയും. അവസാനം ദേഷ്യം വന്ന് അവരിലൊരാൾ പറഞ്ഞു- "അതേയ്, ഞാൻ വിളിക്കാനിള്ളത് വിളിച്ചു, നിങ്ങൾക്ക് സൗകര്യമുണ്ടെങ്കിൽ വേണമെങ്കീ വന്നാമതീ" ഞങ്ങളുടെ പ്ലിംഗ് അവസ്ഥയായിരുന്നു അത്. ഞാനും മോമിയും പരസ്പരം നോക്കി ചോദിക്കാതെ ചോദിച്ചു- " എന്തായിപ്പോ ഇവിടെണ്ടായേ?" അങ്ങനെ ക്ഷണം ക്ഷണനമാക്കി അവർ പോയി. അതാ കാക്കോട് പറഞ്ഞെ, ഇജ്ജാതി വിരുന്നുകാരാണെങ്കിൽ വരാതിരിക്കുന്നതല്ലേ നല്ലത്??
സോറി, പറഞ്ഞുവന്ന വിഷയം മാറിപ്പോയി.
ഞാൻ ആട്ടിപായിച്ച പൂച്ച, ബെല്ലയുടെ പാത്രത്തിൽ ബാക്കിയുള്ള ചിക്കൻ തിന്നുന്നത് കണ്ട മോമി അതിനെ വീണ്ടും "ശ്ശൂ ശ്ശൂ പൂച്ചേ" ന്നു പറഞ്ഞപ്പോൾ, അത് ഒന്ന് മുരണ്ടു, "അമ്പട പൂച്ചേ നിനക്കിത്ര ധൈര്യോ? നിന്നെ ഞാനിപ്പൊ ശരിയാക്കി തരാമെന്നു പറഞ്ഞു ഒരു വടിയ്യെടുത്ത് അതിനൊന്ന് കൊടുത്തു, വേദനയെടുത്തിണ്ടാവണം, പൂച്ച രക്ഷപെട്ടു.
ഞാൻ സാധാരണപോലെ എഫ്ബി നോക്കിയപ്പോളാണ് ഒരു വിശ്വവിഖ്യാത കവിത കണ്ടത്. മുൻപ് അത് കണ്ടിരുന്നെങ്കിലും ഇമേജ് ക്ലിയർ ആയിരുന്നില്ല. അതിന്റെ വൃത്തവും പ്രാസവും ഒപ്പിച്ചുള്ള ആ വരികൾ കണ്ട് എന്റെ കണ്ണു നിറഞ്ഞ് പോയി. ഇത്രയൊക്കെ മലയാളസാഹിത്യത്തിനു സംഭാവന ചെയ്ത ആ മഹാനുഭാവന്റെ കഴിവോർത്ത് ഞാൻ പൂച്ചപുളകിതയായി.
ഇന്ന് രാവിലെ ബെല്ലക്ക് പാത്രത്തിൽ പാൽ ഒഴിച്ച് കൊടുക്കുമ്പോൾ ആ പൂച്ച മതിലിൽ ഇരിപ്പുണ്ടായിരുന്നു, ഞാൻ അതിനെ സകല പുച്ഛത്തോടും കൂടി നോക്കി അകത്തേക്ക് പോന്നു. പക്ഷേ, ന്നാലും എനിക്കൊരു സംശയം, ബെല്ല നല്ല ഉറക്കാണ്, ആ നേരത്ത് ഈ പൂച്ച എങ്ങാനും പാൽ കുടിച്ചാലോന്ന്?
ഞാൻ അടുക്കളവാതിലിനടുത്ത് മറഞ്ഞു നിന്ന് നോക്കി. " അമ്പട പൂച്ചേ, എന്റെ സംശയം ശരിയായിരിക്കുന്നു. ഞാൻ വേഗം ഒരു വടിയെടുത്ത് പതുക്കെ വാതിൽ തുറന്നു, പിന്തിരിഞ്ഞു ഇരുന്ന് പാലു കുടിക്കുന്ന പൂച്ചക്ക് ഒരു നല്ല അടി കൊടുത്തു. "മ്യാവൂ മ്യാവൂ ", അത് കരഞ്ഞു കൊണ്ട് രക്ഷപെട്ടു.
