മൃഗീയം

വളരെ പണ്ട് , മനുഷ്യൻ ആവാസവ്യവസ്ഥയുടെ മുഖ്യഘടകമല്ലായിരുന്ന കാലം. ശിലായുഗം! മനുഷ്യനും മൃഗങ്ങളും വേട്ടയാടിയും വേട്ടയാടപെട്ടും ഭൂമി പങ്കിട്ടു . കരുത്തുള്ളവൻ അജയ്യനാവുന്ന കാലം. അവിടെയാണ് അവൾ, ആ കാട്ടിനുള്ളിൽ .  സുന്ദരി,  അവളെ  മോഹിക്കാത്തവരായി ആരും തന്നെയില്ല. എന്നാൽ അവളോ അവനെ മാത്രം മോഹിച്ചു , അവനെ മാത്രം പ്രണയിച്ചു. അവൻ , ആകാരഭംഗിയിലും കരുത്തിലും മുൻപൻ. എല്ലാവർക്കും ഇടയിൽ അവൻ മാത്രം തലയെടുപ്പോടെ  നിന്നു , അവന്റെ കിരീടം സ്വർന്നശോഭയാൽ പ്രതിജ്വലിച്ചു , എല്ലാവരും അവനെ നേതാവായി കണ്ടു. അവൻ അവരെ നയിച്ചു .അവന്റെ വാക്കുകൾ നിയമങ്ങളായി  പാലിക്കപ്പെട്ടു. അവൾ,  അവനെ പ്രണയിച്ചു . അവൾ അവനോടു കൂടെ ജീവിക്കാൻ ആഗ്രഹിച്ചു .  ഒരുപാടു ഇണകളിൽ നിന്ന് അവൾ അവനെ തിരഞ്ഞെടുത്തു. അവൾ തന്റെ പ്രണയം അവനെ അറിയിക്കുന്നു. ഇത്രയും സുന്ദരിയായ ഒരുവൾ തന്നെ പ്രണയിക്കുന്നതറിഞ്ഞു അവൻ ഉന്മാദം പൂണ്ടു. അവൻ അവൾക്കായി ഏറ്റവും കരുത്തുള്ള മരത്തിന്റെ ഏറ്റവും ഉയരമുള്ള ചില്ലയിൽ കൂടൊരുക്കി . അവർ അവിടെ വസിച്ചുതുടങ്ങി. ഭൂമി അവർക്ക് സ്വർഗമായി , പിരിഞ്ഞിരിക്കനാവാത്ത വിധം അവർ സ്നേഹിച്ചു.
അങ്ങനെയിരിക്കെ അവൾ  ആ സന്തോഷം അവനുമായി പങ്കിട്ടു. അവൻ ആഹ്ലാദിച്ചു. അവൻ കൂട്ടത്തിലുള്ള എല്ലാവർക്കും വിരുന്നൊരുക്കി, അവന്റെ സന്തോഷം ആഘോഷിച്ചു.
അവൻ പുതിയ തലമുറക്കായി അവരുടെ വീട് സജ്ജീകരിച്ചു ,അലങ്കരിച്ചു .അവൾക്കു ഏറ്റവും പ്രിയപെട്ട പഴങ്ങൾ അവൻ കാഴ്ച വെച്ചു. അവളെ വേട്ടക്കാരിൽ നിന്ന് രക്ഷിക്കാൻ അവൻ ആ കൂടിന്റെ വാതിൽ മണ്ണ് കൊണ്ട് അടച്ചു കളഞ്ഞു. ഭക്ഷണവും വായുവും മാത്രം കിട്ടാവുന്ന ഒരു കുഞ്ഞു ദ്വാരത്തിനപ്പുറത്തേക്ക് അവളുടെ ദിനരാത്രങ്ങൾ ഒരുപോലെ ഇരുട്ടിലായി . അവൾ സന്തോഷിച്ചു, അവന്റെ സ്നേഹം തിരിച്ചറിഞ്ഞു. അവർ കാത്തിരുന്നു . ആ ദിവസം വന്നെത്തി .അവൻ  മനോഹരമായി പാടി അവന്റെ സന്തോഷം എല്ലാവരെയും അറിയിച്ചു. പിന്നീട് അവൻ ഭയന്നു , ജീവിതത്തിലാദ്യമായി , അവൾക്കോ കുഞ്ഞുങ്ങൾക്കോ എന്തെങ്കിലും സംഭവിച്ചാലോ? അവന്  ചിന്തിക്കാൻ കൂടി കഴിയുമായിരുന്നില്ല. അവൻ അവളെ പുറത്തേക്ക് വിട്ടില്ല. പഴങ്ങളും വെട്ടചെയ്ത മൃഗങ്ങളെയും അവൻ അവൾക്കു കൊണ്ടുവന്നു കൊടുത്തു .
