സംഭവാമീ യുഗേ യുഗേ !

     ഇന്നലെ രാത്രി മഴ പെയ്തത് കൊണ്ടാവും സൂര്യൻ ഇപ്പോഴും മേഘപുതപ്പിനടിയിൽ തന്നെയായിരുന്നു, സുഖസുഷുപ്തിയിൽ . സപ്താശ്വങ്ങളെ പൂട്ടിയ രാത്ഹത്ത്തിൽ ഭഗവാനെത്തുന്നതിനു മുൻപ് തന്നെ ഞാൻ ഉണർന്നതിന്റെ അഹങ്കാരവുമായിട്ടാണു ഞാൻ നടക്കാനിറങ്ങിയത്. വഴിയിലങ്ങിങ്ങായി വെള്ളം കെട്ടികിടന്നിരുന്നു. ഷൂസ് നനയാതിരിക്കാനായി അങ്ങോട്ടും ഇങ്ങോട്ടും ചാടുന്ന എന്നെ പറ്റി ആലോചിച്ചപ്പോൾ എനിക്ക് തന്നെ ചിരി വന്നു . 'മണിച്ചിത്രത്താഴിലെ' 'കാട്ടുപറമ്പനെ' പോലെ  ഞാനും.

  പൂർവ്വവിദ്യാർത്ഥി സംഘടനയുടെ ഒത്തുകൂടലിന് ചേർന്നപ്പോഴാണ്, എന്റെ കൂടെ പഠിച്ചവരെക്കാൾ എനിക്ക് പ്രായം കൂടുതലുണ്ടൊന്ന് സംശയമായത്. അത് ചില അഭിനവരംഭമാർ എടുത്ത് ചോദിക്കുകയും കൂടി ചെയ്തപ്പോൾ ഒത്തുചേരലിന്റെ സന്തോഷം നേരെ തെക്കോട്ടിറങ്ങി. പിന്നെ അവിടുന്ന് എങ്ങനെയെങ്കിലും രക്ഷപെട്ടാൽ മതിയെന്ന് തോന്നിപ്പോയി. തിരികെ പോരുമ്പോൾ എങ്ങനെ ആരോപണങ്ങൾക്ക് ഒരു പരിഹാരം കണ്ടെത്തും എന്നായിരുന്നു ചിന്ത . ചിന്തകളുടെ ശബ്ദം ആരും കേൾക്കാതിരിക്കാൻ ഞാൻ കാറിലെ പാട്ട് ഉറക്കെ വച്ചു. അത്രക്കുണ്ടായിരുന്നു ചിന്തകളുടെ കലപില .

  പിറ്റേ ദിവസം തന്നെ എന്നോ വാങ്ങിയ ഷൂസും പൊടിതട്ടിയെടുത്ത് നടക്കാനിറങ്ങി. തിരികെ വന്നപ്പോൾ ഇച്ചായന് ഒരു സംശയം -
" അന്നമ്മോ, നീ എന്നാത്തിനാ ഇന്ന് പള്ളീ പോയെ, ഇത്ര രാവിലെ?
പള്ളിയിൽ പോകാത്തചെകുത്താന്റെ സന്തതികളായി മുദ്രകുത്തപെട്ടവരായിരുന്നത് കൊണ്ട് ചോദ്യം പ്രസക്തവും അനിവാര്യവും ആയിരുന്നു.
", ഞാൻ നടക്കാൻ പോയേക്കുവായിരുന്നു". ഇപ്പോൾ കേൾക്കാം തലനാരിഴ കീറിയുള്ള അവലോകനവും വിമർശനവും എന്ന് കരുതി കാത് കൂർപ്പിക്കുമ്പോളാണ് എന്നെ ഞെട്ടിച്ചു കൊണ്ട് മൊഴികൾ മുത്തുപോലെ കാതിൽ വീണത്‌ -
" ഒറ്റക്കെങ്ങും പോണ്ടാ , നാളെ ഞാനും കൂടങ്ങ് വന്നേക്കാം. മെയിൻ റോഡേ കൂടൊള്ള നടത്തം ശരിയാവേലാ , നമ്മക്ക് നാളെയാ കോളനീടെ റോട്ടീ കൂടങ്ങ് നടക്കാം, നീ നാളെ എന്നെ വിളിച്ചേച്ചാ മതി".
എന്റെ മിശിഹായെ , ഇനി എന്നെ ഒരാൾക്കും നടത്തത്തിൽ നിന്ന് പിന്തിരിപ്പിക്കാനവില്ല.

