അഭ്യുദയകാംഷികൾ!!


ധനുമാസത്തിന്ടെ തണുപ്പും കുളിരും ആസ്വദിച്ച് അവനോടുകൂടി ഒന്നുകൂടി പറ്റിച്ചേർന്നു കാലുകൾ പുതപ്പിന്നുള്ളിലേക്ക് ചുരുട്ടി വെച്ച് ഒന്ന് കൂടി ഉറങ്ങാൻ കിടന്നപ്പോഴാണ്‌ , നീട്ടിയുള്ള കോളിംഗ് ബെൽ എന്നെ  അലോസരപ്പെടുത്തിയത്.
ഞാൻ അവനെ തോണ്ടി  "ആരോ വന്നിട്ട്ണ്ട്, ആരാണാവോ ഇത്ര പുലര്ച്ചക്ക്"?
"പുലർച്ച്യാ?? മണി 8 എങ്കിലും ആയിടുണ്ടാവും" നീ പോയി നോക്ക്" അവൻ ഒരു ചോദ്യചിഹ്നം പോലെ തിരിഞ്ഞ് കിടന്നു .
"നാശം,ഒന്നുറങ്ങാനും സമ്മതിക്കില്യാ, ആകെ ഒരു ശനിയാഴ്ചയാ ഉറങ്ങാൻ കിട്ടാ,   അതിപ്പോ ഗോവിന്ദ്യായി, ഇനീപ്പോ വല്ലവരും മരിച്ചോ "? ഞാൻ വാതിൽ തുറക്കാൻ നടക്കുന്നതിന്നിടയിൽ പിന്നെയും കോളിംഗ് ബെൽ കേട്ടു.
മുകേഷ് സിദ്ദിക്കിനോട് പറയണപോലെ "ഞെക്കിപിടി,  ഞെക്കി പിടി”ആണെന്ന് തോന്നുന്നു.
ഞാൻ ഒരുവിധത്തിൽ താക്കോൽ തപ്പിയെടുത്ത് വാതിൽ തുറന്നപ്പോൾകുറച്ച് ബന്ധുക്കളാണ്.
അപ്പൊ സത്യമായും ഞാൻ വിചാരിച്ചു  'ആരോ പടമായിട്ടുണ്ട്'.
"കയറിയിരിക്കൂ ,എന്തേ നേരത്ത്"?
" നേരത്താ പെണ്ണുങ്ങൾ എണീറ്റ് വരണേ?  ഞങ്ങളുടെയൊക്കെ കുടുംബത്ത് നേരം വെളിച്ചാവുംബഴേക്കും എല്ലാം പണിയും കഴിഞ്ഞിണ്ടാവും"
ഞാൻ ഒരു ഇളിഞ്ഞ ചിരി പാസാക്കി.
അപ്പോഴേക്കും പല്ലും തേച്ചു മുഖത്ത് പൗഡറൊക്കെയിട്ട് സുന്ദരനായി വന്ന അവനെ കണ്ടു ഞാൻ ഞെട്ടി. അവൻ അത് മനസ്സിലാക്കിയിട്ടെന്നോണം ഒന്ന് ആക്കി ചിരിച്ച് അവിടെയുള്ള സോഫയിൽ ഇരുന്നു.
"ഞങ്ങൾ വന്നതേ ഒരു കാര്യം അറിയാനാ" - മുഖവുര കൂടാതെ ഒരു മാമൻ തുടങ്ങി.
ഛെ , അപ്പൊ മരിച്ചറിയിപ്പല്ലേ !!
എന്ത് കാര്യം എന്നാ മട്ടിൽ ഞാൻ നോക്കി നിന്നപ്പോൾ , വേറൊരു ചാച്ചൻ ചോദിച്ചു  - "നിങ്ങൾ നമ്മിൽ എന്താ പ്രശ്നം? ഞങ്ങൾ ഇങ്ങോട്ട് വരണോന്ന് ആദ്യം ഒന്ന് സംശയിച്ചു , പിന്നെ ഇങ്ങട്ട് പോന്നു".
എനിക്ക് കാര്യം ഒന്നും പിടികിട്ടിയില്ല , ഞാൻ അവനെ നോക്കി. അവനു മനസ്സിലായിന്ന് തോന്നുന്നു. അവൻ ഭയങ്കര നിഷ്കളങ്കൻ എന്ന മട്ടിൽ വല്ലാതെ അഭിനയിച്ചു തകർക്കുന്നു.
"എന്ത് പ്രശ്നം"?
അല്ലനിന്ടെ  കഥയും കവിതയും ഞങ്ങളും വായിച്ചതാണല്ലൊ,അപ്പൊ ഞങ്ങൾക്കും തോന്നി നിങ്ങൾ തമ്മിൽ എന്തോ പ്രശ്നമുണ്ടെന്നു".
ഞാൻ അവനെ നോക്കിയപ്പോ അവൻ വാ അടക്കാൻ ആംഗ്യം കാട്ടി. അപ്പോഴാണ്ഞാൻ ഇതെല്ലാം കേട്ട് വാ പിളർന്നു നില്ക്കുകയായിരുന്നു എന്ന് മനസ്സിലായത്.
പിന്നീട് വന്നവർക്ക് കാര്യം പറഞ്ഞു മനസ്സിലാക്കാൻ ഞാൻ പെട്ട പാട്. ഇതെല്ലാം നന്നായി ആസ്വദിച്ച് അവൻ അവിടെയിരുന്നു.
അവർ അവിടെ നിന്ന് പോയി കഴിഞ്ഞപ്പോൾ എനിക്കൊരു സംശയം - ഞാൻ ഒരു കുഞ്ഞിനെ പറ്റി ഒരു കഥയോ കവിതയോ എഴുതിയാൽ ഒരു പത്തു പന്ത്രണ്ട് മാസം കഴിയുമ്പോൾ ഇവർ  ചോദിക്കൊ - " എപ്പഴാ മാമ്മൊദീസ്സാന്നു"!!!!

എന്നാലും എന്റെ അഭ്യുദയകാംഷികളെ , നിങ്ങളെ കൊണ്ട് ഞാൻ തോറ്റു!!!



Comments

Popular posts from this blog

മോഹമഞ്ഞ

ഗില്ലറ്റിൻ

തിരുനെല്ലി, വയനാട്