കുട്ടികൾ സ്കൂളിൽ പോയതിനു ശേഷം വിശദമായ പത്രവായനക്കിരുന്ന ഞാൻ ബെല്ലയുടെ യുദ്ധം കേട്ടിട്ടാണ് പിന്നിലേക്കു ചെന്നത് , കണ്ട കാഴ്ചകൾ വളരെ ക്ഷോഭജനകമായിരുന്നു. ബെല്ലയും പൂച്ചയും നടുവളച്ച് നേർക്കുനേർ, താന്താങ്ങളുടെ ഭീകരശബ്ദങ്ങൾ പുറപ്പെടുവിച്ച് കൊണ്ട്, ആര് ആദ്യം ആക്രമിക്കും എന്നാലോചിച്ച് കൊണ്ട് നിൽക്കുന്നു. ബെല്ല ഒരു സ്റ്റെപ് മുന്നോട്ട് വെച്ചതും ആ പൂച്ച ബെല്ലയെ മാന്തി. ഞാൻ ഇടപെടാൻ തന്നെ തീരുമാനിച്ചു. സ്വന്തം പേരിൽ കവിതയുണ്ടെന്നുള്ളതിന്റെ അഹങ്കാരം അങ്ങു സെക്രട്ടേറിയറ്റിൽ കൊണ്ടു വെച്ചാ മതി, ഇവിടെ എടുക്കണ്ടാ, ഹൂം!
ഞാൻ വീണ്ടും, എപ്പോഴും, വീട്ടിൽ സ്റ്റോക്കുള്ള പേരവടി എടുത്തതിനെ അടിച്ചു, അടി കൊണ്ടതും ബെല്ല അതിന്റെ മേൽ ചാടി വീണതും ഒരുമിച്ചായിരുന്നു. പിന്നെ അതിനെ ബെല്ലയുടെ അടുത്ത് നിന്ന് രക്ഷിക്കാൻ ഞാൻ പാടുപെട്ടു.
കലയും സാഹിത്യവും മനുഷ്യനെ വല്ലാണ്ട് സ്വാധീനിക്കും എന്ന് പറയുന്നതിതാണ്. അല്ലെങ്കിൽ പിന്നെ ഇന്നലെ വരെ ഒരു പൂച്ചയോടും തോന്നാതിരുന്ന ദേഷ്യം എനിക്കീ പൂച്ചയോട് തോന്നാൻ എന്താ കാരണം?
ഈ പോസ്റ്റ് എഴുതികഴിഞ്ഞപ്പോൾ തോന്നി ഇതിന്റെ കൂടെ ബെല്ലയുമായുള്ള ഒരു സെൽഫി എടുത്തിടാമെന്നു. ബെല്ലയെ അടുത്ത് വിളിച്ച് പോസ് ചെയ്യാൻ തുടങ്ങിയപ്പോ അവൾ എന്റെ മുഖത്തേക്ക് നോക്കി -" വൗ...വൗ....വൗ...." എന്ന് നീട്ടി ചോദിച്ചു.
ഞാൻ പറഞ്ഞു - "എനിക്കറിയാൻ പാടില്ലാന്ന് "
ഒന്നുമില്ല, അവൾ ചോദിച്ചത് സെൽഫീടെ ഡെഫനിഷൻ അറിയോന്നാ?
"വല്ലോരും ചോദിച്ചാ, അറിയില്ലാന്ന് പറഞ്ഞാൽ നാണക്കേടല്ലേ? അതു കൊണ്ട് എന്റെ ഒരു സിംഗിൾ ഫോട്ടോ ഇട്ടാൽ മതീന്ന് അവൾ പറഞ്ഞപ്പോ ഞാൻ സമ്മതിച്ചു. അപ്പോ ശരി ഞാൻ സെൽഫിയുടെ നിർവചനം കാണാതെ പഠിക്കട്ടെ കേട്ടോ!! 😊😊
Comments
Post a Comment