പക്ഷെ, ഇടക്ക് മോന്റെ പത്താംക്ലാസ് പരീക്ഷയും സ്റ്റഡി ഹോളിഡേയ്സും  വിനോദയാത്രകളും കാരണം ഒന്നുരണ്ട് മാസം നടത്തം മുടങ്ങിപ്പോയിരുന്നു. അത് കൊണ്ടാവും ഇന്ന് പതിവിലേറെ ഉത്സാഹം - വീണ്ടും തുടങ്ങുന്നതിന്റെ , പിന്നെ എന്റെ കൂട്ടുകാരിയെ കാണുന്നതിന്റെ സന്തോഷം.
ഞാൻ കോളനിയിൽ നടത്തം തുടങ്ങിയതിന്റെ മൂന്നാം നാളാണ് അവരെ ആദ്യമായി കണ്ടത് . വളരെ ലാഘവത്തോടെ , മെല്ലെ , തനിക്ക് എവിടേയും പോയിട്ട് പ്രത്യേകിച്ചു കാര്യമൊന്നുമില്ല എന്ന് ലോകത്തോട് മുഴുവൻ പറയുന്ന പോലെ അവർ നടന്നു. അവരുടെ നടത്തത്തിന്റെ താളം കണ്ടപ്പോൾ ഇച്ചായാൻ പറഞ്ഞു - " 'ചിലപ്പോ ഷൂസ് പുതിയതെങ്ങാനുമായിരിക്കും , അഡ്ജസ്റ്റ് ആവാൻ സമയമെടുക്കത്തില്ല്യൊ"? ഞാനും അത് സമ്മതിക്കുന്ന ഭാവത്തിൽ അവരെ ഒന്ന് കൂടി നോക്കി വേഗത്തിൽ അവരെ കടന്നു പോയി.

പിന്നീട് അവർ ഒരു സ്ഥിരം കാഴ്ചയായി. ഇടക്കൊക്കെ അഭിമുഖം നടന്ന് വരുമ്പോൾ ഒരു മന്ദഹാസം ഉണ്ടായിരുന്നു ഞങ്ങളുടെ രണ്ടാളുടെ ചുണ്ടിലും. ഓരോ സ്ട്രീറ്റിൽ കൂടിയും തലങ്ങും വിലങ്ങും നടക്കുന്നതിടയിൽ പല പ്രാവശ്യം അവരെ കടന്ന് പോകാറുണ്ട്.

അങ്ങനെ ഒരു ദിവസം അവർ ഒരു മതിലിൽ പിടിച്ചു നിൽക്കുന്നത് കണ്ടുകൊണ്ട് ഞാൻ വരെ കടന്ന് പോയി. പക്ഷേ , എന്തുകൊണ്ടോ എന്റെ വേഗത കുറഞ്ഞു , ഞാൻ നിന്ന് , തിരിഞ്ഞു നോക്കിയപ്പോൾ അവർ അവിടെ ഇരിക്കുന്നതായാണ് ഞാൻ കണ്ടത്. ഞാൻ എന്ത് ചെയ്യണമെന്ന് ഒരു രൂപവുമില്ലാതെ തിരിച്ചു നടന്ന് അവരുടെ അടുത്ത് വന്നു തെല്ല് സങ്കോചത്തോടെ താഴെ റോഡിൽ അവരുടെ കൂടെ ഇരുന്നു .അങ്ങനെ ചെയ്യാനാണ് അപ്പോൾ തോന്നിയത്. എന്റെ കുഞ്ഞുസഞ്ചിയിലെ വെള്ളകുപ്പി അവർക്ക് നേരെ നീട്ടുമ്പോൾ അവർ എന്നെ സ്നേഹത്തോടെ ഒന്ന് നോക്കി . എന്നെ ഒരുപക്ഷേ അതുവരെ ആരും അങ്ങനെ നോക്കാത്തത് കൊണ്ടാവും ഞാൻ ഒരിക്കൽ കൂടി അങ്ങിനെയൊരു നോട്ടത്തിനായി ദാഹിച്ച് അവിടെ തന്നെ ഇരുന്നു . വെള്ളം ഏതാനും ഇറക്കുകൾ കുടിച്ച് കഴിഞ്ഞു കാലിയായ കുപ്പി അവർ ഒന്നും മിണ്ടാതെ തിരികെ തന്നു. എത്ര നേരം അവിടെയിരുന്നു എന്ന് ഞങ്ങൾക്കറിയില്ല. ഘനീഭവിച്ച നിശബ്ദ്ധത മാത്രം. ഇടക്ക് അതിന് ഭംഗം വരുത്തികൊണ്ട് എവിടെയോ കുയിലുകൾ കൂവി. കുറച്ച് കഴിഞ്ഞപ്പോൾ എന്റെ തോളിൽ പിടിച്ച് അവർ എഴുന്നേൽക്കാൻ ശ്രമിച്ചു . അവരുടെ ഭാരം ഭാരം മുഴുവൻ എന്റെ തോളിലേയ്ക്ക് സ്വീകരിച്ച് ഞാൻ അനങ്ങാതെയിരുന്നു. അവർ എഴുന്നേറ്റ് കഴിഞ്ഞപ്പോൾ ഞാനും എഴുന്നേറ്റു. ഞാൻ പതുക്കെ അവരുടെ കൂടെ ഓരോ അടിയും അളന്ന് നടന്ന് തുടങ്ങി.

