മനുഷ്യൻ!!
മനുഷ്യൻ .... അവൻ ഏകനായിരുന്നു, മനസ്സും ആത്മാവും മാത്രമായി. വിഷാദമൂകനായി അവൻ അവിടെയെല്ലാം ഒഴുകി നടന്നു. അവൻ ചുറ്റും നോക്കി, എങ്ങും ശൂന്യത മാത്രം. അത് അവന്റെ ദു:ഖത്തെ ഘനീഭവിപ്പിച്ചു; മുറിച്ചെടുക്കാൻ പാകത്തിൽ. സൃഷ്ടിക്കായ് അവന്റെ മനസ്സ് ദാഹിച്ച് കേണു, ചതുപ്പിൽ താഴുന്നവന്റെ പ്രത്യാശ പോലെ! അവന്റെ ഹൃദയം തുടിച്ചു കൊണ്ടിരുന്നു, എന്ത് സൃഷ്ടിക്കണമെന്നോ, എങ്ങനെ സൃഷ്ടിക്കണമെന്നോ ആ പ്രഭാമയനു അറിവില്ലാത്തത് പോലെ. പിന്നീട് അവൻ സ്വന്തം ആത്മാവിലെ വെളിച്ചമെടുത്ത് ഒരു ഗോളം ഉണ്ടാക്കി, അതിന്റെ ഭംഗി ആസ്വദിച്ചു. അവനു അതു പൂർണ്ണമല്ല എന്നു തോന്നിയതിനാൽ സ്വന്തം കൈകളാൽ തഴുകി ആ ഗോളത്തിനു ചൂട് നൽകി, സ്വന്തം ആത്മാവിലെ അഗ്നി മുഴുവൻ അതിനു പകർന്നു നൽകി. അവൻ മാറി നിന്ന് ആ ഗോളത്തെ വീക്ഷിച്ചു, സംതൃപ്തിയോടെ അതിനെ അനുഗ്രഹിച്ചു - " എന്റെ സൃഷ്ടികളിൽ എല്ലാം നിന്നെ ആശ്രയിച്ച് പരിപാലിക്കപ്പെടുകയും പരിപോഷിക്കപ്പെടുകയും ചെയ്യട്ടെ". പിന്നീട് അവൻ പുതിയവ സൃഷ്ടിച്ചു, വലുതും ചെറുതുമായി, പ്രകാശിക്കുന്നതും അല്ലത്താതുമായി. അവയെയെല്ലാം അവൻ ആ വലിയ പ്രകാശഗോളത്തിനു വലവെയ്ക്ക്കാൻ സജ്ജമാക്കി. പിന്നീട് അവൻ ആ പ്രകാശഗോളത്തി...