തിരുനെല്ലി, വയനാട്
“തിരുനെല്ലി കാടു പൂത്തു തിന തിന്നാൻ കിളിയിറങ്ങി കിളിയാട്ടും പെണ്ണെ തിരുകാവിൽ പോകാം കിളിയാട്ടും പെണ്ണേ കണ്ണെ തിരുകാവിൽ പോകാം കരിവളയും ചാന്തും വാങ്ങി തിരികെ ഞാൻ കുടിയിൽ ആക്കാം” ഈ പാട്ട് 'ദിനരാത്രങ്ങൾ'എന്ന ചിത്രത്തിലേതാണെന്ന് നിങ്ങൾക്കെല്ലാം അറിയാം പക്ഷെ എനിക്കറിയില്ലായിരുന്നു. പാട്ട് പരിചിതമാണെങ്കിലും ചിത്രം ഏതെന്ന് ഓർമ്മയുണ്ടായില്ല. "ഈ പാട്ടിൽ പരാമർശിക്കുന്ന സ്ഥലത്തേക്കാണോ ഇനി നമ്മൾ പോകുന്നത്" എന്ന ചോദ്യം കാന്തനോട് ചോദിച്ച് കൊണ്ടാണ് യാത്ര തുടങ്ങുന്നത്. താമരശ്ശേരി ചുരം കയറി വയനാടൻ പ്രകൃതിയെ പ്രണയിക്കാൻ വന്നതായിരുന്നു ഞങ്ങൾ. വയലില്ലാത്ത നാടിന് എങ്ങനെ വയനാട് എന്ന പേര് വന്നുവെന്ന് ചിന്തിച്ച് ഞങ്ങളുടെ തലപുകഞ്ഞു വണ്ടിക്കുള്ളിലെല്ലാം പുക നിറഞ്ഞപ്പോൾ സാരഥിയായ സതീഷ് വണ്ടി നിറുത്തി വയലുകൾ കാണിച്ചു തന്നു, ഇനി പരാതി പറയരുതെന്ന് ഒരു താക്കിതും തന്നു. ഞങ്ങൾ നിരുപാധികം ലേലു അല്ലു പറഞ്ഞു. അങ്ങനെ തിരുനെല്ലി ക്ഷേത്രദർശ്ശനത്തിനു വണ്ടിയൊടൊപ്പം ഞങ്ങളും കയറ്റം കേറി തുടങ്ങി. തിരുനെല്ലി ക്ഷേത്രം. കാടുകളാൽ ചുറ്റപ്പെട്ട് കിടക്കുന്ന ബ്രഹ്മഗിരി കുന്നിന്റെ മുകളിലാണ് ഈ ക്ഷേത്...