വഴിയുടെ അവസാനത്തെ വീടായിരുന്നു അവരുടേത്. അപ്പോഴേക്കും എന്നെ കാനന്ജ് ഇച്ചായൻ അന്വേഷിച്ചു വരുകയായിരുന്നു. എന്നെ കണ്ട് അടുത്തേക്ക് വന്ന അദ്ദേഹത്തെ ഞാൻ അവർക്ക് പരിചപ്പെടുത്തി. അവർ തലകുലുക്കി, ഒന്നും മിണ്ടാതെ ഗേറ്റ് തുറന്നു സ്വന്തം വീട്ടിലേക്ക് പോയി .
ഞാൻ അവിടെ തന്നെ നിന്നു - ഒരിക്കലെങ്കിലും അവർ തിരിഞ്ഞു നോക്കുമെന്ന് പ്രതീക്ഷിച്ച് , നിരാശയായിരുന്നു ഫലം .

പിന്നീട് ഞാൻ അവരെ കാണുമ്പോൾ എന്റെ നടത്തം പതുക്കെയാക്കും , അവരോടൊപ്പം നടക്കാൻ. അവർ അതിനെ എതിർക്കുകയോ അംഗീകരിക്കുകയോ ചെയ്തില്ല. ഞങ്ങൾ സംസാരിച്ചു തുടങ്ങി. അവരുടെ ശബ്ദം പാടുന്ന ഒരാളുടേത് പോലെയായിരുന്നു. നല്ല ഭംഗിയുള്ള മുഖവും നർത്തകിലക്ഷണമുള്ള ശരീരമായിരുന്നിരിക്കണം . നന്നായി മുടിയുമുണ്ടായിരുന്നിരിക്കണം. വിടർന്ന കണ്ണുകൾ , അതിലെ പ്രകാശം മാത്രം മതിയായിരുന്നു നമുക്ക് അവരോട് ഇഷ്ടം തോന്നാൻ .
ഞങ്ങൾ പുസ്തകങ്ങളെ കുറിച്ചും സിനിമകളെ കുറിച്ചും സംസാരിച്ചു . ഞങ്ങളുടെ ബാല്യത്തെ ഓർത്ത് കുളിർകൊണ്ടു. ഇടക്ക് അവർ പറഞ്ഞു തന്ന ഉണ്ണിയപ്പവും പാൽപ്പായസവും ഉണ്ടാക്കി വീട്ടിൽ സ്റ്റാർ ആയ കഥ പറഞ്ഞപ്പോൾ അവർ ചിരിച്ചു. നല്ല മനോഹരമായ ചിരി . അവരെ ചിരിപ്പിക്കാൻ ഞാൻ ആവുന്നതും ശ്രമിച്ചു. ചിലപ്പോഴെല്ലാം അവർ വാശിയോടെ ചിരിച്ചു. ചിലപ്പോൾ അവർ മനപ്പൂർവം എന്റെ ശ്രമങ്ങളെ നിരാകരിച്ചു.