പക്ഷെ , അവനെ കാത്തിരുന്ന അവളുടെ കണ്ണുകൾ കഴച്ചു . അവൻ വന്നില്ല . കൂട്ടിൽ കുഞ്ഞുങ്ങളുടെ കരച്ചിൽ ഉച്ചത്തിലായി. അവര്ക്ക് വിശക്കുന്നുണ്ടാവും .അവൾ അവനെ കാത്തിരുന്നു .  ദിവസങ്ങളോളം അവൻ വന്നില്ല. പുറത്ത് കാൽപെരുമാറ്റം കേട്ടപോൾ അവൾ സന്തോഷിച്ചു. പക്ഷെ അവന്റെ ദുരന്തം അറിയിക്കാൻ വന്ന കൂട്ടുകാരനായിരിക്കും എന്ന് അവൾ കരുതിയില്ല. അവൾ കരഞ്ഞില്ല. അവൾ അവനു വേണ്ടി കാത്തിരുന്നു .ഒടുവിൽ ആ കൂട്ടിൽ , ആ കുഞ്ഞുങ്ങളോടൊപ്പം അവളും അവസാനിച്ചു.
ഇതെന്നോട് പറയുമ്പോൾ ആ വേഴാമ്പൽ കിതച്ചിരുന്നു . ഇതവന്റെ മുതുമുത്തച്ഛന്റെയും മുതുമുത്തച്ഛന്റെയും മുതുമുത്തച്ഛന്റെ കഥയാണ്‌ . ഒരു മനുഷ്യന്റെ അമ്പിന് ഇരയായ വേഴാമ്പലിന്റെ കഥപറയുമ്പോൾ അവൻ എന്നെ നോക്കി പുച്ച്ഛിച്ചു. "നിങ്ങൾ മനുഷ്യർക്ക്‌ ആർത്തിയാണ് , എല്ലാറ്റിനോടും. അല്ലെങ്കിൽ പിന്നെ വെറും അലങ്കാരത്തിനും മരുന്നിനും വേണ്ടി ഞങ്ങളെ കൊന്നോടുക്കാമോ?"നിങ്ങൾ ഞങ്ങൾക്ക് "  ഗ്രേറ്റ്‌  ഹോണ്‍ബിൽ " എന്ന് പേരിട്ടു വിളിക്കുന്നു, ഗാന്ധിജിയെ "മഹാത്മാ " എന്ന് വിളിക്കുന്നതുപോലെ. അദ്ദേഹത്തിന്റെ ചിത്രങ്ങൾ പ്രതിഷ്ടിച്ചു , അതിനുമുന്നിൽ നടത്തപെടുന്ന നീതിനിഷേധവും നിയമരാഹിത്യവും ആലോചിക്കുമ്പോൾ ഇതെത്ര നിസ്സാരം അല്ലെ ?.  മനുഷ്യരിൽ നിന്ന് മനുഷ്യത്വവും മൃഗങ്ങളിൽ നിന്ന് മൃഗീയവുമുണ്ടായി , ശരിക്കും നിങ്ങളിൽ നിന്നല്ലേ മൃഗീയം ഉണ്ടാകേണ്ടിയിരുന്നത് . ഞാനറിയുന്ന ഒരു മൃഗവും ഒരു മനുഷ്യനെയും വെറുതെ വേട്ടയാടിയതായി അറിവില്ല,  എന്നാൽ നിങ്ങളോ? ഞങ്ങളെയൊക്കെ അടക്കി ഭരിക്കുന്ന നിങ്ങളെ , ഞങ്ങൾ തിരിചെതിർത്താൽ എന്താകും എന്ന് ചിന്തിച്ചിട്ടുണ്ടോ ?" വേഴാമ്പലിന്റെ വാക്കുകൾ കൂരമ്പുകളെ പോലെ കുത്തി നോവിചെങ്കിലും ഞാൻ ഒന്നും പറയാനാവാതെ തലകുനിച്ചു നിന്ന് , കുറ്റബോധത്തോടെ !!

Comments

Popular posts from this blog

മോഹമഞ്ഞ

ഗില്ലറ്റിൻ

തിരുനെല്ലി, വയനാട്