അംഗനാചരിത്രം!!
അംഗനാചരിത്രം!! കാർകുഴലഴകിയുടെ വാർമ്മുടി കാറ്റിലുലഞ്ഞു കാർമ്മുകിൽ നാണിച്ചു പെയ്തുപോയി. കരിനീലകണ്ണഴകിയവൾ ലജ്ജിച്ചു കണ്ണുകൾ കൂമ്പിയടച്ചു ആവേശത്തിരയിളക്കത്തിൽ ചുവന്ന സൂര്യൻ കടലിൽ താഴ്ന്ന് പോയി. പുരികകൊടികൾ കണ്ട് മഴവില്ലുകൾ ആകാശനീലിമയിൽ മറഞ്ഞു നിന്നു; വജ്രദന്തനിരയ്ക്കുള്ളിലേയ്ക്ക് ഒതുക്കിയമർത്തിയ അധരങ്ങളിൽ നിന്ന് കടമെടുത്ത ചെഞ്ചായം കൊണ്ട് പനിനീർപ്പൂക്കൾ ചുവന്ന് തുടുത്തു. അർദ്ധചന്ദ്രനെ പോലെ വിളങ്ങുന്ന നെറ്റിയിൽ തട്ടി നിലാവും കോരിത്തരിച്ചു നിമ്നനിമീലിതമിഴികൾ മെല്ലെയുയർത്തി യപ്പോൾ നക്ഷത്രങ്ങൾ മേഘകൂട്ടത്തിൽ ഒളിച്ച് നിന്നു; വ്രീളാവിവശയവൾതൻ കപോലങ്ങളിൽ തുടിച്ച് നിൽക്കും ശോണിതഭാവത്തിൽ ഗുൽമോഹർ പൂക്കളെല്ലാം കൊഴിച്ചിട്ടു. കോമളാംഗിയവൾതൻ ശംഖുപിരിയൻ കഴുത്തിൽനിന്നുമിറ്റുവീഴുന്ന സ്വേദരേണുക്കൾ ചെമ്പകപൂക്കളായി വിടർന്ന് വന്നു. വ്യാഘ്രത്തെപ്പോലെയവളുടെ കോപാഗ്നി പവിഴമായി തിളങ്ങിജ്വലിച്ചു കപോതത്തെപോലെയവൾതൻ ശാന്തത ഇന്ദ്രനീലമ്പോലെ മിന്നിവിളങ്ങി നർത്തകിയവളുടെ നവരസങ്ങളും നവരത്നങ്ങളായി;ശോഭിതങ്ങളായി. താമരനൂലിടയിറങ്ങാത്തൊരു ശിൽപചാതുര്യമാർന്ന മാറിടം കണ്ട് പർവ്വതശ...