മഹാഭാരതം മുഴുവനും വായിക്കണമെന്ന ആഗ്രഹം പറഞ്ഞപ്പോൾ അവർ പുഞ്ചിരിച്ചു. അത് സാധിക്കട്ടെ എന്നാശംസിച്ചു. പുസ്തകങ്ങൾ കൈമാറാൻ തുടങ്ങിരുന്നു ഞങ്ങൾ. ദിവസങ്ങള് ഞങ്ങളുടെ സൌഹൃദത്തെ കൂടുതൽ ദൃഢമാക്കിയിരുന്നു . പക്ഷേ ഒരിക്കൽ പോലും പേരോ വീട്ടുവിശേഷമോ ഞങ്ങൾ പങ്കു വെച്ചില്ല . ആന്റീ എന്ന് ഞാനും കുട്ടീ എന്ന് അവരും പരസ്പരം വിളിച്ചു.

ഇത്രയും നാളുകൾക്ക് ശേഷം ഇന്ന് ആന്റിയെ വീണ്ടും കാണാം എന്നത് തന്നെയാണ് ഇന്നത്തെ സുപ്രധാന വിശേഷം.അത് കൊണ്ട് തന്നെയാവും വായില കൊത്തിപറക്കുന്ന കാവതികാക്ക പോലും മയിലിനേക്കാൾ സുന്ദരിയായി തോന്നിയത് .
ഞാൻ നടന്നു അവരുടെ വീടിനു മുന്നിൽ ചെന്നെങ്കിലും ഗേറ്റിന് മുന്നില് ശങ്കിച്ച് നിന്നു. ഇന്ന് എല്ലാ വഴികളിലൂടേയും നടന്നിട്ടും ആന്റിയെ കണ്ടില്ലല്ലോ എന്നാ സങ്കടമായിരുന്നു ഉള്ളു നിറയെ.

തിരികെ നടക്കാൻ തുടങ്ങുമ്പോഴാണ് - "ഹലോ പ്ലീസ് , ഒന്ന് നില്ക്കൂ" എന്ന ഒരു വിളികേട്ടത്‌ .
വീടിനു മുന്നിലെ വരാന്തയിൽ ഒരു ചെറുപ്പക്കാരൻ ഗേറ്റിനടുത്തേക്കു വരുന്നു. ഞാൻ അതിശയിച്ച് നോക്കുന്നതു കണ്ടിട്ടാവണം., അയാൾ പറഞ്ഞു -" അമ്മ! പിന്നീട് എന്തോ ഓർത്തിട്ടെന്ന പോലെ -"കയറി വരൂ പ്ലീസ് ".
തീർച്ചയായും  ഇയാള പുറത്തെവിടെയോ ജോലി ചെയ്യുന്ന ആളായിരിക്കണം.. അല്ലാതെ അയാളുടെ വാക്കുകളിൽ ഇതാ മാന്യതയും വാചകങ്ങൾക്ക് മുന്നിലും പിന്നിലും പ്ലീസ് ഉണ്ടാവില്ല

ഞാൻ സംശയിച്ച് നിന്നു - പരിചയമില്ലാത്ത ആളുകളാണ്. തിരിഞ്ഞ് നോക്കിയപ്പോൾ ഇച്ചയാനെ വഴിക്കെങ്ങും കാണാനില്ല. പക്ഷേ അപ്പോളേക്കും മുറ്റത്തേക്ക് ഒരു പെണ്കുട്ടി ഇറങ്ങി വന്നു , ഇയാളുടെ ഭാര്യ ആയിരിക്കണം . അവർ രണ്ടാളും എന്നെ അകത്തേക്ക് ക്ഷണിച്ചു.
വരാന്തയിലെത്തിയപ്പോൾ അകത്തേക്ക് വരാനായി അവർ വാതില തുറന്ന് പിടിച്ചു. ഇളം പച്ചചുമരുകളും കറുത്ത സോഫകളും ഉള്ള സ്വീകരണമുറിയായിരുന്നു അത്. വളരെ ഭംഗിയായി ഒരുക്കി വെച്ചിരിക്കുന്നു . മുറിയുടെ ഭംഗി ആസ്വദിക്കുന്നതിനിടയിലാണ് ഞാൻ ഫോട്ടോ കണ്ടത്. ചുമരിലെ ചിത്രത്തിനു മുല്ലപ്പൂമാല ചാർത്തിയിരിക്കുന്നു
ചെറുപ്പക്കാരൻ പറയുന്നത് എനിക്ക് കേൾക്കാം , അകലെ എവിടെയോ നിന്ന് പറയുന്ന പോലെ - " അമ്മക്ക് സുഖമുണ്ടായിരുന്നില്ല , ലാസ്റ്റ് സ്റ്റേജ് ആയിരുന്നു. വെല്ലൂർക്ക് കൊണ്ടുപോകുന്നതിന് മുന്പുള്ള ദിവസങ്ങളിലാണ് നിങ്ങളെ പരിചയപ്പെട്ടത് . നിങ്ങളെ ഒരുപാടിഷ്ടമായിരുന്നു. ഒരു പെൺകുട്ടി വേണമെന്ന് അമ്മക്കെപ്പോഴും ആഗ്രഹമായിരുന്നു . ചിലപ്പോ നിങ്ങളെ........ അയാള് വാക്കുകൾ കിട്ടാതെ വിഷമിച്ചു.
ഞാൻ എന്താണ് ചിന്തിക്കുന്നത് എന്നോ എന്താണ് പറയേണ്ടിയിരുന്നതു  എന്നോ എനിക്ക് അപ്പോൾ മനസ്സിലായിരുന്നില്ല. എന്റെ കയ്യിൽ അവർ എന്തോ തന്നു ഞാൻ നോക്കിയിട്ട് എനിക്ക് മനസ്സിലായില്ല . ഞാൻ കണ്ണുകൾ മുറുക്കെ അടച്ചു , വീണ്ടും തുറന്നു. എന്റെ കയ്യിൽ ഒരു പഴയ മഹാഭാരതഗ്രന്ഥം - ഉപയോഗിച്ച് നിറം മങ്ങിയത് .
"ഇത് തരാൻ അമ്മ ഏൽപ്പിച്ചിരുന്നു . നിങ്ങൾ കോളനിയിലെ ആളുകൾ അല്ലാത്തത് കൊണ്ടു കണ്ടുപിടിക്കാൻ  കഴിഞ്ഞില്ല . തരാതെ പോകേണ്ടിവരുമല്ലോ എന്ന് വിഷമിക്കുകയായിരുന്നു. ഹോസ്പിറ്റലിൽ ഇടയ്ക്കു വേദനകൾക്കിടയിൽ അമ്മ നിങ്ങളെ വിളിച്ചിരുന്നു , "കുട്ടീന്ന്'.
ഞാൻ കട്ടിയുള്ള ചട്ട തുറന്ന് നോക്കി -
എന്റെ കുട്ടിക്ക് ,
 എന്നോട് സഹതാപിക്കാതിരുന്നതിന് ... എന്നെ ചിരിപ്പിച്ചതിന് ...
                     സ്വന്തം ആന്ടി.
പിന്നീട് അവർ പറഞ്ഞതൊന്നും എന്റെ കാതുകൾ കേട്ടില്ല . ഇറങ്ങിയോടുകയായിരുന്നു. പുറത്തെത്തിയപ്പോൾ ദിശ അറിയാത്ത പോലെ ഞാൻ റോഡിൽ നിന്ന്,ഇച്ചായൻ  നടന്നു വരുന്നുണ്ടായിരുന്നു. അടുത്തെത്തിയപ്പോൾ ഞാൻ പറഞ്ഞു - "പോകാം , നമ്മുക്ക് വേഗം പോകാം".
എന്റെ ധൃതി കണ്ടിട്ടാകണം അദ്ദേഹം എന്റെ കൂടെ വന്നു. കാർ സ്റ്റാർട്ടാക്കുമ്പോൾ എന്നോട് ചോദിക്കുന്നത് എനിക്ക് കേൾക്കാം  - "എന്നാ ഒണ്ടായെ"?
എന്തുണ്ടായി എന്ന് എനിക്കറിയില്ല അല്ലെങ്കിൽ വ്യക്തമാക്കാൻ എനിക്ക് അറിയില്ല. എന്റെ ഉള്ളിൽ ഒരായിരം സൂചിമുള്ളുകൾ കുത്തുന്നുണ്ടായിരുന്നു. അതുകൊണ്ടാവാം ഒരാശ്വാസത്തിനെന്നോണം ഞാൻ ഗ്രന്ഥം മാറോടടുക്കി പിടിച്ചിരുന്നത് .

















Comments

Popular posts from this blog

മോഹമഞ്ഞ

ഗില്ലറ്റിൻ

തിരുനെല്ലി, വയനാട്